കോഴിക്കോട്∙ ജനങ്ങളെ ഉപദ്രവിക്കുന്ന ആനകളെ പിടിക്കരുത് എന്ന് പറയുന്നത് അപ്രായോഗികമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. മയക്കുവെടി വയ്ക്കാതെ ആനയെ പിടികൂടാന്‍ കഴിയില്ല. മയക്കുവെടി വയ്ക്കേണ്ട സാഹചര്യമാണ് കേരളത്തിലുള്ളത്. മൃഗസ്നേഹികള്‍ കോടതിയെ സമീപിച്ചതില്‍ തെറ്റില്ലെന്നും അത് അവരുടെ അവകാശമാണെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ തീവ്ര നിലപാടാണ് മൃഗസ്നേഹികളുടേത്. ഒരു ചര്‍ച്ചയിലൂടെ ഇത് മാറ്റാന്‍ കഴിയില്ല. കോടതിവിധിക്ക് അനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
അതേസമയം, ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തുന്ന അരിക്കൊമ്പന്‍ ദൗത്യമേഖലയ്ക്ക് അരികെയെന്ന് മയക്കുവെടി വിദഗ്ധൻ ഡോക്ടര്‍ അരുണ്‍ സക്കറിയ. കൊമ്പന്‍ തിരികെ പെരിയ കനാലിലേക്കു പോകുന്നത് കുങ്കിയാനകളെ വച്ച് തടയും. കോടതിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ മയക്കുവെടി വയ്ക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായാൽ ഈ മാസം 30ന് അരിക്കൊമ്പനെ പിടികൂടുമെന്ന് ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ആർ.എസ്.അരുണും അറിയിച്ചു. ഹൈക്കോടതി വിധി വന്നാൽ 29ന് തന്നെ മോക്ഡ്രിൽ നടത്തും. അരിക്കൊമ്പന്റെ അക്രമങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുമെന്നും അരുൺ പറഞ്ഞു.
അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിക്കുന്നത് 29 വരെ ഹൈക്കോടതി വിലക്കേർപ്പെടുത്തിയെങ്കിലും വനംവകുപ്പ് തയാറെടുപ്പു തുടരുകയാണ്. മുത്തങ്ങ ആനപ്പന്തിയിൽ നിന്നുള്ള കുഞ്ചു, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകളും ഇന്നലെ ചിന്നക്കനാലിൽ എത്തി. സൂര്യൻ, വിക്രം എന്നീ കുങ്കിയാനകളെ നേരത്തെ എത്തിച്ചിരുന്നു. മയക്കുവെടി വിദഗ്ധൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 26 അംഗ ദൗത്യ സംഘം ചിന്നക്കനാലിൽ എത്തിയിട്ടുണ്ട്.
പിടികൂടാനുള്ള ഒരുക്കങ്ങള്‍ ദൗത്യസംഘം നടത്തുന്നതിനിടെ അരിക്കൊമ്പന്‍ ഇന്നലെ രാത്രിയും പെരിയകനാലില്‍ വാഹനം ആക്രമിച്ചിരുന്നു. ആനയുടെ ആക്രമണത്തില്‍ ജീപ്പിന് സാരമായ കേടുപാടുകളും സംഭവിച്ചു.
English Summary: Minister A.K.Saseendran on Operation Arikomban