ബിജെപി മക്കള്‍ക്ക് ചേക്കേറാനുള്ള അഭയകേന്ദ്രമോ; അനില്‍ ആന്‍റണിയുടെ ഉള്ളിലിരിപ്പ്?; കുറിപ്പ്

anil-k-antony
എ.കെ. ആന്റണിയും കുടുംബവും, കെ.ടി. ജലീൽ (Screengrab: Manorama News)
SHARE

മലപ്പുറം ∙ കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ ആന്റണിയുടെ മകൻ അനിൽ.കെ. ആന്റണിയുടെ ബിജെപി അനുകൂല നിലപാടുകളെ വിമർശിച്ച് കെ.ടി ജലീൽ എംഎൽഎ. ബിജെപി രാജ്യത്തെ ഇതര പാർട്ടികളെപ്പോലെ ഒരു രാഷ്ട്രീയ പാർട്ടി അല്ല എന്ന സത്യം കോൺഗ്രസ് നേതാക്കൾ ഒരിക്കൽ പോലും പാർട്ടി പ്രവർത്തകർക്ക് പറഞ്ഞ് കൊടുക്കുകയോ പഠിപ്പിച്ച് കൊടുക്കുകയോ ചെയ്തില്ല. ഭാവിയിൽ മക്കൾക്ക് ചേക്കേറാനുള്ള അവസാനത്തെ അഭയകേന്ദ്രമാണ് ബിജെപിയെന്ന് ദീർഘ ദർശനം ചെയ്തതായിരിക്കുമോ അതിന്റെ കാരണം?'. ജലീല്‍ കുറിക്കുന്നു.

കെ.ടി. ജലീലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

അനിൽ കെ ആന്റണിയുടെ ഉള്ളിലിരിപ്പ് പിടികിട്ടി !!! 

ബിജെപി രാജ്യത്തെ ഇതര പാർട്ടികളെപ്പോലെ ഒരു രാഷ്ട്രീയ പാർട്ടി അല്ല എന്ന സത്യം കോൺഗ്രസ് നേതാക്കൾ ഒരിക്കൽ പോലും പാർട്ടി പ്രവർത്തകർക്ക് പറഞ്ഞ് കൊടുക്കുകയോ പഠിപ്പിച്ച് കൊടുക്കുകയോ ചെയ്തില്ല. ഭാവിയിൽ മക്കൾക്ക് ചേക്കേറാനുള്ള "അവസാനത്തെ അഭയകേന്ദ്രമാണ്" (Last Resort) ബിജെപിയെന്ന് ദീർഘ ദർശനം ചെയ്തതായിരിക്കുമോ അതിന്റെ കാരണം? അറിയില്ല!

ബിജെപിക്ക് പിന്നിൽ ഹിന്ദുത്വ രാഷ്ട്രവാദികളായ ആർഎസ്എസ് ഉണ്ടെന്നതാണ് മറ്റു പാർട്ടികളിൽ നിന്ന് ബിജെപിയെ വ്യത്യസ്തമാക്കുന്ന ഏറ്റവും വലിയ ഘടകം. മതേതര രാജ്യമായ ഇന്ത്യയിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ബിജെപിക്ക് ആർഎസ്എസ് എന്ന പോലെ ഒരു മതഗുരുനാഥനില്ല. പശുവിന്റെ പേരിലുള്ള മനുഷ്യക്കൊലകളെ ബിജെപി ഇന്നോളം അപലപിച്ചിട്ടില്ല. ഗുജറാത്ത് വംശഹത്യയെ ബിജെപി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്ത് നിലംപരിശാക്കിയ സംഭവത്തിൽ ബിജെപി ഇക്കാലമത്രയും ഖേദം പ്രകടിപ്പിച്ചിട്ടില്ല. കാശിയിലെ ഗ്യാൻവാപി മസ്ജിദും മഥുരയിലെ ഈദ്ഗാഹ് മസ്ജിദും പിടിച്ചടക്കാനുള്ള സംഘ് പരിവാർ നീക്കത്തോട് ഈ നിമിഷം വരെ ബിജെപി വിയോജിച്ചിട്ടില്ല. ക്രൈസ്തവ ദേവാലയങ്ങൾ തകർക്കപ്പെട്ട സംഭവത്തിലും നിരവധി ക്രൈസ്തവ വിശ്വാസികൾ പീഡിപ്പിക്കപ്പെട്ട വിഷയത്തിലും ബിജെപി യാതൊരു പ്രതിഷേധവും രേഖപ്പെടുത്തിയിട്ടില്ല. ക്രൈസ്തവ മിഷനറിമാർ മതംമാറ്റത്തിന് നേതൃത്വം നൽകുന്നവരാണെന്ന സംഘമിത്രങ്ങളുടെ അസത്യ പ്രചരണങ്ങളെ ബിജെപി ഇതെഴുതുന്ന സമയം വരെ തിരുത്തിയിട്ടില്ല. 

പറഞ്ഞുവന്നാൽ പട്ടിക ഇനിയും ഒരുപാട് നീളും. മേൽ സൂചിപ്പിച്ച വസ്തുതകൾ തന്നെ ധാരാളമാണ് ബിജെപി മറ്റു പാർട്ടികളെപ്പോലെ ഒരു രാഷ്ട്രീയ പാർട്ടിയല്ലെന്ന് മനസ്സിലാക്കാൻ. ഇത്തരം പ്രാഥമിക കാര്യങ്ങൾ പോലും കോൺഗ്രസിന്റെ മുതിർന്നവരും മുതിരാത്തവരുമായ നേതാക്കൾ സ്വന്തം മക്കളെപ്പോലും പഠിപ്പിച്ചില്ല. അതിന്റെ അനന്തരഫലമാണ് അനിൽ കെ. ആന്റണിമാർ.

English Summary: KT Jaleel fb post against Anil K Antony.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS