ADVERTISEMENT

തിരുവനന്തപുരം∙ രൂക്ഷമായ വാദപ്രതിവാദങ്ങൾക്കും, അന്തിമ വാദത്തിനുശേഷം വിധി പറയാൻ ഒരു വർഷത്തോളം കാലതാമസം വന്നതിന്റെ പേരിലുണ്ടായ വിവാദങ്ങൾക്കുമൊടുവിലാണ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗവുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്ത വിധി പറഞ്ഞത്. വിവാദങ്ങൾക്കൊടുവിൽ പുറത്തുവന്ന വിധിയാകട്ടെ, ഭിന്നവിധിയായി എന്ന പ്രത്യേകതയുമുണ്ട്. ഇതുമായി ബന്ധപ്പെട്ട ഹർജി ലോകായുക്തയുടെ പരിധിയിൽ വരുമോ എന്നതിനേക്കുറിച്ചു പോലും ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും തമ്മിൽ ഭിന്നതയുണ്ടായി എന്നാണ് വിവരം. വിധി പറയാൻ ഇത്രയധികം കാലതാമസം വന്ന കേസിലാണ്, ഹർജി അന്വേഷണ പരിധിയിലാണോ എന്നതിൽപ്പോലും ഇരുവർക്കും യോജിപ്പിലെത്താനായില്ലെന്ന് വ്യക്തമാക്കുന്ന വിധി.

ഹർജിയുമായി ബന്ധപ്പെട്ട വാദങ്ങൾക്കിടെ ലോകായുക്തയും ഉപലോകായുക്തയും ശ്രദ്ധേയ പരാമർശങ്ങൾ നടത്തിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള പണം ചട്ടങ്ങള്‍ ലംഘിച്ച് മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടേയും എൻസിപി നേതാവ് ഉഴവൂർ വിജയന്റെയും കുടുംബത്തിനു നൽകിയതിനെതിരെ മുന്‍ സർവകലാശാല ജീവനക്കാരനായ ആർ.എസ്.ശശികുമാറാണ് ലോകായുക്തയെ സമീപിച്ചത്.

ഏതു സർക്കാരായാലും തിരഞ്ഞെടുത്ത ജനങ്ങളുടെ പണം ‘കാട്ടിലെ തടി തേവരുടെ ആന’ എന്ന തരത്തിൽ തോന്നിയപോലെ ഉപയോഗിക്കാനാകുമോയെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വാദത്തിനിടെ ആരാഞ്ഞിരുന്നു. ദുരിതാശ്വാസ നിധി കേസ് ലോകായുക്ത പരിഗണിക്കുമ്പോഴാണ് ലോകായുക്തയുടെ അധികാരം കവരുന്ന ഭേദഗതി ഓർഡിനൻസ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചത്. അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താൻ കഴിയുന്നതാണ് ലോകായുക്തയുടെ 14–ാം വകുപ്പ്.  ലോകായുക്തയുടെ റിപ്പോർട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി.

ഭേദഗതി ഓർഡിനൻസ് വരുന്നതിനാൽ ഈ കേസിൽ തിടുക്കത്തിന്റെ ആവശ്യമുണ്ടോയെന്ന് ഉപലോകായുക്ത ഹാറുണ്‍ അൽ റഷീദ് വാദത്തിനിടെ ചോദിച്ചു. ഓർഡിനൻസ് ഭേദഗതി വരുന്നത് കേസുകൾ കൈകാര്യം ചെയ്യുന്ന രീതിക്കു ബാധകമല്ലെന്നായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫിന്റെ നിരീക്ഷണം. പൊതുപ്രവർത്തകരെ അയോഗ്യരായി പ്രഖ്യാപിക്കാൻ സെക്ഷൻ 14 പ്രകാരം ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നും, റിപ്പോർട്ട്‌  നടപ്പിലാക്കുന്നതിൽ മാത്രമേ ഭേദഗതി വന്നിട്ടുള്ളൂ എന്നുമുള്ള ഹർജിക്കാരനായ ആർ.എസ്.ശശികുമാറിന്റെ അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തിന്റെ അഭിപ്രായത്തോട് ലോകായുക്ത യോജിപ്പ് പ്രകടിപ്പിച്ചു.

മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് ദുരിതാശ്വാസനിധിയിൽ നിന്നും തുക അനുവദിച്ചതെന്നും മന്ത്രിസഭാ തീരുമാനം ലോകായുക്തയിൽ ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്നും സർക്കാർ അറ്റോണി ടി.എ. ഷാജി വാദം ഉന്നയിച്ചു. മന്ത്രിസഭ തീരുമാനമെടുത്ത വിഷയത്തിൽ അന്വേഷണം നടത്താൻ ലോകായുക്തയ്ക്കു കഴിയില്ല. മരണപ്പെട്ട പൊതുപ്രവർത്തകരുടെ കുടുംബത്തിനാണ് സഹായം നൽകിയത്. സമൂഹത്തിൽ ഏതു വിഭാഗത്തിലുള്ള ആളുകളായാലും സഹായിക്കണമെന്നാണ് സർക്കാർ നിലപാടെന്നും അതു തുടരുമെന്നും ടി.എ.ഷാജി പറഞ്ഞു.

എന്നാൽ, പൊതുമുതലെടുത്തല്ല ഔദാര്യം കാട്ടേണ്ടതെന്ന് ലോകായുക്ത മറുപടി പറഞ്ഞു. ധനസഹായം നൽകിയതിന് എതിരല്ലെന്നും, നിയമവിരുദ്ധമായി നൽകിയതാണ് കേസിലൂടെ ചോദ്യം ചെയ്തതെന്നും പരാതിക്കാരനുവേണ്ടി ഹാജരായ ജോർജ് പൂന്തോട്ടം പറഞ്ഞു. മന്ത്രിസഭയുടെ അനുമതിയില്ലാതെയാണ് തുക നൽകിയത്. നിയമപ്രകാരം മൂന്നു ലക്ഷം രൂപയ്ക്കു മുകളിൽ അനുവദിക്കാൻ മുഖ്യമന്ത്രിക്കു മാത്രമായി കഴിയില്ല. മന്ത്രി ഒറ്റയ്ക്കോ മന്ത്രിസഭ കൂട്ടായോ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് മന്ത്രിമാർ ഉത്തരവാദികളാണെന്നും പൊതുപ്രവർത്തകർ എന്ന നിലയിൽ മന്ത്രിമാർ ലോകായുക്തയുടെ പരിധിയിൽ വരുമെന്നും നിരവധി കോടതി വിധികൾ ചൂണ്ടിക്കാട്ടി ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു.

ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കേണ്ടതല്ലേയെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് വാദത്തിനിടെ വാക്കാൽ നിരീക്ഷിച്ചു. ഒരു കുടുംബത്തിനു പണം നൽകുമ്പോൾ സാമ്പത്തിക ചുറ്റുപാട് പരിഗണിക്കണ്ടേതല്ലെ? മന്ത്രിസഭാ തീരുമാനം ഇല്ലെങ്കിലും മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ച് പണം നൽകാം, പക്ഷേ അത് അർഹതപ്പെട്ടവർക്കല്ലേ നൽകേണ്ടതെന്നും ജസ്റ്റിസ്‌ നിരീക്ഷിച്ചു. ലോകായുക്തയുടെ അധികാരം കവരുന്ന ഭേദഗതി ഓർഡിനൻസിനെതിരെയും വാദത്തിനിടെ വിമർശനം ഉണ്ടായി. നിയമസഭ കൂടാനിരിക്കെ ലോകായുക്ത നിയമം ഓർഡിനൻസിലൂടെ ഭേദഗതി ചെയ്തത് ഒഴിവാക്കാമായിരുന്നുവെന്നും, ആലോചനയില്ലാതെ ദുരിതാശ്വാസ നിധി അനുവദിക്കുന്നതിൽ എടുത്തുചാടി തീരുമാനം എടുത്തത് കൊണ്ടാണ് പഴി കേൾക്കേണ്ടി വന്നതെന്നും ഉപലോകായുക്ത ഹാറുൺ അൽ റഷീദ് പറഞ്ഞു. സർക്കാർ വടി കൊടുത്ത് അടിവാങ്ങുകയാണെന്നും ആദ്ദേഹം പരാമർശിച്ചു.

ഓർഡിനൻസ് ഭേദഗതി വരുന്നത് കേസുകൾ കൈകാര്യം ചെയ്യുന്ന രീതിക്കു ബാധകമല്ലെന്നു ജസ്റ്റിസ് സിറിയക് ജോസഫ് നിരീക്ഷിച്ചു. കേസിൽ വിധി പുറപ്പെടുവിക്കുംവരെ ലോകായുക്തയുടെ അധികാരം നിയമാനുസൃതം പോകും. വിധി നടപ്പിലാക്കുന്നത് സംബന്ധിച്ചാണ് ഓർഡിനൻസ് ഭേദഗതി ബാധകമാകുന്നത്. ലോകായുക്ത നിയമത്തിലെ സെക്‌ഷന്‍ 14 പ്രകാരം റിപ്പോര്‍ട്ട് കൊടുക്കാന്‍ ഇപ്പോഴും ലോകായുക്തയ്ക്ക് അധികാരമുണ്ട്. റിപ്പോര്‍ട്ട് എന്ത് ചെയ്യണമെന്ന ചോദ്യം പിന്നീടാണ് ഉയരുന്നതെന്നും സിറിയക് ജോസഫ് വാദത്തിനിടെ ചൂണ്ടിക്കാട്ടി.

English Summary: Kerala Lokayukta order in crucial case against CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com