ADVERTISEMENT

തെന്മല(കൊല്ലം)∙ 'ചക്ക'യ്ക്ക് 'ചാക്കു'മായി മലയോര കര്‍ഷകര്‍; കുങ്ങന്‍മാരെ പേടിച്ചാണ് ചക്കയ്ക്ക് കര്‍ഷകര്‍ ചാക്കിടുന്നത്. ചക്കക്കാലം ആയതോടെ കുരങ്ങന്മാര്‍ കൂട്ടത്തോടെ നാട്ടിലെ പ്ലാവുകളിലേക്ക് എത്തുകയാണ്. പ്ലാവില്‍ നില്‍ക്കുന്ന വിളഞ്ഞതും വിളയാത്തതുമായ ചക്കകള്‍ പറിച്ചു താഴേക്കിടുകയും കുറച്ച് ഭക്ഷിക്കുകയും ചെയ്യും. ചക്ക പഴുക്കുന്നതിനു മുന്‍പേ വാനരന്മാര്‍ വിളവെടുപ്പ് ആരംഭിച്ചതിനാല്‍ ചാക്കിട്ട് മറയ്ക്കുന്ന പരിപാടിയാണ് കര്‍ഷകര്‍ ഇപ്പോള്‍ ചെയ്യുന്നത്. പ്ലാവില്‍ നില്‍ക്കുന്ന ചക്കകള്‍ ചാക്കിട്ട് കെട്ടി വച്ചാല്‍ ഒരു പരിധിവരെ സംരക്ഷണം ലഭിക്കും. 

ചാക്കിട്ടാലും വിടവുണ്ടെങ്കില്‍ അതുവഴി ചക്കയില്‍ ആക്രമണം നടത്തുന്ന വാനരന്മാരും ഇക്കൂട്ടത്തിലുണ്ട്. വാഴക്കുലയും പപ്പായയും പച്ചക്കറികളുമെല്ലാം കുരങ്ങന്മാരുടെ ഇഷ്ടഭക്ഷണമാണ്. ഇത്തരം കൃഷികളെല്ലാം പറമ്പുകളില്‍നിന്നും അപ്രത്യക്ഷമായിട്ട് കാലങ്ങളായി. മലയണ്ണാന്‍ തെങ്ങില്‍നിന്നും വിളവെടുക്കാന്‍ കര്‍ഷകരെ അനുവദിക്കാറില്ല. അണ്ണാനെ പേടിച്ച് തെങ്ങ് മുറിച്ചവരുമുണ്ട് ജില്ലയുടെ കിഴക്കന്‍മേഖലയില്‍.

∙ പ്ലാവ് പാട്ടത്തിന്

വാനരന്മാരെ പേടിച്ച് തമിഴ്നാട്ടിലെ വ്യാപാരികള്‍ക്കു കിട്ടിയ വിലയ്ക്കു പ്ലാവ് പാട്ടത്തിന് നല്‍കുന്നവരുമുണ്ട്. പ്ലാവില്‍ നില്‍ക്കുന്ന ചക്കകള്‍ കാണിച്ചു പാട്ടത്തിന് നല്‍കുന്നതോടെ വീട്ടുകാരുടെ ആധി ഒഴിയും. പിന്നീടെല്ലാം പാട്ടത്തിനെടുത്തവരുടെ ഉത്തരവാദിത്തമാണ്. തമിഴ്നാട്ടുകാര്‍ ചാക്കും വലയുമെല്ലാം പ്ലാവില്‍ കെട്ടി ചക്ക സംരക്ഷിക്കും. പാട്ടത്തിനെടുത്തിട്ട് പെട്ടുപോയവരും ഏറെയാണ്.  

∙ മാവിന് വല

മാവ് പൂത്തപ്പോള്‍ മുതല്‍ കുരങ്ങുകള്‍ പൊഴിച്ചിടാന്‍ തുടങ്ങി. കണ്ണിമാങ്ങയും ഇവരുടെ ഭക്ഷണമായതോടെ മാവ് മുഴുവന്‍ വലകൊണ്ട് മൂടാനും തുടങ്ങി കര്‍ഷകര്‍. കടപ്പുറത്തുപോയി ആയിരക്കണക്കിനു രൂപയുടെ വല വാങ്ങിയാണ് ഇപ്പോള്‍ മാവുകളെ സംരക്ഷിച്ച് നിര്‍ത്തിയിരിക്കുന്നത്. മാമ്പഴം ആകുമ്പോഴേക്കും കുരങ്ങിന്റെ ശല്യം ഏറും. കൂട്ടമായെത്തുന്ന കുരങ്ങന്മാര്‍ മാങ്ങ മുഴവനും തീര്‍ത്തിട്ടെ മടങ്ങുള്ളൂ.

∙ തുരത്താന്‍ നടപടിയില്ല

കാടിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നും നടപടിയൊന്നുമില്ലെന്നാണു നാട്ടുകാരുടെ പരാതി. കുരങ്ങിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്ന നിലപാടാണു വനംവകുപ്പിന്. ആനയും പുലിയും മ്ലാവും യഥേഷ്ടം ഇറങ്ങുന്നുമുണ്ട്. വന്യമൃഗങ്ങളുടെ ശല്യം സഹിക്കാന്‍ വയ്യാതെ കൃഷി നിര്‍ത്തിയവരുമുണ്ട്. ആര്‍ആര്‍‌ടിയുടെ സേവനം ലഭ്യമല്ലെന്ന പരാതിയുമുണ്ട്. ജില്ലയില്‍ വനമില്ലാത്ത അഞ്ചലില്‍ ആണ് നിലവില്‍ ആര്‍ആര്‍ടി ടീം പ്രവര്‍ത്തിക്കുന്നത്. വന്യമൃഗശല്യത്തില്‍നിന്നും കര്‍ഷകരെയും നാട്ടുകാരെയും രക്ഷിക്കാന്‍ വനംവകുപ്പ് കാര്യമായ നീക്കം നടത്തുന്നുമില്ല. 4 ദിവസം മുന്‍പാണ് അമ്പനാട് തേയില തോട്ടത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് ഗുരുതര പരുക്കേറ്റത്.

English Summary: Farmers covering jackfruit with sack for protecting from monkeys

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com