ADVERTISEMENT

പാലക്കാട് ∙ ട്രെയിനുകളിൽ രാത്രി 10നു ശേഷം ഉച്ചത്തിൽപാട്ടുവച്ചും ചർച്ച നടത്തിയും ആവശ്യമില്ലാതെ ലൈറ്റു ഓൺചെയ്തും മറ്റു യാത്രികരുടെ ഉറക്കം കെടുത്തുന്നവർക്കെതിരെ നടപടി കർശനമാക്കാൻ റെയിൽവേ. ലംഘിക്കുന്നവർക്കെതിരെ സംഭവത്തിന്റെ ഗൗരവമനുസരിച്ച് പിഴ ഈടാക്കാനാണ് നിർദ്ദേശം.

രാത്രിയാത്ര സംബന്ധിച്ച് നേരത്തെ ഇറക്കിയ വ്യവസ്ഥകളിൽ ചിലത് പുതുക്കിയിട്ടുണ്ട്. ഉറക്കസമയത്ത് യാത്രക്കാരുടെ ടിക്കറ്റ് പരിശോധനയിലും നിയന്ത്രണങ്ങളുണ്ട്.  രാത്രി യാത്രകളിൽ നേരിടുന്ന വിവിധപ്രശ്നങ്ങളെക്കുറിച്ചുളള വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ്  ഉദ്യോഗസ്ഥർക്കു റെയിൽവേയുടെ നിർദ്ദേശങ്ങൾ.

സംഘമായി യാത്രചെയ്യുന്നവർ രാത്രി 10 നു ശേഷം മറ്റുള്ളവരുടെ ഉറക്കം തടസ്സപ്പെടുത്തുന്ന വിധത്തിൽ നടത്തുന്ന സംസാരം പലപ്പോഴും നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകുന്നു. ഇടപെടുന്നവർക്കെതിരെ ഇവർ നീങ്ങുന്ന സാഹചര്യവുമുണ്ട്. പുതിയ നിർദ്ദേശമനുസരിച്ച് രാത്രി 10 ന് ശേഷം ഓൺലൈനിൽ ഭക്ഷണം നൽകില്ല. എന്നാൽ, ഇ-കാറ്ററിങ്ങിലൂടെ  രാത്രി ഭക്ഷണമോ, പ്രഭാതഭക്ഷണമോ മുൻകൂട്ടി ഓർഡർചെയ്യുന്നതിനു തടസ്സമില്ല.

കംപാർട്ടുമെന്റിലോ കോച്ചിലോ ഇരിക്കുന്ന യാത്രക്കാരൻ മൊബൈലിൽ ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല. ഉറക്കസമയത്ത് ലൈറ്റുകൾ ആവശ്യമില്ലാതെ ഓൺ ചെയ്യരുത്. റിസർവ് കോച്ചുകളിൽ, ഉറക്കസമയമായ രാത്രി 10 നും രാവിലെ ആറിനും ശേഷം താഴത്തെ ബർത്ത് മറ്റു യാത്രക്കാർക്കും ഇരിക്കാനുളളതാണ്. മുകൾ ബർത്ത് കിട്ടിയവർ രാത്രി 10 നുശേഷം ലോവർ ബർത്തിൽ ഇരിക്കരുത്.

അതേസമയം, 10 മണിക്കുശേഷം, ടിടിഇമാരുടെ ടിക്കറ്റു പരിശോധന വേണ്ടെന്ന നിർദ്ദേശം പ്രായോഗികമല്ലെന്നാണ് ജീവനക്കാർക്കിടയിലെ ചർച്ച. ദീർഘദൂര ട്രെയിനുകളിൽ സുരക്ഷിതത്വത്തിന്റെ ഭാഗമായും പലപ്പോഴും പരിശോധിക്കേണ്ടതായി വരും. എന്നാൽ, ചെറിയ ദൂരത്തേയ്ക്കുളള ടിക്കറ്റുകളുടെ പരിശോധനയിൽ ഇളവ് നൽകാനാകും.

യാത്രക്കാരിലെ ഗർഭിണികൾ, ദിവ്യാംഗർ, രോഗികൾ എന്നിവർക്ക് നേരത്തേ കിടക്കേണ്ടി വരുമെന്നതിനാൽ, മറ്റുയാത്രക്കാർ സഹകരിക്കണമെന്നാണ് റെയിൽവേയുടെ അഭ്യർഥന. രാത്രിയാത്രയിൽ പൊതുമര്യാദ പാലിക്കുന്നുവെന്നു നിരീക്ഷിക്കാനും പ്രശ്നങ്ങളിൽ ഉടനടി ഇടപെടാനും ഓൺ-ബോർഡ് ടിടിഇ, കാറ്ററിങ് സ്റ്റാഫ്, മറ്റു ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശം. പുകവലി, മദ്യപാനം തുടങ്ങി, പൊതുസ്വീകാര്യമല്ലാത്ത പ്രവൃത്തികൾ അനുവദിക്കില്ലെന്നും ട്രെയിനിൽ കത്തുന്ന വസ്തുക്കൾ കൊണ്ടുപോകുന്നത് റെയിൽവേ നിയമത്തിന്റെ കടുത്തലംഘനമായി കണക്കാക്കുമെന്നും ബോർഡ് ആവർത്തിച്ച് വ്യക്തമാക്കി.

English Summary: Railway impose strict rules against night sleep disturbance in Trains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com