ഇന്നസന്റിനെകുറിച്ച് ഏറ്റവും കൂടുതല്‍ പറഞ്ഞതും എഴുതിയതും ഇന്നസന്റ് തന്നെയായിരിക്കും. ചിന്തയ്ക്കും എഴുത്തിനും മുന്നില്‍ ഒട്ടും അരിപെറുക്കാത്ത നല്ല ചിമിട്ടന്‍ എഴുത്തുകാരനുണ്ടായിരുന്നു ഇന്നസന്റിന്റെ ഉള്ളില്‍. അതാവട്ടെ കാന്‍സര്‍ അതിജീവനത്തിനുള്ള ഔഷധമായി ഇന്നസന്റ് തന്നെ വിദഗ്ധമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. സ്കൂള്‍ പഠനം പാതിവഴിയില്‍നിര്‍ത്തിയ നടന്‍, പില്‍ക്കാലത്ത് എഴുതിയ പുസ്തകം സ്കൂള്‍ സിലബസില്‍ ഇടംനേടിയത് അംഗീകാരവുമായി.
അഭിനയത്തിലേക്ക് വഴിതെറ്റി വന്നില്ലെങ്കില്‍ ഇന്നസെന്റ് ആരാകുമായിരുന്നു? വികെഎന്നിനെയും ബഷീറിനെയും പോലെ ഒരു എഴുത്തുകാരന്‍ എന്ന് ഉത്തരം പറഞ്ഞത് സംവിധായകന്‍ സിദ്ദിഖ് ആണ്. അത് ശരിയാണെന്നു സമ്മതിക്കാന്‍ ഇന്നസെന്റിന്റെ പുസ്തകങ്ങള്‍ മുഴുവനും വായിക്കണമെന്നില്ല. കാന്‍സര്‍ വാര്‍ഡിലെ ചിരി, മഴക്കണ്ണാടി, ചിരിക്കുപിന്നില്‍, ഞാന്‍ ഇന്നസെന്റ്, ദൈവത്തെ ശല്യപ്പെടുത്തരുത് തുടങ്ങിയ പുസ്തകങ്ങളെല്ലാം സ്വന്തം അനുഭവങ്ങളുടെ പകര്‍ത്തെഴുത്തായിരുന്നു. വായിച്ചവരുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കാന്‍ ശേഷിയുള്ള ചിരിയായിരുന്നു ഉള്ളടക്കം. കാന്‍സര്‍ രോഗികള്‍ക്ക് ഇന്നസെന്റിന്റെ പുസ്തകം നിര്‍ദ്ദേശിച്ചവരില്‍ പ്രശസ്തരായ ഡോക്ടര്‍മാര്‍ പോലുമുണ്ട്.
നാട്ടിലെ ഒരു ഉല്‍സവനാളിലാണ് തനിക്ക് കാന്‍സറാണെന്ന് ഇന്നസന്റ് തിരിച്ചറിയുന്നത്. മുന്നിലാകെ ഇരുട്ട്. ചിരിക്കാനോ മിണ്ടാനോ വയ്യാതെ വീടിന്റെ ഉമ്മറത്തിരുന്ന ഇന്നസെന്റിനോട് അതുവഴി പോയ നാട്ടുകാരന്‍ ചോദിച്ചു– ഈ വീട്ടിലാരെങ്കിലും മരിച്ചോ? വെട്ടവുമില്ല, ബഹളവുമില്ല. ഇന്നസെന്റിന്റെ മറുപടി പെട്ടെന്നായിരുന്നു – മരിച്ചിട്ടില്ല. അടുത്തവര്‍ഷം മരിക്കും. അതിന്റെ റിഹേഴ്സല്‍ നടക്കുവാ... ഇന്നസെന്റ് ഇതെഴുതുമ്പോള്‍ കഠിന വേദനകള്‍ക്ക് അവിടെ സ്ഥാനമില്ലാതാവുകയാണ്.
ഇന്നസെന്റിന്റെ പുസ്തകങ്ങള്‍ ഇംഗിഷിലും ഹിന്ദിയിലുമുള്‍പ്പെടെ പരിഭാഷ ചെയ്യപ്പെട്ടു. വേദനയ്ക്കും ചിരിക്കും ഭാഷയില്ലെന്ന് ഇന്നസന്റ് ആ മൊഴിമാറ്റത്തെ ലളിതമായി വ്യാഖ്യാനിച്ചു.
ക്ഷണിക്കാതെ എത്തിയ അര്‍ബുദത്തെ എഴുത്തിലൂടെ ക്ഷ, ണ്ണ വരപ്പിച്ച്, തോല്‍പ്പിക്കാന്‍ ശ്രമിച്ചൊരാള്‍. കാന്‍സര്‍ വാര്‍ഡില്‍ അയാള്‍ പകര്‍ന്ന ചെറുതിരി, അനേകം മനസ്സുകളില്‍ അണയാതെ കത്തുമെന്നുറപ്പ്.
English Summary: Innocent's fight against cancer