ചിരിയുടെ 916 തൃശൂർ ബ്രാൻഡ്; ഉരയ്ക്കുന്തോറും തിളങ്ങിയ പത്തരമാറ്റ് തമാശ
Mail This Article
ഇന്നസന്റ് എന്നത് ചിരിയുടെ ഒരു 916 തൃശൂർ ബ്രാൻഡായിരുന്നു. ഉരച്ചു നോക്കുന്തോറും അതിനു തുനിയുന്നവരെ തലതല്ലി ചിരിപ്പിച്ച ജീവിതം. തിരക്കഥയിൽ ഒതുങ്ങാത്ത, തമാശയുടെ ഗോഡൗണായിരുന്നു ഇന്നസന്റ്.
ഇരുപതാം വയസിൽ മുപ്പതു രൂപ പ്രതിഫലത്തിൽ അഭിനയിച്ചു തുടങ്ങിയ സിനിമാ ജീവിതം. നിർമാതാവായിരുന്ന ഇന്നസന്റ് എങ്ങനെ നടനായി? ഇതിനുള്ള ഉത്തരം ആ വായിൽനിന്നു തന്നെ പലവട്ടം വന്നിട്ടുണ്ട്. നിർമാതാവിന്റെ ടെൻഷനേക്കാൾ സുഖം അഭിനയമാണത്രേ. ചിരിപ്പിക്കാനറിയാം എന്ന് പറയുക മാത്രമല്ല ഇടതടവില്ലാതെ ഏവരെയും ചിരിപ്പിച്ചു ഇന്നസന്റ്. ചിന്തകളുടെ തരികളാൽ നിറച്ച ചിരിയുടെ ഒരു മത്താപ്പ്. ഇന്നസന്റ് എന്ന പേര് ചിരിയുടെ മിനിമം ഗ്യാരന്റിയാണെന്ന് അഞ്ച് പതിറ്റാണ്ടായി മലയാളി പറയുന്നുമുണ്ട്. കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ രൂപം കൊണ്ട വിമോചന സമരത്തിൽ പങ്കെടുത്തിട്ടുണ്ട് ഇന്നസന്റ്. രാഷ്ട്രീയമായിരുന്നില്ല ചേതോവികാരം. പഠിക്കാൻ മടിയായതിനാൽ എങ്ങനെയും സ്കൂൾ പൂട്ടിക്കണം. അതു മാത്രമായിരുന്നു ലക്ഷ്യം. പിന്നീട് പല സിനിമകളിലും പ്രേക്ഷകരെ ചിരിപ്പിക്കുന്ന മാഷായി വന്നു ഇന്നസന്റ്.
എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം. പ്രായപൂർത്തിയായ യുവാവാണ് ഇന്നസന്റ്. ക്ലാസിൽ പുതിയ മലയാളം മാഷ് വന്നു. ഇന്നസന്റ് പതിവ് വികൃതി. ചൂരലെടുത്ത് അടിക്കാനോക്കിയ നാരായണൻ മാഷ് ഒന്നാലോചിച്ചശേഷം വടി വലിച്ചെറിഞ്ഞു കൊണ്ട് പറഞ്ഞു, നിന്നെ ഞാൻ അടിക്കുന്നില്ല. മുതിർന്നവരെ തല്ലരുത് എന്നാണു പ്രമാണം. ഡിഗ്രിക്കു പഠിക്കേണ്ട പ്രായത്തിൽ എട്ടാം ക്ലാസിലിരിക്കുന്ന വിദ്യാർത്ഥിയോടു മാഷ് പരിഹാസത്തിൽ ചോദിച്ചു, നിനക്കു വല്ല സിനിമയിലും അഭിനയിക്കാൻ പൊക്കൂടേ. ആ ചോദ്യം ഇന്നസെന്റിന്റെ നെഞ്ചിൽ കയറിയിരുന്ന് ആഗ്രഹമായി വളർന്നു. ശേഷം മലയാളിക്ക് ഇന്നസെന്റിനെ കിട്ടി.
വീണ്ടും ചില വീട്ടുകാര്യം എന്ന ചിത്രത്തിലഭിനയിക്കാൻ സംവിധായകൻ സത്യൻ അന്തിക്കാട് ഇന്നസെന്റിനെ വിളിച്ചു. ലീവാണെന്നായിരുന്നു മറുപടി. തന്റെ അഭിനയം തനിക്കു തന്നെ ബോറടിച്ചു തുടങ്ങിയതാണു ലീവിനു കാരണമെന്നും വെളിപ്പെടുത്തി. ഇന്നസന്റ് വെറുമൊരു കൊമേഡിയനായിരുന്നില്ല. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമ ഇന്നസെന്റിന്റെയും അപ്പന്റെയും ജീവിതത്തിൽനിന്ന് കുറുക്കിയെടുത്തതാണെന്ന് സത്യൻ അന്തിക്കാട് ഓര്‍മിക്കുന്നു.
അയ്യർ ദ് ഗ്രേറ്റ് എന്ന സിനിമയിൽ അഭിനയിച്ച് മമ്മൂട്ടിയും ഹിസ് ഹൈനസ് അബ്ദുല്ലയിൽ അഭിനയിച്ച് മോഹൻലാലും തിളങ്ങി നിൽക്കുന്ന സമയം. ഷാജി കൈലാസ് തന്റെ ഡോക്ടർ പശുപതി എന്ന ചിത്രത്തിന്റെ കഥയുമായി ഇന്നസന്റിനെ കണ്ടു. കഥ ഇഷ്ടമായി, പക്ഷേ സിനിമയുടെ പേര് ഒന്നു പരിഷ്കരിച്ചൂടേ. എങ്ങനെ എന്ന് ഷാജി കൈലാസ്. പശുപതി ദ് ഗ്രേറ്റ് എന്നോ ഹിസ് ഹൈനസ് പശുപതി എന്നോ മാറ്റിക്കൂടേ എന്ന് ഇന്നസന്റ്.
ഇന്നസന്റ് സ്വയം സംഭാവന ചെയ്ത ആക്‌ഷനുകളും കോമഡി ഡയലോഗുകളും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഏറെയുണ്ട്. തിരക്കഥയിൽ ഇന്നസന്റിന്റെ ഡയലോഗിന്റെ ഭാഗത്ത് തൃശൂർ ഭാഷയിലുള്ള കൗണ്ടർ എന്നു മാത്രമെഴുതാൻ തിരക്കഥാകൃത്തുക്കൾ ധൈര്യം കാട്ടിയ നാളുകൾ കഴിഞ്ഞു. മലയാളിയുടെ മാവേലിയെന്ന ഓർമയ്ക്കു പോലും ഇന്നസന്റിന്റെ രൂപമാണല്ലോ.
English Summary: Innocent - A 916 Thrissur brand