പുതുച്ചേരി ∙ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ബിജെപി പ്രവർത്തകനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നു. പുതുച്ചേരി ആഭ്യന്തരമന്ത്രി എ.നമശിവായത്തിന്റെ അടുത്ത ബന്ധുവായ സെന്തിൽകുമാർ ആണ് മരിച്ചത്. ഞായാറാഴ്ച രാത്രിയിലായിരുന്നു ആക്രമണം.
വില്ലിയന്നൂരിലെ ബേക്കറിയിൽ സെന്തിൽകുമാർ നിൽക്കുമ്പോഴാണ് 3 മോട്ടർ സൈക്കിളുകളിലായി ഏഴംഗ അക്രമിസംഘം എത്തിയത്. ഇവരിലൊരാൾ സെന്തിൽകുമാറിന് നേരെ ആദ്യം നാടൻബോംബുകൾ എറിഞ്ഞു. സ്ഫോടനത്തെ തുടർന്നു പ്രദേശത്തു പുക വ്യാപിച്ച സമയത്തു മാരകായുധങ്ങൾ ഉപയോഗിച്ച് സെന്തിലിനെ ആക്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. തൊട്ടുപിന്നാലെ അക്രമികൾ ബൈക്കുകളിൽ കടന്നുകളഞ്ഞു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉടനെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും സെന്തിലിനെ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. അക്രമികളെ പിടികൂടാനായി 4 പ്രത്യേക അന്വേഷണസംഘങ്ങൾ രൂപീകരിച്ചു. സെന്തിലിനെ കൊലപ്പെടുത്തിയ 7 പേർ പിന്നീട് കോടതിയിൽ കീഴടങ്ങി. സെന്തിലിന്റെ കൊലപാതകം ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയെന്നും ഫലപ്രദമായ അന്വേഷണം വേണമെന്നും ഡിഎംകെ നേതാവ് ആർ.ശിവ നിയമസഭയിൽ ആവശ്യപ്പെട്ടു.
English Summary: BJP Worker Hacked To Death In Puducherry, Attackers Also Threw Crude Bombs