ADVERTISEMENT

തൃപ്പൂണിത്തുറ ∙ അലക്ഷ്യമായി വാഹനമോടിച്ചതിന് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്നയാൾ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളും നാട്ടുകാരും. ഇരുമ്പനം കർഷക കോളനി സ്വദേശി മനോഹരനാണ് (53) ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചത്. രാത്രി ഒൻപതു മണിയോടെ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരുചക്രവാഹനം ഒാടിച്ചുവന്ന മനോഹരനെ കൈ കാണിച്ചിട്ടും നിര്‍ത്താത്തതിനാണ് പൊലീസ് പിടികൂടിയത്. തുടർന്ന് ഹിൽപാലസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെയെത്തിച്ച് അധികം കഴിയും മുൻപേ മനോഹരൻ കുഴഞ്ഞുവീണുവെന്നാണ് പൊലീസ് ഭാഷ്യം. ഉടൻതന്നെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അവിടെവച്ച് മരണം സ്ഥിരീകരിച്ചു.

എന്നാൽ, പൊലീസ് കൈകാണിച്ചെങ്കിലും അൽപം മുന്നോട്ടു നീങ്ങിയാണ് മനോഹരൻ വാഹനം നിർത്തിയത്. പൊലീസ് ജീപ്പിനു സമീപം നിൽക്കുകയായിരുന്ന ഒരു പൊലീസുകാരൻ ഓടിയെത്തി ഹെൽമറ്റ് മാറ്റിയ ഉടനെ മനോഹരന്റെ മുഖത്തടിച്ചു എന്നാണ് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ നൽകുന്ന വിവരം. ‘കൈകാണിച്ചാൽ നിനക്കെന്താടാ വണ്ടി നിർത്തിക്കൂടെ’ എന്നു ചോദിച്ചായിരുന്നു മർദ്ദനമെന്നും പറയുന്നു. തുടർന്ന് പൊലീസ് ജീപ്പിൽവച്ചും പൊലീസുകാർ മനോഹരനെ മർദ്ദിച്ചതായാണ് ആരോപണം.

അതേസമയം, മനോഹരനെ മർദ്ദിച്ചിട്ടില്ലെന്നും കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും മുൻപിലാണ് മനോഹരൻ കുഴഞ്ഞുവീണതെന്നും ഹിൽപാലസ് പൊലീസ് പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ ഇതെല്ലാം വ്യക്തമാണെന്നും പൊലീസ് വാദിക്കുന്നു.

English Summary: Man dies in Police Custody at Thrippunithura

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com