ADVERTISEMENT

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി ഹാർവഡിലും കേംബ്രിജ് സർവകലാശാലയിലും പഠിച്ചയാളാണെന്ന സഹോദരി പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ കടുത്ത പരിഹാസവുമായി ബിജെപി രംഗത്ത്. ഹാർവഡിൽ പഠിച്ചയാളാണ് രാഹുൽ എന്ന് പ്രിയങ്ക ഗാന്ധി പ്രസംഗിച്ചെങ്കിലും, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിൽ ഒരിടത്തും അതേക്കുറിച്ച് പരാമർശിക്കുന്നില്ലെന്ന് ബിജെപി ഐടി സെൽ അധ്യക്ഷൻ അമിത് മാളവ്യ ചൂണ്ടിക്കാട്ടി. ഈ കുടുംബത്തെക്കുറിച്ച് വ്യാജമല്ലാത്തത് എന്തെങ്കിലും ഉണ്ടോയെന്നും മാളവ്യ പരിഹസിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളായ ഹാർവഡിലും കേംബ്രിജിലും പഠിച്ചിട്ടും രാഷ്ട്രീയ എതിരാളികൾ രാഹുൽ ഗാന്ധിയെ ‘പപ്പു’വെന്ന് വിശേഷിപ്പിക്കുന്നതായി പ്രിയങ്ക പ്രസംഗിച്ചിരുന്നു.

‘‘ലോകത്തിലെ 2 വലിയ സർവകലാശാലകളായ ഹാർവഡ്, ഓക്സ്ഫഡ് എന്നിവിടങ്ങളിൽനിന്നു പഠിച്ചിറങ്ങിയ ആളാണ് എന്റെ ചേട്ടൻ. അദ്ദേഹത്തെ പപ്പുവെന്നു ബിജെപി വിളിക്കുന്നു. രാഹുലിന്റെ ഡിഗ്രികളോ അദ്ദേഹത്തെക്കുറിച്ചുള്ള യാഥാർഥ്യങ്ങളോ കാണാതെ മാധ്യമങ്ങൾ അദ്ദേഹത്തെ പപ്പുവാക്കി. ലക്ഷക്കണക്കിനാളുകൾക്കൊപ്പം രാജ്യത്തുടനീളം നടന്നപ്പോൾ അദ്ദേഹം പപ്പുവല്ലെന്നു മനസ്സിലാക്കി. ജനങ്ങൾക്കൊപ്പം നടന്ന ശേഷം പാർലമെന്റിൽ രാഹുൽ ചോദ്യങ്ങളുന്നയിച്ചപ്പോൾ കേന്ദ്രത്തിന് ഉത്തരംമുട്ടി; അവർ ഭയന്നു.’ – ഇതായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വാക്കുകൾ.

എന്നാൽ, രാഹുൽ ഗാന്ധി സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിൽ ഒരിടത്തും ഹാർവഡ് സർവകലാശാലയിലെ ബിരുദത്തെക്കുറിച്ചുള്ള പരാമർശമില്ലെന്ന് അമിത് മാളവ്യ ചൂണ്ടിക്കാട്ടി.

‘‘രാഹുൽ ഗാന്ധി ഇതുവരെ സമർപ്പിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിൽ ഒരിടത്തും അദ്ദേഹം ഹാർവഡിൽനിന്ന് നേടിയ ബിരുദത്തെക്കുറിച്ച് പറയുന്നില്ല. പ്രിയങ്ക ഗാന്ധി, അവരുടെ അയോഗ്യനാക്കപ്പെട്ട സഹോദരനേപ്പോലെ കള്ളം പറയുകയാണ്. ആ കുടുംബത്തെക്കുറിച്ച് വ്യാജമല്ലാത്തത് എന്തെങ്കിലുമുണ്ടോ? അവർ തന്നെ പ്രസംഗത്തിൽ എത്ര പ്രാവശ്യമാണ് പപ്പുവെന്ന് വിളിച്ചതെന്ന് എണ്ണാനാകുന്നില്ല’ – മാളവ്യ കുറിച്ചു.

അതേസമയം അമിത് മാളവ്യയുടെ പരാമർശത്തെ കോൺഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം അധ്യക്ഷ സുപ്രിയ ശ്രീനാട്ടെ തള്ളിക്കളഞ്ഞു. രാഹുൽ ഗാന്ധി ഹാർവഡിൽ പഠിച്ചിരുന്നതായും, പിതാവ് രാജീവ് ഗാന്ധി 1991ൽ കൊല്ലപ്പെട്ടതിനെ തുടർന്ന് സുരക്ഷാ കാരണങ്ങളാൽ മറ്റൊരു സർവകലാശാലയിലേക്ക് പഠനം മാറ്റേണ്ടി വന്നതാണെന്നും അവർ വിശദീകരിച്ചു.

സുരക്ഷാ കാരണങ്ങളാൽ ഒരാൾക്ക് എന്തുകൊണ്ട് സ്കൂളുകളും കോളജുകളും മാറേണ്ടി വരുന്നതെന്ന് ബിജെപിക്ക് ഒരുകാലത്തും മനസ്സിലാകില്ലെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് വിമർശിച്ചു.

‘‘ബിജെപിയുടെ ഐടി സെൽ ‘വാട്സാപ്പ് സർവകലാശാല’യിൽനിന്ന് വ്യാജ വാർത്തകളിൽ ലഭിച്ച അവരുടെ ഡിഗ്രിയുടെ പേരിൽ വീണ്ടും വീണ്ടും സ്വയം നാണംകെടുകയാണ്.’ – ഗൊഗോയ് കുറിച്ചു.

English Summary: BJP mocks Priyanka's ‘Rahul studied at Harvard’ remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com