നെടുമ്പാശേരി ഹെലികോപ്റ്റർ അപകടം; അടച്ചിട്ട റൺവേ തുറന്നു, സർവീസുകൾ പുനരാരംഭിച്ചു

Helicopter crashed in Nedumbassery | Photo: Josekutty Panackal / Manorama
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ ക്രെയിൻ ഉപയോഗിച്ച് നീക്കുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
SHARE

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഹെലികോപ്റ്റർ പരിശീലനപ്പറക്കലിനു തയാറെടുക്കുന്നതിനിടെ റൺവേയിൽ നിന്നു തെന്നിമാറിയുണ്ടായ അപകടത്തിനു പിന്നാലെ താൽക്കാലികമായി അടച്ച വിമാനത്താവളത്തിലെ റൺവേ തുറന്നു. ഇന്ന് ഉച്ചയ്ക്ക് 12.25നുണ്ടായ അപകടത്തെ തുടർന്ന് അടച്ച റൺവേ, രണ്ടു മണിക്കൂറിനു ശേഷമാണ് തുറന്നത്. വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു. അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ ക്രെയിൻ ഉപയോഗിച്ചു നീക്കി.

2.28ന് ഡൽഹിയിൽ നിന്നുള്ള വിമാനമാണ് റൺവേ തുറന്ന ശേഷം ആദ്യം ലാൻഡ് ചെയ്തത്. മസ്കറ്റിൽ നിന്നെത്തിയ ഒമാൻ എയർ വിമാനം മാത്രമാണു വഴി തിരിച്ചു വിട്ടതെന്നും മറ്റു 2 വിമാനങ്ങൾ വൈകിയെന്നും സിയാൽ അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തേക്കു തിരിച്ചുവിട്ട ഒമാൻ എയർ വിമാനം ഉടൻ മടങ്ങിയെത്തുമെന്നും അധികൃതർ അറിയിച്ചു. അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ റൺവേയിൽനിന്ന് മാറ്റുന്നതിനും സുരക്ഷാ പരിശോധനകൾക്കുമായാണ് റൺവേ അടച്ചിട്ടത്.

nedumbassery-helicopter-crash-1
തകർന്നുവീണ ഹെലികോപ്റ്റർ. (Screengrab: Manorama News)

വിമാനത്താളത്തിന്റെ തെക്കേയറ്റത്തുള്ള കോസ്റ്റ് ഗാർഡ് എയർ സ്റ്റേഷനോടു ചേർന്ന് ഉച്ചയ്ക്ക് 12.25നായിരുന്നു അപകടം. കോസ്റ്റ് ഗാർഡിന്റെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ ധ്രുവ് ആണ് അപകടത്തിൽപ്പെട്ടത്. പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ഏതാണ്ട് 150 അടി ഉയരത്തിൽ നിന്നു വീഴുകയായിരുന്നു. പ്രധാന റൺവേയിൽ നിന്ന് 5 മീറ്റർ അകലെയാണ് വീണത്. 3 പേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്കു പരുക്കേറ്റു. ഹെലികോപ്റ്റർ പൈലറ്റ് സുനിൽ ലോട്‌ലയ്ക്കാണു പരുക്കേറ്റത്. ഇദ്ദേഹത്തെ അടിയന്തര വൈദ്യസഹായം നൽകിയ ശേഷം ആശുപത്രിയിലേക്കു മാറ്റി.

സംഭവവുമായി ബന്ധപ്പെട്ടു കോസ്റ്റ്ഗാർഡ് അധികൃതർ ഇതു വരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഹെലികോപ്റ്റർ തകർന്നു വീണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ടേക്ക് ഓഫിനുള്ള ശ്രമത്തിനിടെ റൺവേയുടെ വശങ്ങളിൽ ഉരസിയാണ് അപകടമുണ്ടായതെന്നാണ് വിവരം.

English Summary: Helicopter crashed at Nedumbassery Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS