കരിപ്പൂർ∙ സത്യം വിളിച്ചു പറയുന്നവർ അയോഗ്യരും കള്ളൻമാരെ സംരക്ഷിക്കുന്നവർ യോഗ്യരുമാവുന്ന വർത്തമാനകാല ഇന്ത്യയിൽ നിർഭയനായി സത്യം വിളിച്ചു പറയുന്ന രാഹുൽ ഗാന്ധി ഒരു പ്രതീക്ഷയാണെന്ന് ആര്യാടൻ ഷൗക്കത്ത്. രാഹുൽ ഗാന്ധിയെ നിശബ്ദനാക്കാൻ ഏതുവിധേനയും ശ്രമിക്കുമെന്ന സംഘപരിവാർ അജണ്ടയാണ് അദ്ദേഹത്തെ അയോഗ്യനാക്കാൻ ഭരണകൂടം കാണിച്ച തിടുക്കം എന്ന് വ്യക്തമാണ്. സത്യം പറയാനും പ്രവൃത്തിക്കാനും സ്വാതന്ത്ര്യമില്ലാത്ത രാജ്യമായി ഇന്ത്യയെ മാറ്റാൻ ഭരണകൂടം ശ്രമിക്കുകയാണെന്നും സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. സംസ്കാര സാഹിതി മലപ്പുറം ജില്ലാ കമ്മിറ്റി കരിപ്പൂരിൽ സംഘടിപ്പിച്ച
‘ഭയമല്ല നിർഭയ സംവാദമാണ് ഇന്ത്യ’ സാംസ്കാരിക പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അദാനിക്കു നൽകിയ വഴിവിട്ട സഹായങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി ചോദ്യങ്ങൾ ഉയർത്തുമ്പോൾ അതിനു മറുപടിയില്ലാതെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയും നിശബദനാക്കിയും മുന്നോട്ടു പോകാൻ ശ്രമിക്കുന്ന നരേന്ദ്ര മോദിയോട് ഞങ്ങൾ ആവർത്തിച്ചു പറയുന്നു, ഈ രാജ്യം കട്ടുമുടിച്ച ലളിത് മോദിയെയും നീരവ് മോദിയെയും സംരക്ഷിക്കുന്ന നരേന്ദ്ര മോദിയും കള്ളനാണ്. കള്ളൻമാരെ സംരക്ഷിക്കുന്നതും കളവ് ചെയ്യുന്നതിനു തുല്ല്യമാണെന്ന് അദ്ദേഹത്തെ ഓർമിപ്പിക്കുകയും ചെയ്യുകയാണെന്നും
ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേർത്തു.
ജില്ലാ ചെയർമാൻ റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു. എ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പ്രണവം പ്രസാദ്, പി. നിധീഷ്, ഷാജി കട്ടൂപ്പാറ, ഗോവിന്ദൻ നമ്പൂതിരി, ഹുറൈർ കൊടക്കാട്ട്, ഗോപാലകൃഷ്ണൻ തിരൂർ, സുനിൽ പോരൂർ, എ.പി.അബൂബക്കർ മാസ്റ്റർ, പുളിക്കൽ അഹമ്മദ് കബീർ, സത്യൻ പുളിക്കൽ, സലാം പടിക്കൽ, ഷാനവാസ് കളത്തുംമ്പടി എന്നിവർ പ്രസംഗിച്ചു.
English Summary: Aryadan Shoukat on Rahul Gandhi's defamation case and disqualification