ADVERTISEMENT

കൊളറാഡോ ∙ ‘‘ഞാൻ ഭൂമിയിൽനിന്നു വിട പറയുകയാണ്. ഞാൻ കാരണം നിരാശരായവരോടു മാപ്പ് ചോദിക്കുന്നു. നല്ലൊരു വ്യക്തിയാകാനോ കൂടുതൽ ശക്തയാകാനോ കഴിയാത്തതിൽ എനിക്കു ഖേദമുണ്ട്. ഞാൻ ഈ ലോകം വിടുന്നത് നിങ്ങള്‍ കാരണമല്ല, എന്നെ മികച്ച വ്യക്തിയാക്കാനുള്ള എന്റെ കഴിവില്ലായ്മയുടെ ഫലമാണെന്നു മനസ്സിലാക്കുക’’– ജീവനൊടുക്കുന്നതിനു മുൻപ് കെലെയ്ഗ് സ്കോട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഈ കുറിപ്പിൽ, ഒരു കണ്ണീർ‌പ്പാടു പോലെ തെളിഞ്ഞുകിടക്കുന്നുണ്ട് ആ ട്രാൻസ് യുവതി നടന്നുതീർത്ത സങ്കടവഴികളുടെയും വിഷാദദൂരങ്ങളുടെയും അടയാളം. അവളെ വിജയിയായി മാത്രം കണ്ട ലോകം വിങ്ങലോടെയാണ് ആ കുറിപ്പു വായിച്ചത്.

യുണൈറ്റഡ് എയർലൈൻസിന്റെ പരസ്യത്തിലൂടെ ലോകപ്രശംസ പിടിച്ചുപറ്റിയ ട്രാൻസ് എയർഹോസ്റ്റസ് കെലെയ്ഗ് സ്കോട്ട് ജീവനൊടുക്കിയെന്ന വാർത്ത ലോകത്തെ അറിയിച്ചത് അമ്മ ആൻഡ്രിയ സിൽവെസ്ട്രോയാണ്. തിങ്കളാഴ്ചയാണ് കൊളറാഡോയിലെ വീട്ടിൽ 25 കാരിയായ സ്കോട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

scott-3
കെലെയ്ഗ് സ്കോട്ട് (Photo: Instagram/hayitskay97)

സ്കോട്ട് അവസാനമായി പങ്കുവച്ച വികാരഭരിതമായ കുറിപ്പിൽ, അവൾക്കു പ്രിയപ്പെട്ടവരുടെയെല്ലാം പേര് എടുത്തുപറയുന്നുണ്ട്. അവരോട്, തനിക്കൊപ്പമുള്ള ഓർമകൾ എന്നും ഓർക്കാനും അടുത്ത ജന്മത്തിൽ കണ്ടുമുട്ടാമെന്നും അവൾ പറയുന്നു.

‘‘നീ എന്റെ മകളായതിൽ ഞാൻ അഭിമാനിക്കുന്നു. നീ ജീവിതത്തിൽ ചെയ്ത കാര്യങ്ങൾ അദ്ഭുതകരവും അഭിമാനകരവുമാണ്. എത്ര മനോഹരമാ‌ണ് നിന്റെ ചിരി. മറ്റുള്ളവരേക്കാൾ എത്രയോ വലുതായിരുന്നു നിന്റെ മനസ്സ്.’’– മകളുടെ മരണ വാർത്ത അറിയിച്ച്, ചിത്രങ്ങൾക്കൊപ്പം പങ്കുവച്ച കുറിപ്പിൽ അമ്മ ആൻഡ്രിയ എഴുതി.

2020 ലെ ട്രാൻസ് ദിനത്തിലാണ്, തങ്ങളുടെ ജീവനക്കാരി കൂടിയായ കെലെയ്ഗ് സ്കോട്ടിന്റെ ജീവിതകഥ യുണൈറ്റഡ് എയർലൈൻസ് പുറത്തുവിട്ടത്. എയർഹോസ്റ്റസായി ട്രാൻസ് യുവതിയെ നിയോഗിച്ചതിൽ എയർലൈൻസിനെ നിരവധിപ്പേർ അഭിനന്ദിക്കുകയും ചെയ്തിരുന്നു. വിഷാദരോഗത്തിന് അടിമപ്പെട്ടതായി സ്കോട്ട് മുൻ പോസ്റ്റുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. 2023 തനിക്ക് മികച്ചതാകുമെന്നും അവർ പ്രതീക്ഷിച്ചിരുന്നു.

സ്കോട്ടിന്റെ വിയോഗത്തിൽ യുണൈറ്റഡ് എയർലൈൻസ് അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

scott-2
കെലെയ്ഗ് സ്കോട്ട് (Photo: Instagram/hayitskay97)
scott
കെലെയ്ഗ് സ്കോട്ട് മുൻപ് (വലത്)

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

English Summary: Trans Flight Attendant Famed For United Airlines Ad Found Dead After Emotional Social Media Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com