കൊച്ചി∙ മലയാളിയായ പുരുഷ സുഹൃത്തിന്റെ പീഡനം മൂലം റഷ്യൻ യുവതി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ ഇടപെട്ട് റഷ്യൻ കോൺസുലേറ്റ്. കോഴിക്കോട്ടുനിന്ന് യുവതിയെ തിരികെ റഷ്യയിൽ എത്തിക്കാൻ സഹായം നൽകുമെന്ന് കോൺസുലേറ്റ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മയുമായി കോൺസുലേറ്റ് അധികൃതർ സംസാരിച്ചു. കേസ് കോടതിയിലായതിനാൽ, കോടതി അനുവദിക്കുന്നതിന് അനുസരിച്ച് യുവതിയെ നാട്ടിലെത്തിക്കാനാണ് തീരുമാനം.
ഈ കേസുമായി ബന്ധപ്പെട്ട് കൂരാച്ചുണ്ട് കാളങ്ങാലി സ്വദേശി ഓലക്കുന്നത്ത് ആഖിലിനെ (28) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന് 300 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട റഷ്യൻ യുവതിയെ കൂടെ താമസിപ്പിച്ചു മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് ആഖിലിനെതിരായ പരാതി. ആഖിലിൽനിന്ന് ക്രൂരപീഡനം നേരിട്ടതായി യുവതി മൊഴി നൽകിയിട്ടുണ്ട്. കമ്പികൊണ്ട് മർദ്ദിച്ചതായും പാസ്പോർട്ട് കീറിക്കളഞ്ഞതായും യുവതി മൊഴി നൽകി. തന്റെ ഐഫോണും പ്രതി നശിപ്പിച്ചെന്ന് മൊഴിയിൽ പറയുന്നു. സംഭവത്തിൽ യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തും.
ആഖിലിന്റെ കാളങ്ങാലിയിലെ വീട്ടിൽ നിന്നു മർദനമേറ്റ നിലയിൽ യുവതിയെ കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റഷ്യൻ ഭാഷ മാത്രം സംസാരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിനു സാധിക്കാത്തതിനാൽ കേസെടുത്തിരുന്നില്ല. ഇന്നലെ ദ്വിഭാഷിയുടെ സഹായത്തോടെ മാെഴിയെടുത്തപ്പോഴാണു പീഡന വിവരം വെളിപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. പ്രതി ബലമായി ലഹരി നൽകി പീഡിപ്പിച്ചെന്നും നിരന്തരം മർദിച്ചെന്നും യുവതി പറഞ്ഞു.
ആറ് മാസം മുൻപ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം ഇരുവരും ഖത്തർ, നേപ്പാൾ എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു. ഒരു മാസം മുൻപാണ് ഇന്ത്യയിൽ എത്തിയത്.
English Summary: Russian Woman's Suicide Attempt In Kerala - Updates