ADVERTISEMENT

ബെംഗളൂരു∙ മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുസ്‌ലിം വിഭാഗത്തിനുള്ള 4% ഒബിസി സംവരണം എടുത്തുകളയാന്‍ കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് അമിത് ഷായുടെ പ്രസ്താവന. സംവരണം ഏർപ്പെടുത്തിയ കോൺഗ്രസിനെ ഷാ വിമർശിക്കുകയും ചെയ്തു.

‘‘ഭരണഘടന അനുസരിച്ചല്ല ന്യൂനപക്ഷ വിഭാഗങ്ങൾക്കു സംവരണം നടപ്പാക്കിയത്. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയിൽ വ്യവസ്ഥയില്ല. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമായാണു കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കു സംവരണം കൊണ്ടുവന്നത്. ആ സംവരണം ബിജെപി അവസാനിപ്പിച്ചു. വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങൾക്കു സംവരണം നൽകുകയും ചെയ്തു’’– നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കര്‍ണാടകയിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗരോട്ട ഷഹീദ് സ്മാരകവും സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 20 അടി ഉയരമുള്ള പ്രതിമയും ഉദ്ഘാടനം ചെയ്ത അമിത് ഷാ, 103 അടി ഉയരത്തിൽ ദേശീയ പതാക ഉയർത്തുകയും ചെയ്തു. ‘ഹൈദരാബാദിന്റെ മുക്തി’ക്കായും സ്വാതന്ത്ര്യത്തിനായും ജീവന്‍ ബലിയര്‍പ്പിച്ചവരുടെ സ്മരണ പുതുക്കാന്‍പോലും കോണ്‍ഗ്രസ് തയാറായിട്ടില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സര്‍ദാര്‍ പട്ടേല്‍ ഇല്ലായിരുന്നെങ്കില്‍ ഹൈദരാബാദിന് ഒരിക്കലും സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലാണു മുസ്‍ലിംകൾക്കുള്ള 4 ശതമാനം സംവരണം അവസാനിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചത്. പകരം വീരശൈവ- ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി. ഒബിസി മുസ്‌ലിംകളെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം സംവരണ വിഭാഗത്തിലേക്കു മാറ്റാനും തീരുമാനിച്ചിരുന്നു. കർണാടകയിലെ ബിജെപി സർക്കാരിന്റെ നടപടികളെ പിന്തുണച്ചാണ് അമിത് ഷാ പ്രസംഗിച്ചത്.

English Summary: 'No provision in Constitution to provide reservation on basis of religion': Amit Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com