തിരുവനന്തപുരം ∙ എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലറായി ഡോ.സജി ഗോപിനാഥിനെ നിയമിച്ചു. നിലവിൽ കേരള ഡിജിറ്റൽ സയൻസ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറാണ്. സാങ്കേതിക സർവകലാശാല വിസിയുടെ ചുമതലയുള്ള സിസ തോമസ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. വിസി നിയമനത്തിന് സർക്കാർ നൽകിയ പട്ടികയിൽ ഒന്നാം പേരുകാരനായിരുന്നു സജി ഗോപിനാഥ്.
മുൻനിലപാടിൽ മാറ്റം വരുത്തിയാണ് സജി ഗോപിനാഥിനെ ഗവർണർ വിസിയായി നിയമിച്ചത്. വിസി ചുമതലയിൽനിന്ന് സജി ഗോപിനാഥിനെ മാറ്റാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. യുജിസി മാനദണ്ഡങ്ങൾ പാലിക്കാതെ എം.എസ്.രാജശ്രീയെ നിയമിച്ചതിനെതിരെയുള്ള സുപ്രീംകോടതി വിധി സജി ഗോപിനാഥ് അടക്കമുള്ളവർക്കും ബാധകമാണെന്നായിരുന്നു ഗവർണറുടെ നിലപാട്.
വൈസ് ചാൻസലർ നിയമനത്തിന് ചാൻസലറായ ഗവർണർക്ക് പാനൽ കൈമാറുന്നതിനു പകരം ഒരു വ്യക്തിയുടെ പേരു മാത്രം നൽകിയത് ചട്ടവിരുദ്ധമാണെന്നായിരുന്നു രാജശ്രീ കേസിൽ സുപ്രീംകോടതി വിധി.
English Summary: Dr.Saji Gopinath appointed as temporary VC of Dr.APJ Abdul Kalam Technical University