ലണ്ടൻ ∙ യുകെ പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ വർഷം പല സമയങ്ങളിലായി ഒരാഴ്ചയ്ക്കുമേലുള്ള യാത്രയ്ക്ക് സ്വകാര്യ ജെറ്റിനായി 5 ലക്ഷം യൂറോ ചെലവഴിച്ചെന്ന് ബ്രിട്ടിഷ് മാധ്യമമായ ദ് ഗാർഡിയൻ. കാബിനറ്റ് ഓഫിസ് ഡോക്യുമെന്റിലാണ് ഇതുസംബന്ധിച്ച വിവരം. ഈജിപ്തിലെ കാലാവസ്ഥാ ഉച്ചകോടിയിൽ (സിഒപി27) പങ്കെടുക്കാൻ സുനക് സ്വകാര്യ ജെറ്റിൽ പറന്നതിനു മാത്രം 1.08 ലക്ഷം യൂറോ സർക്കാർ ചെലവഴിച്ചു. നവംബർ ആറിന് പോയ സുനക് പിറ്റേന്ന് തിരിച്ചെത്തിയിരുന്നു.
ഒരാഴ്ചയ്ക്കുശേഷം ഇന്തൊനീഷ്യയിലെ ബാലിയിലേക്ക് ജി20 ഉച്ചകോടിക്കായി പറന്ന സ്വകാര്യ ജെറ്റിൽ സുനക് പോയതിന്റെ ചെലവ് 3.40 ലക്ഷം യൂറോയാണ്. ഡിസംബറിൽ ലാത്‌വിയയിലേക്കും എസ്റ്റോണിയയിലേക്കും നടത്തിയ യാത്രയ്ക്ക് 62,498 യൂറോയും വ്യക്തിഗത ചെലവായി 2500 യൂറോയും ചെലവഴിച്ചു.
നികുതിദായകരുടെ ഇത്രയധികം പണം ചെലവഴിച്ചത് ഞെട്ടിച്ചുവെന്ന് ലിബറൽ ഡെമോക്രാറ്റുകൾ ആരോപിച്ചു. പ്രധാനമന്ത്രിയെ അനുഗമിക്കുന്ന മറ്റ് ഉദ്യോഗസ്ഥരുടെ ചെലവുകളെക്കുറിച്ച് ഈ രേഖയിൽ പറയുന്നില്ല. ബാലിയിലെ പരിപാടിയിൽ കുറഞ്ഞത് 35 ഉദ്യോഗസ്ഥർ സുനകിനൊപ്പം പങ്കെടുത്തിരുന്നു. യുകെയിലെ മാധ്യമപ്രവർത്തകരും വിമാനയാത്രകളിൽ പ്രധാനമന്ത്രിയെ അനുഗമിക്കാറുണ്ട്. എന്നാൽ ഇവർ ടിക്കറ്റ് എടുത്താണ് യാത്ര ചെയ്യുക.
പാസഞ്ചർ യാത്രകൾക്കായി തയാറാക്കപ്പെട്ടിരിക്കുന്ന ആർഎഎഫ് വോയേജർ വിമാനം പ്രധാനമന്ത്രിയുടെ ഓഫിസിനു ലഭ്യമാണെങ്കിലും റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന എല്ലാ യാത്രകളും ടൈറ്റൻ എയർവേസിന്റെ ചാർട്ടേഡ് എയർബസ് എ321ൽ ആണ് നടത്തിയിരിക്കുന്നത്. യുകെ സർക്കാരിനുവേണ്ടി പറക്കുന്ന വിമാന കമ്പനിയാണിത്. വിമാനങ്ങളുടെ ടെയിൽ ഫിന്നിൽ ബ്രിട്ടന്റെ യൂണിയൻ പതാകയും ഉൾപ്പെടുത്തിയിട്ടുണ്ട് ഇതോടെ മറ്റു ലോക നേതാക്കൾ ഉപയോഗിക്കുന്ന ഔദ്യോഗിക വിമാനത്തിന്റെ സ്വഭാവം ഈ വിമാനത്തിനും കൈവരും.
English Summary: Downing Street Defends UK PM Sunak’s £500k in Private Jet Trips amid Opposition Outcry