ADVERTISEMENT

തിരുവനന്തപുരം ∙ ഇടുക്കി ചിന്നക്കനാലിലെ ജനവാസ മേഖലയിൽ തുടരുന്ന അരിക്കൊമ്പനെന്ന കാട്ടാന നിമിത്തം ജനങ്ങൾ ഭീതിയിലാണെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇതിനകം ആനയെ പിടിക്കുമായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഇവിടെ ജീവനും സ്വത്തിനും നഷ്ടമുണ്ടാകുന്നുണ്ട്. കേസു കൊടുത്ത ആളുകൾ ഇവിടെ വന്ന് താമസിക്കട്ടെ എന്നാണ് ജനങ്ങൾ പറയുന്നത്. ജഡ്ജിയായാലും മതിയെന്ന് അവർ പറയുന്നു. അതേസമയം, താനങ്ങനെ പറയുന്നത് ശരിയല്ലല്ലോ എന്നും അദ്ദേഹം എടുത്തുപറഞ്ഞു.

‘കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ആനയെ പിടിച്ച് അവിടത്തെ ഗുരുതര പ്രശ്നത്തിന് പരിഹാരം കാണാമായിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണം കാരണം ജനങ്ങൾ ഭീതിയിലാണ്. ജീവനും സ്വത്തിനും നഷ്ടമുണ്ടാകുന്നുണ്ട്. വരുന്ന ആനയുടെ കൊമ്പിന് എത്ര നീളമുണ്ടെന്ന് നോക്കിയിട്ട് അല്ലല്ലോ... വരുന്ന ആനയെ അല്ലേ തടയേണ്ടത്? കേസ് കൊടുത്ത ആൾ ഒരാഴ്ച ഇവിടെവന്ന് താമസിക്കട്ടെ എന്നാണ് ജനങ്ങൾ പറയുന്നത്. ജഡ്ജിയായാലും മതി. ഞാനങ്ങനെ പറയുന്നത് ശരിയല്ലല്ലോ. അങ്ങനെ ജനങ്ങളുടെയൊരു ഡിമാൻഡുണ്ട്. അത് നമുക്ക് കോടതിയിൽ വയ്ക്കാൻ സാധിക്കില്ലല്ലോ’– മന്ത്രി ചൂണ്ടിക്കാട്ടി.

‘‘ആനയെ പിടിച്ചാലേ റേഡിയോ കോളർ ഘടിപ്പിക്കാൻ പറ്റൂ. ആനയെ പിടിക്കാൻ സമ്മതിക്കില്ല എന്നു പറയുന്നത് റേഡിയോ കോളർ ഘടിപ്പിക്കാൻ സമ്മതിക്കില്ല എന്നു പറയുന്നതു പോലെയാണ്. ആകാശത്തുനിന്ന് ആനയ്ക്കു റേഡിയോ കോളർ ഘടിപ്പിക്കാൻ കഴിയില്ല. ആനയെ പിടിക്കുന്നതാണ് പ്രശ്നപരിഹാരത്തിന്റെ ആദ്യഘട്ടം. പിടികൂടിയതിനുശേഷം എന്തു ചെയ്യും എന്നതിലാണ് ഹർജിക്കാരുടെ ആശങ്ക. ആനയെ പിടികൂടാതെ ഉൾക്കാട്ടിലേക്കു പറഞ്ഞു വിടാനേ സാധിക്കൂ. അതിൽ പ്രയോജനമില്ല. അരിക്കൊമ്പനെ പലതവണ ഉൾക്കാട്ടിലേക്ക് അയച്ചിട്ടും തിരികെ വന്നതാണ്’ – മന്ത്രി പറഞ്ഞു.

‘‘ജനങ്ങൾ വന്യമൃഗങ്ങളുടെ ആക്രമണ ഭീതിയിലാണ്. ജീവനും സ്വത്തും നഷ്ടമാകുന്നു. ആനയുടെ കൊമ്പിനോ പേരിനോ പ്രസക്തിയില്ല. ജനങ്ങൾക്ക് ഭീഷണിയാകുന്ന ആനയെ തടയേണ്ടതുണ്ട്. പ്രശ്ന പരിഹാരത്തിന് എന്താണ് ചെയ്യേണ്ടത് എന്നാണ് കോടതിയോട് ചോദിക്കുന്നത്. മെച്ചപ്പെട്ട നിർദേശം കോടതി തന്നാൽ സർക്കാർ മുഖം തിരിക്കില്ല. കോടതി വിധി വന്നാൽ ഉന്നതതല ആലോചന നടത്തും. അഡ്വ.ജനറൽ അടക്കമുള്ളവരുമായും വനം വകുപ്പിലെ ഉദ്യോഗസ്ഥരുമായും ആലോചിച്ച് തീരുമാനമെടുക്കും. ഇതര സംസ്ഥാനങ്ങൾക്ക് വന്യ മൃഗങ്ങളെ കൊടുക്കാൻ തയാറാണ്. പക്ഷേ പിടിച്ചാലേ കൊടുക്കാൻ കഴിയൂ എന്നും അപേക്ഷകൾ ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, അരിക്കൊമ്പനെ പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ച് വിടാനാണ് ഹൈക്കോടതി ഇന്നു നിർദ്ദേശം നൽകിയത്. വിദഗ്ധസമിതി റിപ്പോർട്ടിനുശേഷം ആനയെ പിടിച്ച് മാറ്റിപ്പാർപ്പിക്കുന്നതിൽ തീരുമാനം എടുക്കാമെന്നും ആനയെ പിടികൂടിയിട്ട് എന്തുചെയ്യാനെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചിരുന്നു. ആരാണ് ഉൾവനത്തിൽ ജനങ്ങളെ താമസിപ്പിച്ചത് ? താമസിക്കാൻ ഇത് അനുയോജ്യമായ ഭൂമി ആയിരുന്നോ? കൊടുംവനത്തിൽ ആളുകളെ പാർപ്പിച്ചതാണ് പ്രശ്നത്തിന് കാരണമെന്നും കോടതി പറഞ്ഞു.

അരിക്കൊമ്പനെ ഉൾവനത്തിൽ വിടുന്നതിനെപ്പറ്റി അഭിപ്രായം അറിയിക്കാൻ ഹൈക്കോടതി വിദഗ്ധസമിതി രൂപീകരിച്ചു. റേഡിയോ കോളർ പിടിപ്പിക്കാനുള്ള നടപടികൾ എടുക്കാമെന്നും കോടതി വാക്കാൽ പറഞ്ഞു. ആനയെ പിടികൂടി ആന ക്യാംപിലിടുന്നതിനെ അനുകൂലിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, കോടതിയുടെ നിരീക്ഷണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് പറഞ്ഞു. കോടതി എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിരീക്ഷണം നടത്തിയതെന്ന് മനസിലാകുന്നില്ല. ജനങ്ങൾ വനത്തിൽ കയറിയതുമൂലം ഉണ്ടായ പ്രശ്നമല്ല. ജനവാസ മേഖലയിലേക്ക് ആന കയറിവന്നതാണ്. ഈ സാഹചര്യത്തിൽ കോടതിയുടെ നിരീക്ഷണം തെറ്റാണെന്നും ലിജു പറഞ്ഞു.

Read Also: ‘പൂതന പരാമർശം സ്ത്രീവിരുദ്ധതയല്ല; ജി.സുധാകരൻ ഷാനിമോളെ വിളിച്ചപ്പോൾ കേസ് എടുത്തില്ല’

‘ജനങ്ങളെ മാറ്റിക്കൊണ്ട് ആനകളെ സംരക്ഷിക്കുക എന്നത് ജനങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. കോടതിയുടെ നിരീക്ഷണങ്ങൾ ജനങ്ങൾക്ക് അംഗീകരിക്കാനാകില്ല. 1960കളിൽ സർക്കാർ തന്നെ ആളുകളെ വനപ്രദേശത്ത് കുടിയിരുത്തിയിട്ടുണ്ട്. അന്നും ആനകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ പോലെ അക്രമകാരികളായ ആനകളുണ്ടായിരുന്നില്ല. 2003ൽ ജനങ്ങളെ കുടിയിരുത്തിയ സ്ഥലമാണ് 301 കോളനി. 50 ഓളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. ജനങ്ങളാണോ ആനയാണോ മുഖ്യം എന്നു ചോദിച്ചാൽ ജനങ്ങൾ എന്ന് തന്നെയാകും ഞങ്ങൾ പറയുക.’ – ലിജു വർഗീസ് പറഞ്ഞു.

English Summary: Kerala High court observations on Mission Arikkomban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com