ADVERTISEMENT

ന്യൂഡൽഹി∙ അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സംഭവത്തിൽ പ്രതികരണവുമായി ജർമനി. കേസിൽ അടിസ്ഥാനപരമായ ജനാധിപത്യ തത്വങ്ങൾ പാലിക്കണമെന്ന് ജർമൻ വിദേശകാര്യ വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘‘ഇന്ത്യയിലെ പ്രതിപക്ഷകക്ഷിയിലെ നേതാവായ രാഹുൽ ഗാന്ധിക്കെതിരായ വിധിയും അദ്ദേഹത്തിന്റെ പാർലമെന്ററി അംഗത്വം സസ്പെൻഡ് ചെയ്തതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഞങ്ങളുടെ അറിവിൽ, വിധിക്കെതിരെ അപ്പീൽ നൽകാനുള്ള ഒരുക്കത്തിലാണ് രാഹുൽ ഗാന്ധി.’’– വിദേശകാര്യ വക്താവ് പറഞ്ഞു.

ഈ വിധി നിലനിൽക്കുമോയെന്നും അദ്ദേഹത്തെ എംപി സ്ഥാനത്തുനിന്നു സസ്പെൻഡ് ചെയ്തതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്നും അപ്പോൾ വ്യക്തമാകുമെന്നും അവർ കൂട്ടിച്ചേർത്തു. ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുടെയും മാനദണ്ഡങ്ങൾ കേസിൽ ബാധകമാകുമെന്ന് ജർമനി പ്രതീക്ഷിക്കുന്നതായി വക്താവ് പറഞ്ഞു.

രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട് കേസ് നിരീക്ഷിച്ചു വരികയാണെന്ന് ഈയാഴ്ച ആദ്യം യുഎസ് വ്യക്തമാക്കിയിരുന്നു. ജനാധിപത്യ മൂല്യങ്ങളോടു പ്രതിബദ്ധതയുള്ള പങ്കാളിത്തമാണ് യുഎസിന് ഇന്ത്യയോടെന്നും അഭിപ്രായ സ്വാതന്ത്ര്യവും മനുഷ്യാവകാശവും മുഖ്യഘടകങ്ങളായി കണക്കാക്കി രണ്ടു രാജ്യത്തെയും ജനാധിപത്യങ്ങളെ ശക്തമാക്കാനുള്ള ശ്രമം തുടരുമെന്നും അവർ വ്യക്തമാക്കിയിരുന്നു.

‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിന്റെ പേരിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കഴിഞ്ഞയാഴ്ച രണ്ടു വർഷം തടവുശിക്ഷ വിധിച്ചത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദി നൽകിയ അപകീർത്തി കേസിലാണ് വിധി. ഇതിനെ തുടർന്നു രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്ത കോടതി, രാഹുലിനു 15,000 രൂപയുടെ ജാമ്യവും അനുവദിച്ചു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പരാമർശത്തിനെതിരെയാണു കേസ്.

English Summary: "Expect Democratic Principles": Germany Reacts To Rahul Gandhi's Disqualification
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com