ADVERTISEMENT

ന്യൂഡൽഹി ∙ അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണുകളിൽ ഭയം കണ്ടതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദാനി–മോദി ബന്ധം പാർലമെന്റിൽ ഉന്നയിച്ചതിന്റെ പേരിലാണ് തന്നെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ആക്രമിച്ചും അയോഗ്യനാക്കിയും നിശബ്ദനാക്കാമെന്ന് കരുതിയാൽ സർക്കാരിനു തെറ്റിപ്പോയെന്നും രാഹുൽ തുറന്നടിച്ചു. മാപ്പ് ചോദിക്കാൻ താൻ സവർക്കറല്ലെന്നും ഗാന്ധിയാണെന്നും രാഹുൽ വ്യക്തമാക്കി. 

‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് വയനാട് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനു ശേഷം ഇതാദ്യമായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്. വയനാട്ടിലെ ജനങ്ങളെ സത്യം ബോധപ്പെടുത്തുന്നതിനായി കത്തെഴുതുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.

‘അദാനിയെക്കുറിച്ച് ഒറ്റ ചോദ്യം മാത്രമാണ് ഞാൻ ഉന്നയിച്ചത്. അദാനി ഷെൽ കമ്പനിയിൽ നിക്ഷേപിച്ച 20,000 കോടി രൂപ ആരുടേതാണ്? മോദിയും അദാനിയും തമ്മിലുള്ള ബന്ധമെന്താണ്? തെളിവു സഹിതമാണ് ഈ ചോദ്യം പാർലമെന്റിൽ ഉന്നയിച്ചത്. അദാനിയും മോദിയും തമ്മിലുള്ള ബന്ധം ആഴമുള്ളതും പഴയതുമാണ്. ഈ ബന്ധം സഭയിൽ ഉന്നയിച്ചതിനാണ് അയോഗ്യനാക്കിയത്. അയോഗ്യനാക്കിയും ഭീഷണിപ്പെടുത്തിയും എന്നെ നിശബ്ദനാക്കാമെന്നു കരുതേണ്ട. മോദി – അദാനി ബന്ധം ഒരിക്കൽ പുറത്തുവരിക തന്നെ ചെയ്യും. അതിനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം.’ – രാഹുൽ വ്യക്തമാക്കി.

‘അദാനി–മോദി ബന്ധം തെളിയിക്കാൻ ഇരുവരും ഒന്നിച്ചുള്ള ചിത്രം തെളിവായി കാണിച്ചു. എന്നാൽ പ്രസംഗം സഭാരേഖകളിൽനിന്ന് നീക്കുകയാണ് ചെയ്തത്. ഇതിനെതിരെ സ്പീക്കർക്ക് പലതവണ കത്തു നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഞാൻ വിദേശരാജ്യങ്ങളുടെ ഇടപെടൽ ആവശ്യപ്പെട്ടുവെന്ന് മന്ത്രിമാർ പാർലമെന്റിൽ കള്ളം പറഞ്ഞു. ഞാൻ അങ്ങനെ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. ഇന്ത്യയിൽ ജനാധിപത്യത്തിനു നേരെ ആക്രമണം നടക്കുന്നു എന്നത് വാസ്തവമല്ലേ. അതിന്റെ തെളിവുകൾ ദൈനംദിനം നമുക്കു ലഭിക്കുന്നുമുണ്ട്’ – രാഹുൽ ചൂണ്ടിക്കാട്ടി.

‘ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽനിന്ന് ഞാൻ പിൻമാറില്ല. അയോഗ്യനാക്കിയും ജയിലിലടച്ചും എന്നെ നിശബ്ദനാക്കാമെന്ന് കരുതിയാൽ അവർക്കു തെറ്റി. ഞാൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. ജനാധിപത്യത്തിനായി പോരാട്ടം തുടരുകയും ചെയ്യും. ഇക്കാര്യത്തിൽ ഒരടി പോലും പിന്നോട്ടില്ല’ – രാഹുൽ പറഞ്ഞു.

‘ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയാലും ഞാൻ എന്റെ ജോലി തുടരും. അദാനിയെക്കുറിച്ച് ഞാൻ അടുത്തത് എന്തായിരിക്കും പറയാൻ പോകുന്നതെന്ന ഭയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആ ഭയം അദ്ദേഹത്തിന്റെ കണ്ണുകളിൽ ഞാൻ നേരിട്ടു കണ്ടതാണ്. അതുകൊണ്ടാണ് ആദ്യം ആക്രമിച്ചും പിന്നീട് അയോഗ്യനാക്കിയും ഭയപ്പെടുത്താനുള്ള ശ്രമം. സർക്കാരിന്റെ ഈ പ്രതികരണം കൊണ്ട് ഏറ്റവും ഗുണം ലഭിക്കാൻ പോകുന്നത് പ്രതിപക്ഷത്തിനാണ്’ – രാഹുൽ ഗാന്ധി പറഞ്ഞു.

നരേന്ദ്ര മോദി സർക്കാരിനെ സംബന്ധിച്ച് രാജ്യമെന്നാൽ അദാനിയാണ്, അദാനിയെന്നാൽ രാജ്യവും. ഈ രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം നിലനിർത്താനാണ് എന്റെ പോരാട്ടം. ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നത് അതിന്റെ ഭാഗമാണ്. ഈ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ശബ്ദത്തിനായി നിലകൊള്ളുന്നതും അതിന്റെ ഭാഗം തന്നെ. അദാനിയേപ്പോലുള്ള ആളുകൾക്ക് പ്രധാനമന്ത്രിയുമായുള്ള ബന്ധത്തെക്കുറിച്ച് അവരോടു പറയുന്നതും അതിൽപ്പെടും.’ – രാഹുൽ പറഞ്ഞു.

English Summary: Rahul Gandhi Press meet updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com