ADVERTISEMENT

2016 ലെ യുഎസ് തിരഞ്ഞെടുപ്പു സമയത്ത്, ലൈംഗികാരോപണം പുറത്തു പറയാതിരിക്കാനായി പോൺ താരം സ്റ്റോമി ഡാനിയൽസിനു പണം നൽകിയെന്ന കുറ്റം മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനുമേൽ ചാർത്തപ്പെട്ടിരിക്കുകയാണ്. 1.30 ലക്ഷം യുഎസ് ഡോളര്‍ നല്‍കിയത് ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്. ട്രംപിനെ അറസ്റ്റ് ചെയ്യാനാണ് സാധ്യത.

2006 ൽ താനും ട്രംപും ശാരീരികബന്ധത്തിൽ ഏർപ്പെട്ടെന്നു ഡാനിയൽസ് വെളിപ്പെടുത്തിയിരുന്നു. ട്രംപ് തന്റെ മൂന്നാം ഭാര്യയായ മെലനിയയെ വിവാഹം ചെയ്തത് 2006ലാണ്. സംഭവം നടക്കുമ്പോൾ മെലനിയ മകൻ ബാരൺ ട്രംപിന് ജന്മം നൽകി നാലുമാസം ആയതേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് റിപ്പോർട്ട്. എന്നാൽ ആരോപണം തെറ്റാണെന്നും ‘വ്യാജമായ ആരോപണങ്ങൾ’ അവസാനിപ്പിക്കാനാണു പണം നൽകിയതെന്നുമാണു ട്രംപിന്റെ അവകാശവാദം.

സ്റ്റോമി ഡാനിയേൽസ്. (Photo by Tasia Wells / GETTY IMAGES NORTH AMERICA / AFP)
സ്റ്റോമി ഡാനിയേൽസ്. (Photo by Tasia Wells / GETTY IMAGES NORTH AMERICA / AFP)

∙ ആരാണ് സ്റ്റോമി ഡാനിയൽസ്?

ലൂസിയാനയിലെ ബാറ്റൺ റോഗിൽനിന്നുള്ള നാൽപത്തിനാലുകാരിയാണ് സ്റ്റോമി ഡാനിയൽസ്. യഥാർഥ പേര് സ്റ്റെഫാനി ക്ലിഫോർഡ്. അശ്ലീല ചിത്ര വ്യവസായ രംഗത്ത് രണ്ടു പതിറ്റാണ്ടിലേറെയായി പ്രശസ്തയാണ് ഇവർ. നിരവധി അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കുകയും അവ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അമേരിക്കൻ സംഗീതജ്ഞൻ നിക്കി സിക്സിന്റെ മകളുടെ പേരായ സ്റ്റോം, യുഎസ് വിസ്കിയായ ജാക്ക് ഡാനിയൽസ് എന്നിവയിൽനിന്നാണ് ഇവർ പേര് കണ്ടെത്തിയത്. 2010ൽ ലൂസിയാനയിൽനിന്ന് യുഎസ് സെനറ്റിലേക്കു മത്സരിക്കാൻ ഒരുങ്ങിയെങ്കിലും പിന്തുണയില്ലെന്ന് കണ്ട് സ്ഥാനാർഥിത്വം പിൻവലിച്ചു.

സ്റ്റോമി ഡാനിയേൽസ്. (Photo by Ethan Miller / GETTY IMAGES NORTH AMERICA / AFP)
സ്റ്റോമി ഡാനിയേൽസ്. (Photo by Ethan Miller / GETTY IMAGES NORTH AMERICA / AFP)

∙ ട്രംപ് ബന്ധം: ഡാനിയൽസ് പറയുന്നത്

2006 ജൂലൈയിൽ ലേക്ക് ടാഹോയിൽ സെലിബ്രിറ്റി ഗോൾഫ് ടൂർണമെന്റിനിടെയാണ് ട്രംപിനെ പരിചയപ്പെട്ടതെന്നു ഡാനിയൽസ് പറയുന്നു. 2018 ൽ പുറത്തിറങ്ങിയ സിബിഎസ് ഷോ ‘60 മിനിറ്റ്സ്’ എന്ന പരിപാടിയിൽ ഡാനിയൽസ് പറയുന്നത് ഇങ്ങനെ – ‘‘പരിചയപ്പെട്ടതിനു പിന്നാലെ അത്താഴവിരുന്നിനു ട്രംപ് ക്ഷണിക്കുകയായിരുന്നു. ട്രംപിന്റെ ഹോട്ടൽ സ്യൂട്ടിൽ വച്ചായിരുന്നു അത്താഴം. അവിടെവച്ച് ട്രംപ് സ്വന്തം ഫോട്ടോ കവർ ചിത്രമായി പുറത്തിറങ്ങിയ ഗോൾഫ് മാഗസിന്റെ ഒരു കോപ്പി കാണിക്കുകയും ചെയ്തു. പിന്നീടു തിരിഞ്ഞുനിന്ന് പൈജാമ പാന്റ്സ് കുറച്ച് അഴിച്ചു. ഉൾവസ്ത്രം ഉൾപ്പെടെ കാണാമായിരുന്നു.

സ്റ്റോമി ഡാനിയേൽസ്. (Photo by Nicholas Hunt/Getty Images/Via AFP)
സ്റ്റോമി ഡാനിയേൽസ്. (Photo by Nicholas Hunt/Getty Images/Via AFP)

പിന്നീട് ട്രംപ് എന്നെക്കുറിച്ച് ചോദിച്ചു. അദ്ദേഹത്തിന്റെ ടിവി ഷോ ആയ ‘സെലിബ്രിറ്റി അപ്രന്റീസി’ൽ വരാൻ താൽപര്യമുണ്ടോയെന്നും ചോദിച്ചു. ‘‘നിങ്ങൾ വളരെ സ്പെഷലാണ്. എന്റെ മകളെ ഓർമിപ്പിക്കുന്നു. സുന്ദരിയും സ്മാർട്ടുമാണ്. അവഗണിക്കാനാകാത്ത വ്യക്തിത്വമാണ്. എനിക്ക് നിങ്ങളെ ഇഷ്ടമാണ്’’ എന്നും ട്രംപ് പറഞ്ഞു.

ഡോണൾഡ് ട്രംപ് (Photo by Nicholas Kamm / AFP)
ഡോണൾഡ് ട്രംപ് (Photo by Nicholas Kamm / AFP)

ഞാൻ ശുചിമുറിയിൽ പോയി തിരിച്ചെത്തുമ്പോൾ ട്രംപ് കട്ടിലിന്റെ അറ്റത്ത് ഇരിക്കുകയായിരുന്നു. അപ്പോഴാണ് യഥാർഥത്തിൽ ഏതു സാഹചര്യത്തിലേക്കാണ് ഞാൻ എത്തിപ്പെട്ടതെന്ന് എനിക്ക് മനസ്സിലായത്. ഒരാളുടെ മുറിയിലേക്ക് ഒറ്റയ്ക്കു പോകാൻ തീരുമാനിക്കുന്നത് തെറ്റായ തീരുമാനമാണെന്ന് ഞാൻ കരുതണമായിരുന്നു. പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്.

പിറ്റേ വർഷവും ട്രംപ് പലവട്ടം ഫോൺ ചെയ്തു. ‘സെലിബ്രിറ്റി അപ്രന്റീസ്’ എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ ട്രംപ് ക്ഷണിച്ചതിനെത്തുടർന്ന് ലൊസാഞ്ചലസിലെ ബവേർലി ഹിൽസ് ഹോട്ടലിൽ 2007 ജൂലൈയിൽ ചെല്ലേണ്ടിവന്നു. അന്നും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കപ്പെട്ടു. പക്ഷേ, ഞാൻ സമ്മതിച്ചില്ല. പിന്നീട് ഒരു മാസത്തിനുശേഷം, പരിപാടിയിൽ എന്നെ എന്നെ പങ്കെടുപ്പിക്കാനാവില്ലെന്ന് ട്രംപ് ഫോൺ ചെയ്തു പറഞ്ഞു’’– അവർ പറയുന്നു.

സ്റ്റോമി ഡാനിയേൽസ്. (Photo by EDUARDO MUNOZ ALVAREZ / AFP)
സ്റ്റോമി ഡാനിയേൽസ്. (Photo by EDUARDO MUNOZ ALVAREZ / AFP)

∙ പണം നൽകലും എൻഡിഎയും

പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ, 2016 ഒക്ടോബർ 28 നാണ് ട്രംപുമായുള്ള ബന്ധം പുറത്തുപറയുന്നതു വിലക്കിയുള്ള നോൺ – ഡിസ്ക്ലോഷർ എഗ്രിമെന്റിൽ (എൻഡിഎ) ഡാനിയൽസ് ഒപ്പുവച്ചതും 1.30 ലക്ഷം യുഎസ് ഡോളര്‍ വാങ്ങി ഒത്തുതീർപ്പിലെത്തിയതും. ഇതുസംബന്ധിച്ച രേഖകൾ ലൊസാഞ്ചലസ് ഫെഡറൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഡാനിയൽസിന്റെ അന്നത്തെ അഭിഭാഷകൻ കെയ്ത് ഡേവിഡ്സണ്ണും ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കോഹനും ആണ് എൻഡിഎയിൽ ഒപ്പുവച്ചത്. ട്രംപിന് ഒപ്പിടാനുള്ള സ്ഥലം ഒഴിച്ചിട്ടെങ്കിലും അദ്ദേഹം ഒപ്പിട്ടില്ല.

2018 ൽ വോൾ സ്ട്രീറ്റ് ജേണൽ ആണ്, ഡാനിയൽസിനു ട്രംപ് പണം നൽകിയെന്ന വാർത്ത പുറത്തുകൊണ്ടുവന്നത്. പിന്നാലെ, തന്റെ പണമാണ് ഡാനിയൽസിനു നൽകിയതെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടില്ലെന്നും കോഹൻ പരസ്യമായി വ്യക്തമാക്കി. അതിനെതുടർന്ന്, എൻഡിഎ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഡാനിയൽസ് കേസ് നൽകുകയും ചെയ്തു. പക്ഷേ ട്രംപ് കരാറിൽ ഒപ്പിട്ടിട്ടില്ലെന്നും അതു നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചു. ഇതേത്തുടർന്ന് ഡാനിയൽസിന്റെ ഹർജി കോടതി തള്ളി.

സ്റ്റോമി ഡാനിയേൽസ്. (Photo by Phillip Faraone/Getty Images via AFP)
സ്റ്റോമി ഡാനിയേൽസ്. (Photo by Phillip Faraone/Getty Images via AFP)

∙ അപകീർത്തിക്കേസ്

ട്വിറ്ററിൽ ഡാനിയൽസിനെ തട്ടിപ്പുകാരിയെന്നു വിശേഷിപ്പിച്ച ട്രംപിനെതിരെ ഫെഡറൽ കോടതിയിൽ 2018 ൽ അവർ അപകീർത്തിക്കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ ട്രംപിന്റെ പരാമർശം അപകീർത്തികരമല്ലെന്നും ഭരണഘടന അനുസരിച്ച് സംസാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതുമാണെന്നാണ് അന്നു ജഡ്ജി വിധിച്ചത്. 2021ൽ ഈ വിധി യുഎസ് സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു.

2011ൽ ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു മാധ്യമത്തോടു സംസാരിക്കാമെന്ന് ഉറപ്പു നൽകിയതിനു പിന്നാലെ തന്നെയും ചെറിയ മകളെയും ലാസ് വേഗസിലെ പാർക്കിങ് സ്ഥലത്തുവച്ച് ഒരാൾ ഭീഷണിപ്പെടുത്തിയെന്നും ഡാനിയൽസ് പറയുന്നു. കുടുംബത്തിന്റെ സുരക്ഷയെക്കരുതിയാണ് അന്ന് പരാതിപ്പെടാതിരുന്നതെന്നാണ് അവർ പറയുന്നത്. 2018 ൽ, ഭീഷണിപ്പെടുത്തിയ ആളിന്റേത് എന്നു പറഞ്ഞ് ഡാനിയൽസ് ഒരു പുരുഷന്റെ രേഖാചിത്രവും പുറത്തുവിട്ടു. ‘‘നിലവിലില്ലാത്ത ഒരാളുടെ ചിത്രം വർഷങ്ങൾക്കുശേഷം പുറത്തുവിട്ടിരിക്കുന്നു. ഇതു തട്ടിപ്പാണ്. വ്യാജവാർത്തയാണ് (അവർക്കുമറിയാം)’’ – എന്നായിരുന്നു ഇതിനോട് ട്രംപ് ട്വിറ്ററിൽ പ്രതികരിച്ചത്.

ഡോണൾഡ് ട്രംപ് (Photo by SUZANNE CORDEIRO / AFP)
ഡോണൾഡ് ട്രംപ് (Photo by SUZANNE CORDEIRO / AFP)

∙ നിരപരാധിയെന്ന് ട്രംപ്

കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തിയതിനു പിന്നാലെ, താൻ നിരപരാധിയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. തന്നെ രാഷ്ട്രീയപരമായി ഇല്ലാതാക്കാനുള്ള നീക്കമാണ് അന്വേഷണം കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് ട്രംപിന്റെ നിലപാട്. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ട്രംപ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

സ്റ്റോമി ഡാനിയേൽസ്. (Photo by Ethan Miller / GETTY IMAGES NORTH AMERICA / AFP)
സ്റ്റോമി ഡാനിയേൽസ്. (Photo by Ethan Miller / GETTY IMAGES NORTH AMERICA / AFP)

∙ ഹഷ് മണി നിയമവിരുദ്ധമോ?

എൻഡിഎയിൽ ഒപ്പുവച്ചിട്ടുണ്ടെങ്കിൽ ഹഷ് മണി (സ്വകാര്യം പുറത്തുപറയാതിരിക്കാനുള്ള കൈക്കൂലി) നിയമവിരുദ്ധമല്ലെന്ന് രാജ്യാന്തര മാധ്യമങ്ങൾ പറയുന്നു. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു മാസം മുൻപു മാത്രം നൽകിയ പണമായതിനാൽ പ്രചാരണ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് വിമർശകർ വാദിക്കുന്നത്.

സ്റ്റോമി ഡാനിയേൽസ്. (Photo by Tibrina Hobson / GETTY IMAGES NORTH AMERICA / Getty Images via AFP)
സ്റ്റോമി ഡാനിയേൽസ്. (Photo by Tibrina Hobson / GETTY IMAGES NORTH AMERICA / Getty Images via AFP)

∙ അവർ തന്റെ ‘തരക്കാരിയല്ല’

ജനുവരിയിൽ ഒരു പീഡനക്കേസിൽ പരാതിക്കാരിയെ ട്രംപ് കോടതിയിൽ ചീത്തവിളിക്കുകയും അപഹസിക്കുകയും ചെയ്തിരുന്നു. 30 വർഷം മുൻപ് ഡിപ്പാർട്മെന്റ് സ്റ്റോറിൽ വച്ച് ട്രംപ് പീഡിപ്പിച്ചെന്നു പരാതിപ്പെട്ട ജീൻ കാരൾ എന്ന സ്ത്രീയുട‍െ ആരോപണങ്ങൾ നിഷേധിച്ച ട്രംപ്, അവർ തന്റെ ‘തരക്കാരി’ അല്ലെന്നും കുടുക്കാൻ ശ്രമിക്കുകയാണെന്നും വാദിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ട്രംപ് നൽകിയ സത്യവാങ്മൂലത്തിലെ വാദങ്ങൾ കാരൾ ജനുവരി 14ന് പുറത്തുവിട്ടിരുന്നു.

English Summary: Who is Stormy Daniels and what did she say happened with Trump?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com