കോഴിക്കോട്∙ കൂരാച്ചുണ്ടു സ്വദേശിയായ മലയാളി സുഹൃത്തിൽനിന്നു മാനസിക, ശാരീരിക ഉപദ്രവം ഉണ്ടായതായി മൊഴി നൽകി, ഇയാളുടെ കൂരാച്ചുണ്ടിലെ വീട്ടിൽവച്ച് ആത്മഹത്യാ ശ്രമം നടത്തിയ റഷ്യൻ യുവതി. വീടിന്റെ ഒന്നാം നിലയിൽനിന്ന് താഴേക്കു ചാടിയതിനെ തുടർന്ന് പരുക്കേറ്റ റഷ്യൻ യുവതി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബലമായി ലഹരി നൽകി ഇയാൾ പീഡിപ്പിച്ചതായി യുവതി പൊലീസിന് മൊഴി നൽകി. സംഭവത്തിൽ കൂരാച്ചുണ്ട് സ്വദേശി പൊലീസ് കസ്റ്റഡിയിലാണ്. യുവാവിന്റെ വീട്ടിൽ പ്രശ്നം ഉണ്ടായതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.
കൂരാച്ചുണ്ടിലെ വീട്ടിൽവച്ച് നടത്തിയത് ആത്മഹത്യാശ്രമം തന്നെയാണെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ‘ഇൻസ്റ്റഗ്രാം വഴിയാണ് ഇയാളെ പരിചയപ്പെട്ടത്. തുടർന്ന് ആദ്യം ഖത്തറിൽ എത്തി. അതിനുശേഷം നേപ്പാളിലും പിന്നീട് ഇന്ത്യയിലും എത്തുകയായിരുന്നു’’– പൊലീസിനു നൽകിയ മൊഴിയിൽ യുവതി പറഞ്ഞു. റഷ്യൻ ഭാഷ മാത്രം സംസാരിക്കുന്നതിനാൽ, ദ്വിഭാഷിയുടെ സഹായത്തോടെയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.
റഷ്യൻ യുവതി പരുക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് വനിതാ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടുകയും ചെയ്തു. സംഭവത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് റഷ്യൻ ഭാഷ അറിയുന്ന ആളുകളുടെ സഹായം ഉടൻ തേടാനും കമ്മിഷൻ നിർദേശം നൽകിയിരുന്നു.
English Summary: Russian woman who attempted suicide was raped, a statement given to Police