ADVERTISEMENT

കൊച്ചി∙ തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ച ഇരുമ്പനം സ്വദേശി മനോഹരനെ മർദിച്ച സിഐയെ രക്ഷിക്കാൻ സിപിഎം ജില്ലാ നേതൃത്വം ശ്രമിക്കുന്നുവെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷന്‍ ലോക്കപ്പ് മര്‍ദനത്തിന്റെ കേന്ദ്രമാണെന്ന് സതീശൻ ആരോപിച്ചു. വാദികളെയും പ്രതികളെയും അവിടുത്തെ സിഐ മര്‍ദ്ദിക്കും. മര്‍ദനവീരനാണ് സിഐ. പാന്റിന്റെ പോക്കറ്റില്‍ കയ്യിട്ടു നിന്നതിന്റെ പേരില്‍ 18 വയസുകാരനെ മര്‍ദ്ദിച്ച് നട്ടെല്ല് പൊട്ടിച്ചു. ഇത് സംബന്ധിച്ച് കമ്മിഷണര്‍ക്ക് മുന്നില്‍ പരാതിയുണ്ട്. കുട്ടിയുടെ പിതാവ് നിയമസഭയിലെത്തി എന്നോട് പരാതി പറഞ്ഞതിനെ തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കണമെന്ന് കമ്മിഷണറെ വിളിച്ച് ആവശ്യപ്പെട്ടതാണ്. എന്നിട്ടും നടപടിയെടുത്തില്ലെന്നും സതീശൻ ആരോപിച്ചു.

‘‘പൊലീസ് മർദനത്തില്‍ കൊല്ലപ്പെട്ട ഇരുമ്പനം സ്വദേശി മനോഹരനെ എസ്ഐ അടിച്ചതിന് ദൃക്‌സാക്ഷിയുണ്ടായിരുന്നു. വാഹനത്തിലും സ്‌റ്റേഷനിലും വച്ച് നിരവധി പേരാണ് അദ്ദേഹത്തെ മര്‍ദ്ദിച്ചത്. സിഐ ഉള്‍പ്പെടെയുള്ളവര്‍ ഉത്തരവാദികളാണ്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷന്‍ ലോക്കപ്പ് മര്‍ദ്ദനത്തിന്റെ കേന്ദ്രമാണ്. അവിടുത്തെ സിഐയെ രക്ഷിക്കാന്‍ ജില്ലയിലെ സിപിഎം നേതൃത്വം സജീവമായുണ്ട്. വഴിയേ പോകുന്ന ആളുകളെ പൊലീസ് തല്ലിക്കൊല്ലുമെന്ന അവസ്ഥയില്‍ ജനങ്ങള്‍ എങ്ങനെ ജീവിക്കും? കസ്റ്റഡി മരണമുണ്ടായിട്ടും ലാഘവത്തോടെയാണ് സര്‍ക്കാര്‍ അതിനെ കൈകാര്യം ചെയ്യുന്നത്. ഇത് അംഗീകരിക്കാനാകില്ല. ശക്തമായ സമരവുമായി യുഡിഎഫ് മുന്നോട്ട് പോകും.’ – സതീശൻ വ്യക്തമാക്കി.

‘‘മുഖ്യമന്ത്രിയും മന്ത്രിമാരും ബ്രഹ്‌മപുരത്തെ കരാറുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. കരാറുകാരന്റെ പ്രസക്തിയെക്കുറിച്ച് നിയമസഭയില്‍10 മിനിറ്റാണ് തദ്ദേശവകുപ്പ് മന്ത്രി സംസാരിച്ചത്. അങ്ങനെയുള്ളപ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും താഴെയുള്ള കമ്മിഷണര്‍ കരാറുകാരനെതിരെ എങ്ങനെയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്? മുഖ്യമന്ത്രി കരാറുകാരനെ ഒക്കത്തെടുത്ത് നടക്കുകയാണ്. വെയിലത്ത് തീപിടിച്ചെന്നാണ് കണ്ടെത്തല്‍. വെയിലത്ത് 5 സ്ഥലത്തും ഒരേസമയം തീ പിടിക്കുന്നത് എങ്ങനെയാണ്? 54 കോടിയുടെ കരാറില്‍ 11 കോടി വാങ്ങി പോക്കറ്റില്‍ ഇട്ടിട്ട് ഒരു ലോഡ് മാലിന്യം പോലും നീക്കം ചെയ്തില്ല. കരാര്‍ അവസാനിക്കാറായപ്പോള്‍ മാലിന്യം കത്തിച്ചു കളഞ്ഞതാണ്. കത്തിയ മാലിന്യം നീക്കിയാതാണെന്ന് പറഞ്ഞ് കരാറുകാരന് ബാക്കി പണം കൂടി നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്.’ – സതീശൻ ചൂണ്ടിക്കാട്ടി.

ജനങ്ങളെ വിഷപ്പുകയില്‍ നിര്‍ത്തിയ സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷണര്‍ 26 ദിവസമെടുത്തത് എന്തിനാണ്? ആരാണ് കമ്മിഷണര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്? കരാറുകാരനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ഇറങ്ങിയിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം മുഖ്യമന്ത്രിയുടെ ഓഫിസ് ആദ്യമേ തന്നെ അറിഞ്ഞത് എങ്ങനെയാണ്? തീപിടിത്തം കണ്ടെത്താനുള്ള എന്തെങ്കിലും യന്ത്രം അവിടെ സ്ഥാപിച്ചിട്ടുണ്ടോ? മുഖ്യമന്ത്രിയുടെ ഓഫിസിന്റെ കണ്ടെത്തലിനു വിരുദ്ധമായ റിപ്പോര്‍ട്ട് പൊലീസിന് നല്‍കാനാകില്ല. സിപിഎമ്മിന് വേണ്ടപ്പെട്ടയാളാണ് കരാറുകാരന്‍. അതുകൊണ്ടാണ് കരാറുകാരനു വേണ്ടി എല്ലാ കോര്‍പറേഷനുകളിലേക്കും മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും വിളിച്ച് സമ്മര്‍ദ്ദം ചെലുത്തിയത്.’ – സതീശൻ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട് നിയമപരമായ നിരവധി മാര്‍ഗങ്ങള്‍ മുന്നിലുണ്ട്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തയാറെടുപ്പുകളും നടത്തിക്കൊണ്ടിരിക്കുകയാണ്. 2024ലെ തെരഞ്ഞെടുപ്പ് നേരിടാനുള്ള തയാറെടുപ്പ് യുഡിഎഫ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നില്ല. ഉപതെരഞ്ഞെടുപ്പ് വന്നാല്‍ അതേക്കുറിച്ച് അപ്പോള്‍ ആലോചിക്കുമെന്നും സതീശൻ പറഞ്ഞു.

English Summary: VD Satheesan Take A Dig At CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com