ADVERTISEMENT

കഠ്മണ്ഡു∙ എയർ ഇന്ത്യയുടെയും നേപ്പാൾ എയർലൈൻസിന്റെയും വിമാനങ്ങൾ കൂട്ടിയിടിയിൽനിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. അപകട സാഹചര്യം മുൻകൂട്ടി കാണാത്തതിന് 3 എയർ ട്രാഫിക് കൺട്രോളർമാരെ (എടിസി) നേപ്പാൾ സസ്പെൻഡ് ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. 

എയർ ട്രാഫിക് കൺട്രോളർമാർക്ക് എതിരായ നടപടിയെപ്പറ്റി നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎഎൻ) പ്രസ്താവന ഇറക്കിയപ്പോഴാണു സംഭവത്തെപ്പറ്റി കൂടുതൽപേർ അറിഞ്ഞത്. ‘അശ്രദ്ധയോടെ’ ജോലി ചെയ്തതിനാണ് 3 എയർ ട്രാഫിക് കൺട്രോളർമാരെ സസ്പെൻഡ് ചെയ്തതെന്നു സിഎഎഎൻ വക്താവ് ജഗന്നാഥ് നിരൗള അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ മലേഷ്യയിലെ ക്വാലലംപുരിൽനിന്നു കഠ്മണ്ഡുവിലേക്കു വരികയായിരുന്ന നേപ്പാൾ എയർലൈൻസിന്റെ എയർബസ് എ–320 ആണ് ന്യൂഡൽഹിയിൽനിന്നു കഠ്മണ്ഡുവിലേക്കു വരികയായിരുന്ന എയർ ഇന്ത്യയുടെ വിമാനവുമായി കൂട്ടിയിടിയുടെ വക്കിലെത്തിയത്. ഒരേ ലൊക്കേഷനിൽ എയർ ഇന്ത്യയുടെ വിമാനം 19,000 അടി ഉയരത്തിലും നേപ്പാൾ എയർലൈനിന്റെ വിമാനം 15,000 അടി ഉയരത്തിലുമാണു സഞ്ചരിച്ചിരുന്നത്.

വിമാനങ്ങൾ അപകടകരമായി അടുത്തടുത്തു വരുന്നതു റഡാറിൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നേപ്പാൾ എയർലൈനിന്റെ വിമാനം അടിയന്തരമായി 7,000 അടിയിലേക്ക് താഴ്‍ത്തുകയായിരുന്നെന്നു സിഎഎഎൻ വക്താവ് ജഗന്നാഥ് നിരൗള വ്യക്തമാക്കി. ഈ സമയത്ത് കൺട്രോൾ റൂമിന്റെ ചുമതലയിലുണ്ടായിരുന്ന എയർ ട്രാഫിക് കൺട്രോളർമാർക്ക് എതിരെയാണു നടപടിയെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മൂന്നംഗ സമിതി രൂപീകരിച്ചു. വിഷയത്തിൽ എയർ ഇന്ത്യയുടെ പ്രതികരണം ലഭ്യമായിട്ടില്ല.

English Summary: Air India, Nepal Airlines Planes Almost Collided, 3 Controllers Suspended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com