ADVERTISEMENT

പാലക്കാട് ∙ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതലമട പഞ്ചായത്തില്‍ ഹര്‍ത്താല്‍. ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. ജനങ്ങളുടെ ആശങ്ക വ്യക്തമാക്കി ഹൈക്കോടതിയെ സമീപിക്കുമെന്ന് എംഎൽഎയും, മുതലമട പഞ്ചായത്ത് ഭരണസമിതിയും സര്‍വകക്ഷി യോഗത്തിന് ശേഷം അറിയിച്ചു.

പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുന്ന കാര്യത്തിൽ സർക്കാരിന് പിടിവാശിയില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കോടതിയുടെ ഉത്തരവ് നടപ്പാക്കാതിരിക്കാൻ സർക്കാരിന് കഴിയില്ല എന്നതാണ് യാഥാർഥ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അരിക്കൊമ്പനെ കോടനാട് ഉൾപ്പെടെയുള്ള ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന നിർദേശമാണ് വരുന്നത്. എന്നാൽ കോടതിയുടെ ഉത്തരവ് വ്യത്യസ്തമാണ്. പറമ്പിക്കുളത്തെ ജനങ്ങളുടെ ഭീതി സർക്കാർ പൂർണമായും പരിഹരിക്കുമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്ന വിഷയം നിയമപരമായി നേരിടാന്‍ സർവകക്ഷി യോഗത്തില്‍ തീരുമാനിച്ചു. അഭിഭാഷകരുമായി ആശയവിനിമയം നടത്തിയതായി നെന്മാറ എംഎൽഎ കെ.ബാബു പറഞ്ഞു. ജനങ്ങളുടെ ആശങ്ക അറിയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് മുതലമട പഞ്ചായത്ത് ഭരണസമിതിയും അറിയിച്ചു.

ഹര്‍ത്താല്‍ ഉള്‍പ്പെടെ തുടര്‍ പ്രതിഷേധത്തിനും തീരുമാനിച്ചു. രാഷ്ട്രീയ ഭിന്നത കാരണം എംഎല്‍എയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ രണ്ടിടങ്ങളിലായി സര്‍വകക്ഷി യോഗം ചേര്‍ന്നെങ്കിലും കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ ഏക അഭിപ്രായമാണുണ്ടായത്.

English Summary: Protest in bringing arikomban: Hartal at Muthalamada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com