ADVERTISEMENT

മണ്ണാർക്കാട്∙ ദേശീയതലത്തിൽ ചർച്ചയായ അട്ടപ്പാടി മധു വധക്കേസിൽ 14 പ്രതികൾ കുറ്റക്കാരനെന്നാണ് കോടതി വിധി. രണ്ടു പേരെ വെറുതെ വിട്ടു. 4, 11 പ്രതികളെയാണ് വെറുതെ വിട്ടത്. കേസിലാകെ 16 പ്രതികളാണ് ഉള്ളത്. കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ ശിക്ഷ ബുധനാഴ്ച വിധിക്കും. 

1. താവളം പാക്കുളം മേച്ചേരിയിൽ ഹുസൈൻ (59), 2. കള്ളമല മുക്കാലി കിളയിൽ മരയ്ക്കാർ (41), 3. കള്ളമല മുക്കാലി പൊതുവച്ചോല ഷംസുദ്ദീൻ (41), 5.രാധാകൃഷ്ണൻ, 6. ആനമൂളി പള്ളിപ്പടി പൊതുവച്ചോല അബൂബക്കർ (39), 7. കള്ളമല മുക്കാലി പടിഞ്ഞാറെപ്പള കുരിക്കൾ വീട്ടിൽ സിദ്ദീഖ് (46), 8. കള്ളമല മുക്കാലി തൊട്ടിയിൽ ഉബൈദ് (33), 9. മുക്കാലി വിരുത്തിയിൽ നജീബ് (41), 10. കള്ളമല മുക്കാലി മണ്ണംപറ്റ വീട്ടിൽ ജൈജുമോൻ (52),  12. കള്ളമല കൊട്ടിയൂർക്കുന്ന് പുത്തൻപുരയ്ക്കൽ സജീവ് (38), 13. കള്ളമല മുക്കാലി മുരിക്കട സതീഷ് (43), 14. മുക്കാലി ചെരുവിൽ ഹരീഷ് (42), 15. മുക്കാലി ചെരുവിൽ ബിജു (45), 16. മുക്കാലി വിരുത്തിയിൽ മുനീർ (36) എന്നിവരാണ് പ്രതികളാണെന്നു കോടതി വിധിച്ചത്. 

നാലാം പ്രതി കൽക്കണ്ടി കക്കുപ്പടി കുന്നത്ത് വീട് അനീഷ്(38), പതിനൊന്നാം പ്രതി കള്ളമല മുക്കാലി ചോലയിൽ അബ്ദുൽ കരീം (52) എന്നിവരെയാണ് വെറുതെ വിട്ടത്. സംഭവം നടന്ന് 5 വർഷത്തിനുശേഷമാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി വിധി പറഞ്ഞത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്.

മാർച്ച് 10നു വാദം പൂർത്തിയായി. മാർച്ച് 18നു വിധി പറയുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് 30ലേക്കു മാറ്റി. 30നു കേസ് പരിഗണിച്ചപ്പോഴാണ് ഇന്നു വിധി പറയാനായി വീണ്ടും മാറ്റിയത്. മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും പ്രത്യേക പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. മധുവിന്റെ അമ്മ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു.

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു (30) ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരിൽനിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണു താമസിച്ചിരുന്നത്. കള്ളനെന്ന് ആരോപിച്ചു മധുവിനെ കാട്ടിൽനിന്നു പ്രതികൾ സംഘം ചേർന്നു പിടികൂടി മുക്കാലിയിലെത്തിച്ചു. മുക്കാലിയിൽ എത്തിയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.

അഗളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോൾ മധു മരിച്ചു. പ്രതികളുടെ ആക്രമണത്തിലേറ്റ പരുക്കു മൂലമാണു മധു കൊല്ലപ്പെട്ടതെന്നാണു പ്രോസിക്യൂഷൻ കേസ്. വനത്തിൽ ആണ്ടിയളച്ചാൽ ഭാഗത്തു മധു ഉണ്ടെന്നു വിവരം ലഭിച്ച പ്രതികൾ കാട്ടിൽ അതിക്രമിച്ചു കയറിയെന്നു വനംവകുപ്പ് കേസും നിലവിലുണ്ട്.

English Summary: Madhu Murder Case: Court Verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com