ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ വിദേശരാജ്യങ്ങളുടെ ഇടപെടൽ തേടുന്നുവെന്ന വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ബിജെപി നേതാക്കളുടെ വിമർശനം. അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട രാഹുൽ ഗാന്ധിയെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കിയ നടപടിയുമായി ബന്ധപ്പെട്ട് യുഎസിനു പിന്നാലെ ജർമനിയും പരസ്യമായി അഭിപ്രായം രേഖപ്പെടുത്തിയതാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്. അതേസമയം രാഹുൽ വിദേശരാജ്യങ്ങളുടെ ഇടപെടൽ തേടിയെന്ന വിമർശനം തള്ളിക്കളഞ്ഞ കോൺഗ്രസ്, ഇക്കാര്യത്തിൽ തെളിവു ഹാജരാക്കാൻ ബിജെപിയെ വെല്ലുവിളിച്ചു.

കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, അനുരാഗ് ഠാക്കൂർ തുടങ്ങിയവരാണ് രാഹുൽ വിദേശരാജ്യങ്ങളുടെ ഇടപെടൽ ആവശ്യപ്പെട്ടുവെന്ന് വിമർശനമുയർത്തിയത്. എന്നാൽ, ഇത്തരമൊരു ഇടപെടലിനായി രാഹുൽ നീക്കം നടത്തിയതിന്റെ തെളിവു പുറത്തുവിടണമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുക മാത്രമാണ് രാഹുൽ ചെയ്തതെന്നും, അല്ലാതെ വിദേശരാജ്യങ്ങളുടെ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടി.

‘‘ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ വിദേശ ശക്തികളെ ക്ഷണിച്ച രാഹുൽ ഗാന്ധിക്ക് നന്ദി. ഓർക്കുക, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ വിദേശ ശക്തികളെ ഉപയോഗിച്ച് സ്വാധീനിക്കാനാകില്ല. ഇന്ത്യ ഒരിക്കലും ആഭ്യന്തര കാര്യങ്ങളിൽ വിദേശ രാജ്യങ്ങളുടെ ഇടപെടിൽ അംഗീകരിക്കില്ല. കാരണം ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേര് നരേന്ദ്ര മോദി എന്നാണ്’ – കിരൺ റിജിജു ട്വിറ്ററിൽ കുറിച്ചു.

‘രാഹുൽ ഗാന്ധിയും കോൺഗ്രസും ഇന്ത്യയുടെ ജനാധിപത്യ, രാഷ്ട്രീയ, നിയമ പോരാട്ടങ്ങൾ രാജ്യത്തിനുള്ളിൽ ഒതുക്കി നിർത്തുന്നതിൽ വിശ്വസിക്കുന്നില്ല എന്നത് രാജ്യത്തിനു തന്നെ അപമാനമാണ്. അങ്ങനെയാണ് അദ്ദേഹം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ രാജ്യങ്ങളുടെ ഇടപെടൽ തേടുന്നത്. പക്ഷേ, നരേന്ദ്ര മോദി നേതൃത്വം നൽകുന്ന നവഭാരതം ഇത്തരം വിദേശ ഇടപെടലുകൾ അംഗീകരിക്കില്ല’ – അനുരാഗ് ഠാക്കൂർ കുറിച്ചു.

രാഹുൽ ഗാന്ധി വിഷയത്തിൽ പ്രതികരിച്ച ജർമനിക്ക് നന്ദിയറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് നടത്തിയ പ്രതികരണം റീട്വീറ്റ് ചെയ്താണ് ഇരുവരും രൂക്ഷ വിമർശനം ഉയർത്തിയത്. രാഹുൽ ഗാന്ധിക്കെതിരായ നടപടിയിലൂടെ ഇന്ത്യയിൽ ജനാധിപത്യം നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് പ്രതികരിച്ച ജർമൻ വിദേശകാര്യ മന്ത്രാലയത്തിന് നന്ദിയറിയിക്കുന്നതായിരുന്നു ദിഗ്‌വിജയ് സിങ്ങിന്റെ ട്വീറ്റ്.

English Summary: "Thank You, Rahul Gandhi": Ministers Slam Congress Over Germany Statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com