മുഖ്യമന്ത്രി പ്രതിയായ കേസ്: ലോകായുക്ത നാളെ വിധി പറയും; സർക്കാരിനു നിർണായകം

pinarayi-vijayan-6
പിണറായി വിജയൻ
SHARE

തിരുവനന്തപുരം∙ ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം സംബന്ധിച്ച്  മുഖ്യമന്ത്രി പിണറായി വിജയനെയും ഒന്നാം പിണറായി സർക്കാരിലെ 18 മന്ത്രിമാരേയും പ്രതിയാക്കി ഫയൽ ചെയ്ത പരാതിയിൽ ലോകായുക്ത നാളെ വിധി പറയും. നാളെ വിധി പറയേണ്ട കേസുകളുടെ പട്ടികയിൽ ദുരിതാശ്വാസനിധി കേസും ഉൾപ്പെടുത്തി. ലോകായുക്ത പരാമർശത്തെ തുടർന്നാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കെ.ടി.ജലീലിന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. വിധി എതിരായാൽ മുഖ്യമന്ത്രി രാജിവയ്ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് നിയമവിദഗ്ധർ പറയുന്നു.

ദുരിതാശ്വാസനിധി കേസില്‍ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെ തുടർന്ന് ഹർജിക്കാരനായ കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിധി പ്രഖ്യാപിക്കാനായി ലോകായുക്തയ്ക്കു പരാതി നൽകാൻ നിർദേശിച്ച കോടതി, ഏപ്രിൽ മൂന്നിലേക്ക് കേസ് മാറ്റിയിരിക്കുകയാണ്. 

എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റൻറ് എൻജിനീയർ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽനിന്ന് നൽകിയതിനെതിരെയാണ് ലോകായുക്തയിൽ കേസ് ഫയൽ ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സർക്കാർ ഉദ്യോഗത്തിനും മറ്റ് ആനു കൂല്യങ്ങൾക്കും പുറമേ 20 ലക്ഷം രൂപ നൽകിയത് ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗമാണെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

2022 ഫെബ്രുവരി 5ന് ലോകായുക്തയിൽ വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18ന് വാദം പൂർത്തിയായിരുന്നു. ആറു മാസത്തിനുള്ളിൽ ഹർജിയിൽ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാൻ ലോകായുക്ത തയാറായിട്ടില്ലെന്നും, വിധി പ്രഖ്യാപിക്കാൻ ലോകായുക്തയ്ക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ലോകായുക്തയിൽ കേസിന്റെ വാദം നടക്കുന്നതിനിടെ, ലോകായുക്തനിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താൻ കഴിയുന്നതാണ് ലോകായുക്തയുടെ 14–ാം വകുപ്പ്.  ലോകായുക്തയുടെ റിപ്പോർട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയിൽ കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവന്നതിനാലാണ് ഭേദഗതി കൊണ്ടുവന്നത്. ഓർഡിനൻസിന് പകരമുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ചതോടെ പഴയ നിയമമാണ് നിലനിൽക്കുന്നത്.

English Summary: Lok Ayukta to deliver verdict on case against Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS