‘ഹെല്‍മറ്റ് ഊരിയതും മുഖത്തടിച്ചു, ഉന്തിത്തള്ളി ജീപ്പില്‍ കയറ്റി’: പൊലീസിനെതിരെ വീട്ടമ്മ

Mail This Article
കൊച്ചി∙ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം കർഷക കോളനി സ്വദേശി മനോഹരൻ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി ദൃക്സാക്ഷിയായ വീട്ടമ്മ രമാദേവി. മനോഹരനെ പിടിച്ചയുടന്‍ പൊലീസ് മുഖത്തടിച്ചുവെന്ന് രമാദേവി വ്യക്തമാക്കി. പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താത്തത് എന്താണെന്ന് ചോദിച്ചായിരുന്നു മര്‍ദനം. അടി കിട്ടിയതോടെ ശരീരം തളര്‍ന്ന മനോഹരനെ പൊലീസ് ഉന്തിത്തള്ളിയാണ് ജീപ്പില്‍ കയറ്റിയതെന്നും രമാദേവി വെളിപ്പെടുത്തി.
‘‘ഞങ്ങൾ കുറച്ചുപേർ കൂടിനിൽക്കുകയായിരുന്നു. കൈ കാണിച്ചിട്ടെന്താ ബൈക്ക് നിർത്താത്തതെന്ന് പൊലീസ് ചോദിച്ചു. പേടിച്ചതുകൊണ്ടാണ് സാറെ വാഹനം നിർത്താത്തതെന്ന് പറഞ്ഞ് മനോഹരൻ ഹെൽമറ്റ് ഊരിയ ഉടനെ പൊലീസുകാരൻ മുഖത്തടിച്ചു. അടിയേറ്റയുടൻ അയാൾക്ക് വല്ലാണ്ടായി. പിന്നെ വിറയ്ക്കാൻ തുടങ്ങി. പൊലീസുകാരൻ വാഹനത്തിലേക്ക് കയറാൻ പറഞ്ഞു. അവര് പിടിച്ചുകയറ്റിയതാണ്. അയാൾക്ക് കയറാൻപോലും വയ്യായിരുന്നു. പൊലീസുകാർ ഇങ്ങനെയായാൽ എന്തുചെയ്യും?. ഒരു കുടുംബം അനാഥമായില്ലേ?’’– രമാദേവി ചോദിച്ചു.
മനോഹരനെ മുഖത്തടിച്ച എസ്ഐ ജിമ്മിയെ സസ്പെൻഡ് ചെയ്തിരുന്നു. മനോഹരനെ പിടിച്ചപ്പോൾ മുഖത്തടിച്ചതായി എസ്ഐ സമ്മതിച്ചിരുന്നു. കേസിൽ വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ ക്രൈംബ്രാഞ്ചിന് കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്. പൊലീസ് നടപടിയിൽ വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
English Summary: Witness reveals in Thrippunithura Custody death