ADVERTISEMENT

ന്യൂഡൽഹി∙ ജനപ്രതിനിധികളെ ക്രിമിനൽ കേസിൽ രണ്ടു വർഷത്തേക്ക് ശിക്ഷിച്ചാൽ ഉടൻ അയോഗ്യരാക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. ജനപ്രാതിനിധ്യ നിയമത്തിലെ 8(3) ലെ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ആഭ മുരളീധരൻ ആണ് ഹർജി നൽകിയത്. മാനനഷ്ടക്കേസിൽ ശിക്ഷിച്ചാൽ ഉടൻ അയോഗ്യരാക്കുന്നത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. 

ക്രിമിനല്‍ കേസുകളില്‍ രണ്ടോ അതിലധികം വര്‍ഷമോ തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികള്‍ ഉടന്‍ അയോഗ്യരാകുമെന്ന് 2013ലെ ലില്ലി തോമസ് കേസിൽ സുപ്രീം കോടതി വിധിച്ചിരുന്നു. ഈ വിധിയുടെ പുനഃപരിശോധനയാണ് ആഭാ മുരളീധരന്‍ ലക്ഷ്യമിടുന്നത്.

‘മോദി’ പരാമർശത്തിലെ ക്രിമിനൽ മാനനഷ്ടക്കേസിൽ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടുവർഷം തടവുശിക്ഷ വിധിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം ലോക്സഭാ സെക്രട്ടേറിയറ്റ് റദ്ദാക്കിയ കാര്യവും ആഭാ മുരളീധരന്‍ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

അയോഗ്യത സംബന്ധിച്ച ഉത്തരവിറക്കുന്നതിനു മുൻപ് ശിക്ഷ ലഭിച്ച കേസിന്റെ സ്വഭാവം കണക്കിലെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് രാഷ്ട്രീയ എതിരാളികൾക്കെതിരെ സർക്കാർ വ്യാപകമായി ഉപയോഗിക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. 

English Summary: Plea in Supreme Court challenges Section 8(3) of Representation of People Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com