മല്‍സ്യത്തൊഴിലാളി ജീവനൊടുക്കി; പലിശക്കാരന്‍റെ ആക്രമണത്തില്‍ മനംനൊന്തെന്ന് കുടുംബം
Mail This Article
തിരുവനന്തപുരം ∙ പലിശക്കാരന്‍റെ ആക്രമണത്തില്‍ മനംനൊന്ത് മല്‍സ്യത്തൊഴിലാളി ജീവനൊടുക്കിയതായി പരാതി. തിരുവനന്തപുരം ഓള്‍ സെയ്ന്റ്സ് സ്വദേശി സുജിത് കുമാറാണ് ആത്മഹത്യ ചെയ്തത്. പലിശയ്ക്കെടുത്ത പണം തിരിച്ചുനല്‍കിയില്ല എന്നാരോപിച്ച് രാജേന്ദ്രന്‍ എന്നയാൾ സുജിത്തിനെ മര്‍ദിച്ചതായി കുടുംബം ആരോപിക്കുന്നു.
വ്യാഴാഴ്ച വൈകിട്ട് എഴു മണിയോടെയാണ് ഓൾ സെയ്ന്റ്സ് സ്വദേശി സുജിത് കുമാർ ജീവനൊടുക്കിയത്. ഓൾ സെയ്ന്റ്സിൽ മത്സ്യക്കച്ചവടം നടത്തി വരികയായിരുന്നു സുജിത് കുമാർ.
ഇതേ പ്രദേശത്തു താമസിക്കുന്ന രാജേന്ദ്രൻ എന്നയാളിൽനിന്ന് സുജിത് പണം പലിശയ്ക്ക് കടമെടുത്തിരുന്നു. ഈ പണം തിരികെ നൽകിയില്ലെന്ന് ആരോപിച്ച് സുജിത് കുമാറിനെ ജോലി ചെയ്യുന്നിടത്തു വച്ചും വീട്ടിൽവച്ചും കഴിഞ്ഞ വ്യാഴാഴ്ച രാജേന്ദ്രൻ മർദ്ദിച്ചെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. സുജിത് കുമാറിനെ മർദ്ദിക്കുന്നതു കണ്ട് പിടിച്ചുമാറ്റാൻ ചെന്ന മകനെയും രാജേന്ദ്രൻ മർദ്ദിച്ചതായി പരാതിയുണ്ട്.
മർദ്ദനത്തിനിടെ കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ സുജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് സംഭവത്തേക്കുറിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ, പൊലീസ് നടപടി സ്വീകരിക്കാതെ ഒത്തുതീർപ്പിനു വിളിച്ചുവരുത്തുകയായിരുന്നു. ഇതിൽ മനംനൊന്ത് സുജിത് കുമാർ ആത്മഹത്യ ചെയ്തെന്നാണ് ബന്ധുക്കൾ പറയുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
English Summary: Fisherman Committed Suicide In Thiruvananthapuram