ADVERTISEMENT

തിരുവനന്തപുരം∙ ജനങ്ങള്‍ക്ക് അപ്രതീക്ഷിത ആഘാതമായി നിര്‍മാണ തൊഴിലാളി സെസ്. 10 ലക്ഷം രൂപ മുതല്‍ നിര്‍മാണ ചെലവു വരുന്ന കെട്ടിടങ്ങള്‍ക്ക് ആകെ ചെലവിന്റെ 1% തുകയാണ് സെസ് ഇനത്തില്‍ നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് ഒടുക്കേണ്ടത്. ശരാശരി 10,500 രൂപ മുതല്‍ 45,000 രൂപ വരെയാണ് കെട്ടിടങ്ങളുടെ വലുപ്പമനുസരിച്ച് സെസ് അടയ്‌ക്കേണ്ടത്. നിര്‍മാണ ചെലവ് കൂടിയാല്‍ അതനുസരിച്ച് ഉയര്‍ന്ന തുക അടയ്‌ക്കേണ്ടി വരും. 1995 നവംബറിനു ശേഷം നിര്‍മിച്ച വീടുകള്‍ക്കാണ് ഇപ്പോള്‍ തൊഴിൽ വകുപ്പില്‍നിന്ന് സെസ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് 31ന് മുന്‍പ് അടയ്ക്കണമെന്നാണ് അറിയിപ്പ്.

നോട്ടിസ് ലഭിക്കുമ്പോഴാണ് ഇത്തരം നികുതിയെക്കുറിച്ച് ജനം അറിയുന്നത്. വായ്പ എടുത്ത് വീട് പണിയുന്നവര്‍ സെസ് അടയ്ക്കാനുള്ള നെട്ടോട്ടത്തിലാണ്. 1995 നവംബറിന് മുന്‍പ് നിര്‍മിച്ച കെട്ടിടങ്ങള്‍ സെസ് നല്‍കേണ്ടതില്ല. ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള വീടുകള്‍ക്കും സെസില്ല. എന്നാല്‍, 10 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവ് വന്നാല്‍ സെസ് ബാധകമാകും. കെട്ടിടം നിര്‍മിക്കുമ്പോള്‍ വ്യക്തികള്‍ നല്‍കേണ്ട സെസില്‍ നിന്നാണ് തൊഴിലാളികള്‍ക്ക് ക്ഷേമപെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

എന്നാല്‍, സെസ് പിരിച്ചിട്ടും പെന്‍ഷന്‍ ആറു മാസമായി മുടങ്ങിക്കിടക്കുകയാണ്. കരാറുകാര്‍ക്ക് പ്രതിഫലം നല്‍കുമ്പോള്‍ ഒരു ശതമാനം നിര്‍മാണ തൊഴിലാളികളുടെ ക്ഷേമനിധിയിലേക്ക് പോകുന്നുണ്ട്. തൊഴിലാളികളില്‍നിന്ന് അംശാദായമായി 280 കോടി രൂപ പിരിച്ചു. എന്നിട്ടും തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. 2014 മുതല്‍ 2018 വരെ 515 കോടി രൂപയാണ് ബോര്‍ഡിന്റെ സ്ഥിര നിക്ഷേപങ്ങള്‍ ഈടുവച്ച് വായ്പാ തുകയായി സര്‍ക്കാരിനു നല്‍കിയത്. ഈ തുക തിരിച്ചു കിട്ടിയെന്നും 2018ന് ശേഷം വായ്പ നല്‍കിയിട്ടില്ലെന്നും ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.

പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ റവന്യൂ വകുപ്പിന് കെട്ടിടത്തിന്റെ വലുപ്പം അനുസരിച്ച് ഒറ്റത്തവണ നികുതി നല്‍കണം. 3000 ചതുരശ്ര അടിക്ക് മുകളിലാണെങ്കില്‍ ഒറ്റത്തവണ നികുതിക്കു പുറമേ എല്ലാവര്‍ഷവും ആഡംബര നികുതിയും നല്‍കണം.

ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തിലുള്ള നികുതികള്‍:

∙ 2023 ഏപ്രില്‍ ഒന്ന് മുതല്‍  നഗരസഭകളില്‍ വീടുകളടക്കമുള്ള  ചെറുകിട  കെട്ടിടങ്ങളുടെ പെര്‍മിറ്റ്  ലഭിക്കുന്നതിന്  പെര്‍മിറ്റ് ഫീസില്‍ യുക്തിസഹമായ വര്‍ധനവ് വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. നിരക്ക് പിന്നീട് നിശ്ചയിക്കും. 

∙ ഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടങ്ങളുടെ നിലവിലുള്ള വസ്തു നികുതി 5% വര്‍ധിപ്പിക്കും. അടുത്ത വര്‍ഷം മുതല്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പുതിയ നിരക്കുകള്‍ ബാധകമായിരിക്കും. ഇതോടൊപ്പം അര്‍ഹതപ്പെട്ടവര്‍ക്ക് ഇളവുകളും നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ 30 ചതുരശ്ര മീറ്റര്‍ വരെ ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു നികുതിയിളവ്. ഇനി സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റര്‍ വരെയുള്ള  കെട്ടിടങ്ങള്‍ക്ക് വസ്തുനികുതി അടയ്‌ക്കേണ്ടതില്ല. ഈ ഇളവ് ഫ്‌ലാറ്റുകള്‍ക്ക് ബാധകമല്ല. അനധികൃത നിര്‍മ്മാണം പരിശോധനയില്‍ കണ്ടെത്തിയാല്‍ അനധികൃത ഭാഗത്തിന് മൂന്നിരട്ടി നികുതി ചുമത്തും, നടപടിയും സ്വീകരിക്കും. 1500 ചതുരശ്ര അടി വരെയുള്ള വീടുകളെ മൂന്നിരട്ടി വസ്തുനികുതി ചുമത്തുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

∙ ഫ്ലാറ്റുകളും അപാര്‍ട്‌മെന്റുകളും നിര്‍മിച്ച് 6 മാസത്തിനുള്ളില്‍ മറ്റൊരാള്‍ക്ക് കൈമാറുമ്പോഴുള്ള മുദ്രപത്ര നിരക്ക് 5 ശതമാനത്തില്‍നിന്ന് 7 ശതമാനമാക്കി.

English Summary: Kerala Government's Cess Collection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com