ന്യൂഡൽഹി / പട്ന ∙ രാഹുലിനെതിരായ അപകീർത്തിക്കേസിൽ ഉത്തരവ് പുറപ്പെടുവിച്ച സൂറത്ത് കോടതിയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എച്ച്.എച്ച്.വർമയെ ജില്ലാ ജഡ്ജിയാക്കുന്നതിനു മുന്നോടിയായുള്ള സിലക്ട് ലിസ്റ്റ് പുറത്തുവന്നത് ചർച്ചയായി. സർവീസിലുള്ള സീനിയർ സിവിൽ ജഡ്ജിമാർക്ക് സ്ഥാനക്കയറ്റം നൽകുന്നതുമായി ബന്ധപ്പെട്ട പട്ടികയാണിത്.
ഈ മാസം 23നാണ് രാഹുൽ ഗാന്ധിക്കെതിരായ ഉത്തരവ് പുറത്തുവന്നത്. ഇതിനു രണ്ടാഴ്ച മുൻപത്തേതാണു പട്ടിക. 68 പേരുടെ പട്ടികയിൽ 58–ാം പേരുകാരനായ വർമയ്ക്ക് 200 ൽ 127 മാർക്കുണ്ട്.
അന്തിമ നിയമനവിജ്ഞാപനമായിട്ടില്ലെങ്കിലും വൈകാതെ ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം ഉണ്ടാകുമെന്നാണു സൂചന. രാഹുലിനെതിരായ ഉത്തരവിനുള്ള പാരിതോഷികമാണ് ഇതെന്നു കോൺഗ്രസ് ആരോപിച്ചിരുന്നു.
‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിന്റെ പേരിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 2 വർഷം തടവുശിക്ഷ വിധിച്ചത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദി നൽകിയ അപകീർത്തി കേസിലായിരുന്നു സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ വിധി. അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്ത കോടതി, രാഹുലിനു 15,000 രൂപയുടെ ജാമ്യവും അനുവദിച്ചിരുന്നു.
അതേസമയം, 2 വർഷമോ അതിലധികമോ തടവുശിക്ഷ ലഭിച്ചാൽ ജനപ്രതിനിധിക്ക് അയോഗ്യത ബാധകമാകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പു പ്രകാരം രാഹുൽ ഗാന്ധിക്ക് വയനാട് എംപി സ്ഥാനവും നഷ്ടമായിരുന്നു.
English Summary: Surat Court Judge Who Sentenced Rahul Gandhi Is Listed For Promotion