ADVERTISEMENT

തിരുവനന്തപുരം∙  ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയെ എംപി സ്ഥനത്തുനിന്ന് അയോഗ്യനാക്കിയ കേന്ദ്രനീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം കേവലം ഒരു വാക്ക് മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നതായി സിപിഎം നേതാവും മുൻ എംഎൽഎയുമായ എം.സ്വരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു. 

‘രാഹുൽ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നൽകിയതും കോടതി വിധി മുൻനിർത്തി ലോക്സഭാംഗത്വത്തിന് അയോഗ്യത കൽപിച്ചതും. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച ചെയ്യുക എന്നത് ഫാഷിസ്റ്റ് രീതിയാണ്. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തിൽ ആക്രമിക്കുന്നത്. സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങൾക്ക് ഇവിടെ എന്ത് രക്ഷ? ഭരണഘടനാ മൂല്യങ്ങൾക്ക് ഇവർ എന്ത് വിലയാണ് നൽകുന്നത്? – പിണറായി ചോദിച്ചു.

‘‘ബിജെപി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് നടത്തുന്ന രാഷ്‌ട്രീയ ഇടപെടലുകളിലും മനീഷ് സിസോദിയ, രാഹുൽ ​ഗാന്ധി എന്നിവർക്കെതിരായ കേസുകളിലും  പ്രതികരിച്ച പ്രതിപക്ഷ എംപിമാരെ ഡൽഹിയിൽ അറസ്റ്റ് ചെയ്തതും ഇതിന്റെ മറ്റൊരു ഭാഗമാണ്. കേന്ദ്ര സർക്കാരിനെതിരെ പോസ്‌റ്റർ പതിച്ചതിന്റെ പേരിൽ ഡൽഹിയിൽ കൂട്ടത്തോടെ കേസെടുക്കുകയും അറസ്റ്റ് നടത്തുകയും ചെയ്തു. ഇതൊന്നും ജനാധിപത്യ സമൂഹത്തിനും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾക്കും നിരക്കുന്ന നടപടികളല്ല’ – പിണറായി ചൂണ്ടിക്കാട്ടി. 

വിമർശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുത നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുകയാണ്. രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായ നടപടിയെ ഈ തിരിച്ചറിവിന്റെ വെളിച്ചത്തിൽ നോക്കിക്കാണാനും ശക്തമായി പ്രതികരിക്കാനും ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനാധിപത്യം കേവലം ഒരു വാക്ക് മാത്രം: എം.സ്വരാജ്

ജനാധിപത്യം കേവലം ഒരു വാക്ക് മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നുവെന്ന് എം.സ്വരാജ് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രിയെയും അഴിമതിയെയും വിമർശിക്കുക എന്ന ലക്ഷ്യമാണ് ആ പ്രസംഗത്തിനുള്ളതെന്നും പകലു പോലെ വ്യക്തമാണ്.

വിയോജിപ്പുകൾക്കും വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലങ്ങു വീഴുമ്പോൾ കേൾക്കുന്ന ശബ്ദം ഫാഷിസത്തിന്റെ കാലൊച്ച തന്നെയാണ്. കൊന്നു കൊണ്ടിരിക്കുന്നത് ഇന്ത്യയെത്തന്നെയാണ്. രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ആഴം കേരളത്തിലെ കോൺഗ്രസുകാർക്ക്  മനസിലായാലും ഇല്ലെങ്കിലും എല്ലാ ജനാധിപത്യവാദികളും പ്രതിഷേധമുയർത്തേണ്ട സന്ദർഭമാണിത്.

പ്രതിപക്ഷ എംപിമാരെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാർഹം: എളമരം കരീം

കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ പ്രതിപക്ഷ എംപിമാരെ അറസ്റ്റ് ചെയ്ത നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി പറഞ്ഞു.

അദാനി ഓഹരി തട്ടിപ്പ് വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ വിസമ്മതിക്കുന്നതിലും മോദി സർക്കാരിനെ വിമർശിക്കുന്നവരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിലും  പ്രതിഷേധിച്ചു സമാധാനപരമായി പ്രകടനം നടത്തിയതിന്റെ പേരിലാണ് സിപിഎം എംപിമാരായ ഡോ. വി.ശിവദാസൻ, എ.എ.റഹിം, എ.എം. ആരിഫ് ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

പാർലമെന്റിൽ ബിജെപി സർക്കാർ സ്വീകരിക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനം, ചർച്ചകൾക്ക്‌പോലും അനുമതി നൽകാതെ ഭരണകക്ഷി തന്നെ സഭ തടസപ്പെടുത്തുന്ന നടപടി, ബിജെപി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രം നടത്തുന്ന രാഷ്‌ട്രീയ ഇടപെടലുകൾ, മനീഷ് സിസോദിയ, രാഹുൽ ഗാന്ധി എന്നിവർക്കെതിരായ കേസ്, മോദി സർക്കാരിനെതിരെ പോസ്‌റ്റർ പതിച്ചതിന്റെ പേരിൽ  ഡൽഹി പൊലീസ് നടത്തിയ അറസ്‌റ്റുകൾ എന്നിവയുൾപ്പെടെ ബിജെപി നടത്തുന്ന ജനവിരുദ്ധ നീക്കങ്ങളിൽ രാജ്യത്തെ ജനങ്ങൾക്കുള്ള ശക്തമായ പ്രതിഷേധമാണ് എംപിമാരുടെ മാർച്ചിൽ പ്രതിഫലിച്ചത്.

ജനപ്രതിനിധികളെപ്പോലും നിശബ്ദരാക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ നിലപാട് രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിന് ഒട്ടും ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. 

English Summary: Pinarayi Vijayan support Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com