ADVERTISEMENT

കൊച്ചി ∙ ഇടുക്കി ചിന്നക്കലാലിൽ ജനവാസ മേഖലകളിൽ നാശനഷ്ടമുണ്ടാക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടിക്കാൻ അനുമതിയില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാൻ മാത്രം മയക്കുവെടിയാകാം. ജനസുരക്ഷയ്ക്കായി കുങ്കിയാനകളും ഉദ്യോഗസ്ഥരും പ്രദേശത്ത് തന്നെ തുടരണമെന്നും കോടതി ഉത്തരവിൽ പറയുന്നു. അടുത്ത കാലത്തൊന്നും അരിക്കൊമ്പൻ മനുഷ്യ ജീവന് ഭീഷണിയായിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൊമ്പൻ നീങ്ങുന്നത് പിടിയാനയ്ക്കും കുട്ടികൾക്കുമൊപ്പമാണ്. പിടികൂടുന്നത് അപകടകരമാണ്. ആനയെ പിടികൂടി തടവിലാക്കുന്നതിനോട് യോജിപ്പില്ല. ഇത് ഭരണഘടനാ വിരുദ്ധമാണ്. നേരത്തെ പിടികൂടി തടവിലാക്കിയ ആനകളുടെ അവസ്ഥ മുന്നിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ജനവാസമേഖലയിൽ സ്ഥിരമായി ആന ഇറങ്ങുന്നുണ്ട്. എങ്ങനെയാണ് ഇവിടം ജനവാസമേഖലയായി മാറിയതെന്ന് കോടതി ചോദിച്ചു. ഇത് ആനത്താരയാണ്. ഇവിടെ എങ്ങനെ ഇത്രയും ആളുകൾ താമസിക്കാനെത്തിയെന്നും കോടതി ആരാഞ്ഞു. അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുക എന്നതിനപ്പുറം, ഈ വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്ന നിരീക്ഷണമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടത്തിയത്.

അരിക്കൊമ്പനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാൻ 5 അംഗ വിദഗ്ധ സമിതിക്ക് കോടതി രൂപം നൽകി. വനം വകുപ്പ് ചീഫ് കൺസർവേറ്റർ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, രണ്ട് വിദഗ്ധർ, കോടതി നിയോഗിക്കുന്ന അമിക്കസ് ക്യൂറി എന്നിവരാണ് സമിതിയിലുള്ളത്. അംഗങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയുള്ള ഉത്തരവാണ് ഡിവിഷൻ ബെഞ്ച് പുറത്തുവിട്ടത്.

വിദഗ്ധസമിതി റിപ്പോർട്ടിനുശേഷം ആനയെ പിടിച്ച് മാറ്റിപ്പാർപ്പിക്കുന്നതിൽ തീരുമാനം എടുക്കാമെന്നും ആനയെ പിടികൂടിയിട്ട് എന്തുചെയ്യാനെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ അവിടെനിന്നു മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് കോടതി നിരീക്ഷിച്ചു. കൊടുംവനത്തിൽ ആളുകളെ പാർപ്പിച്ചതാണ് പ്രശ്നത്തിന് കാരണം. പ്രദേശത്ത് ജാഗ്രത തുടരണമെന്നും കോടതി അറിയിച്ചു.

ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. സിമന്റുപാലത്ത് കുങ്കിയാനകളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് കടക്കാന്‍ ശ്രമിച്ച നാട്ടുകാരെ പൊലീസ് ത‍ടഞ്ഞു. ചിന്നക്കനാലിൽ കുട്ടികളും അമ്മമാരും ഉൾപ്പെടെയുള്ളവർ റോഡ് ഉപരോധിച്ചു. പെരിയ കനാലിൽ ദേശീയപാത ഉപരോധിച്ചു. സിപിഎമ്മിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. പന്തം കൊളുത്തി പ്രകടനവും നടത്തി.

English Summary: High court on arikkomban mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com