ചെങ്ങന്നൂര്‍∙ ജില്ലാ ആശുപത്രിയില്‍ എട്ടുമാസം ഗര്‍ഭിണിയായ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി അഞ്ജനി റായിയാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയാണ് അപസ്മാര രോഗലക്ഷണങ്ങളുമായി സരണ്‍ എന്ന അതിഥിത്തൊഴിലാളിയെ ഒപ്പം ജോലി ചെയ്യുന്ന ആറ് പേരുടെ സംഘം ആശുപത്രിയിലെത്തിച്ചത്.
ആ സമയം അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫിസര്‍ ഡോ. നീരജ അനു ജയിംസ് രോഗിക്കു ചികില്‍സ നല്‍കി. ഇയാള്‍ക്കു ബോധം തെളിഞ്ഞപ്പോള്‍ തുടർ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ഡോക്ടർ നിര്‍ദേശിച്ചു.
ഇതോടെ രോഗിയുടെ കൂടെ എത്തിയവര്‍ ഡോക്ടറുമായി തര്‍ക്കിക്കുകയും ബിഹാര്‍ സ്വദേശി അഞ്ജനി റായി ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനും മര്‍ദനമേറ്റു. ചെങ്ങന്നൂര്‍ പൊലീസ് ആശുപത്രിയിലെത്തി അഞ്ജനി റായിയെ അറസ്റ്റ് ചെയ്തു.
English Summary: Pregnant doctor attacked by migrant labour, Chengannur