ADVERTISEMENT

തിരുവനന്തപുരം∙ സാഹിത്യകാരി സാറാ തോമസ് (88) അന്തരിച്ചു. പുലർച്ചെ നന്ദാവനം പൊലീസ് ക്യാംപിനു സമീപത്തെ മകളുടെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് വിവരം. 17 നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയ സാറാ തോമസ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. നാർമടിപ്പുടവ എന്ന നോവലാണ് ഏറ്റവും ശ്രദ്ധേയമായ കൃതി. സാറാ തോമസിന്റെ സംസ്കാരം നാളെ പാറ്റൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയില്‍. 

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയായ സാറാ തോമസിന്റെ ആദ്യ നോവൽ ‘ജീവിതം എന്ന നദി‘ എന്നതാണ്. അവരുടെ 34–ാം വയസിലാണ് നോവൽ പുറത്തിറങ്ങിയത്. ഭർത്താവ് ഡോ. തോമസ് സക്കറിയയുടെ രോഗികളായി വീട്ടിൽ എത്തുന്നവരിൽനിന്നാണ് സാറയുടെ ജീവിതനിരീക്ഷണവും കഥാപാത്ര രൂപീകരണവും ആരംഭിച്ചത്. ദൈവമക്കൾ, മുറിപ്പാടുകൾ, വേലക്കാർ തുടങ്ങി വായനക്കാർ ഓർത്തുവയ്ക്കുന്ന കുറെ കൃതികൾ പിന്നീട് അവരുടേതായി ഉണ്ടായി. നാർമടിപ്പുടവയ്ക്കും സമഗ്ര സംഭാവനയ്ക്കുമായി രണ്ടുതവണ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. മുറിപ്പാടുകളും (മണിമുഴക്കം) അസ്തമയവും പവിഴമുത്തുമൊക്കെ ചലച്ചിത്രങ്ങളുമായി.

ദൈവമക്കളിൽ ദലിതർ അനുഭവിച്ച കടുത്ത അനീതിയെക്കുറിച്ചും സാമൂഹിക അസമത്വത്തെക്കുറിച്ചുമൊക്കെയാണു പറഞ്ഞത്. നാർമടിപ്പുടവയിൽ അഗ്രഹാരങ്ങളിലെ സ്ത്രീജീവിതത്തെക്കുറിച്ചായിരുന്നു. സ്വന്തം എഴുത്തിനെക്കുറിച്ചു സാറാ തോമസ് പറഞ്ഞതിങ്ങനെ: ‘‘ദലിത് എഴുത്തുകാരി എന്നോ പെണ്ണെഴുത്തുകാരി എന്നോ എന്നെ വേർതിരിക്കുന്നതിനോടു താൽപ്പര്യമില്ല. ഞാൻ എഴുത്തിലെ ജനറൽ സർജനാണ്. സാധാരണക്കാരുടെ എഴുത്തുകാരിയായി കാണാനാണ് എനിക്കിഷ്ടം. എന്നാൽ, ‘സ്പെഷലിസ്റ്റു’കളോട് എനിക്ക് വിരോധവുമില്ല. എല്ലാം വേണം. ചെറുപ്പത്തിലേ ചിറകുവെട്ടിപ്പോയ പക്ഷിയാണ് ഞാൻ. വെട്ടിയൊതുക്കിയ ചിറകുകളുമായാണ് ഞാൻ വളർന്നത്. കുടുംബിനിയായിനിന്നേ എഴുതിയിട്ടുള്ളൂ. എഴുത്തിന് എപ്പോഴും രണ്ടാംസ്ഥാനമാണു കൊടുത്തത്. അതിന്റെ കോട്ടം എന്റെ എഴുത്തിലുണ്ട് എന്ന് ആരെക്കാളും നന്നായി എനിക്കറിയാം. വീട്ടിൽ എല്ലാവരും ഉറങ്ങിയശേഷമാണ് എഴുതിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതുപോലും. എന്നാൽ, ഒട്ടും സങ്കടമില്ല. ഒരു ജീവിതത്തിൽ എല്ലാം കിട്ടില്ലല്ലോ. പക്ഷേ, ചെറുപ്പത്തിൽ അനുഭവിച്ച അസ്വാതന്ത്ര്യത്തെക്കുറിച്ചോർത്ത് പിന്നീട് ദുഃഖം തോന്നിയിട്ടുണ്ട്.’’

English Summary: Sarah Thomas passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com