ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ കേന്ദ്ര ഏജൻസികൾക്ക് അനുകൂലമായ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങളെ എതിർക്കുന്നതിൽ കോൺഗ്രസിന് ചാഞ്ചാട്ട മനോഭാവമാണ്. തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തപ്പോഴും കോൺഗ്രസ് പ്രതിഷേധിച്ചില്ലെന്ന് ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

കേന്ദ്ര എജൻസികൾ എല്‍ഡിഎഫ് സർക്കാരിനെതിരെ നടത്തുന്ന നീക്കങ്ങളെ കോൺഗ്രസ് വാനോളം പുകഴ്ത്തുന്നു. കോൺഗ്രസ് നേതൃത്വത്തിനെതിരെ കേന്ദ്ര ഏജൻസികൾ നടത്തുന്ന കടന്നാക്രമണത്തെ മാത്രമേ പ്രതിരോധിക്കേണ്ടതുള്ളു എന്നാണ് കോൺഗ്രസ് നിലപാടെന്ന് ഗോവിന്ദൻ വിമർശിച്ചു. ‘‘പ്രതിപക്ഷ രാഷ്ട്രീയത്തിനെതിരെ ബിജെപി സർക്കാരിന് അസഹിഷ്ണുതയാണ്. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത് ജനാധിപത്യവിരുദ്ധമാണ്. സിപിഎം സംസ്ഥാന സമിതി വിഷയം ചര്‍ച്ച ചെയ്തെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഭീഷണിപ്പെടുത്തലിനു വിധേയരാകുന്ന ആളുകളാണെങ്കിൽ അവർ എങ്ങനെയാണ് ജഡ്ജിമാരാകുന്നതെന്നും ഗോവിന്ദൻ ചോദിച്ചു. ദുരിതാശ്വാസനിധി കേസിൽ ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയാണെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘‘കേസ് നിയമപരമായാണ് ലോകായുക്ത ഫുൾ ബഞ്ചിന് വിട്ടത്. അതിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല. ഭീഷണിപ്പെടുത്താൻ കഴിയുന്ന ആളാണെങ്കിൽ എങ്ങനെയാണ് ജഡ്ജിയാകുന്നത്. കേസിൽ സർക്കാർ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ലോകായുക്ത പറയുന്നു ഫുൾ ബഞ്ചിലേക്ക് പോകട്ടെ എന്ന്. ഫുൾ ബഞ്ചിലേക്കാണ് പോകുന്നതെങ്കിൽ പോകട്ടെ. അതിലൊന്നും പ്രശ്നമില്ല’– ഗോവിന്ദൻ പറഞ്ഞു.

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ ഒരാക്ഷേപവും പാർട്ടിക്ക് മുന്നിലില്ലെന്നു എം.വി.ഗോവിന്ദൻ പറഞ്ഞു. വയനാട് ഉപതിരഞ്ഞെടുപ്പ് വന്നാൽ എൽഡിഎഫ് ഉറപ്പായും മത്സരിക്കും. ജനാധിപത്യവിരുദ്ധ നിലപാടിനെ എതിർക്കുകയും യുഡിഎഫ് സ്ഥാനാർഥി മത്സരിച്ചാൽ യുഡിഎഫിനെ എതിർക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്യും. അതിനൊരു വിട്ടുവീഴ്ചയും ഉദ്ദേശിക്കുന്നില്ല. ഫാസിസ്റ്റ് വിരുദ്ധ നിലപാട് സിപിഎമ്മാണ് ഉയർത്തുന്നത്. അതുകൊണ്ട് കോൺഗ്രസിന് സിപിഎമ്മിനെ പിന്തുണയ്ക്കാമെന്നും ഗോവിന്ദൻ പറഞ്ഞു.

English Summary: M.V Govindan Takes A Dig At Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com