ADVERTISEMENT

അച്ചന്‍കോവില്‍ (കൊല്ലം) ∙ പട്രോളിങ്ങിന് ഇറങ്ങിയ പൊലീസ് സംഘം പകര്‍ത്തിയ വിഡിയോയില്‍ കുട്ടിയാന ചരിയുന്ന രംഗവും. അച്ചന്‍കോവില്‍ സ്റ്റേഷന്‍ എസ്എച്ച്ഒ ആര്‍.ശ്രീകൃഷ്ണകുമാറും സംഘവും പട്രോളിങ്ങിന് പോയി മടങ്ങിവരവെ അച്ചന്‍കോവില്‍ - പുനലൂര്‍ പാതയില്‍ വളയം ഭാഗത്തുവച്ച് കാട്ടാന സംഘം പൊലീസ് വാഹനം തടഞ്ഞിരുന്നു. കുട്ടിയാന അടക്കം 4 ആനകള്‍ റോഡില്‍ നിലയുറപ്പിച്ചതിനാല്‍ മുന്നോട്ടു പോകാന്‍ സാധിക്കാതെ വന്നു. ഏകദേശം അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഒരു കൗതുകത്തിന് സ്റ്റേഷന്‍ എസ്എച്ച്ഒ ആനകള്‍ റോഡില്‍ നില്‍ക്കുന്ന വിഡിയോ മൊബൈലില്‍ പകര്‍ത്താന്‍ തുടങ്ങി. 

ഈ വിഡിയോയില്‍ കൂട്ടത്തില്‍ നില്‍ക്കുന്ന കുട്ടിക്കൊമ്പന്‍ കുഴഞ്ഞു വീഴുന്നതു കാണാം. ഇതോടെ ആനകള്‍ വശത്തേക്ക് മാറി. ആനകള്‍ മാറിയ തക്കം നോക്കി വാഹനവുമായി പൊലീസ് സംഘം സ്റ്റേഷനിലേക്കു പോയി. നേരം പുലര്‍ന്നപ്പോഴാണ് കുട്ടിയാന ചരിഞ്ഞ വിവരം പൊലീസുകാര്‍ അറിയുന്നത്. കുട്ടിയാന വീഴുന്നത് കണ്ടെങ്കിലും മറ്റ് ആനകള്‍ക്ക് ഒപ്പം കളിക്കുകയാണെന്നാണ് പൊലീസുകാര്‍ കരുതിയത്. ഇതോടെ പൊലീസ് എടുത്ത വിഡിയോയും വൈറലായി. 

∙ വൈറസ് രോഗം

വൈറസ് രോഗം ബാധിച്ചതാണ് കുട്ടിയാന ചരിയാന്‍ കാരണം. ഒന്നര വയസ്സ് പ്രായം വരുന്ന കുട്ടിക്കൊമ്പനെയാണ് വെള്ളി പുലര്‍ച്ചെ ചരിഞ്ഞ നിലയില്‍ കണ്ടത്. രണ്ടു ദിവസമായി കുട്ടിയാന അടക്കമുള്ള കാട്ടാനക്കൂട്ടം ഈ ഭാഗത്ത് നിലയുറപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതുവഴി വരുന്ന വാഹന യാത്രക്കാര്‍ ആനകളെ കണ്ടിരുന്നു. ഉച്ചയ്ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി. വൈറസ് ബാധിച്ചതോടെ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കുട്ടിയാന ചരിഞ്ഞതോടെ തള്ളയാന ഇതിന്റെ സമീപത്ത് വനത്തില്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതത്തിന് വനംവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. കുട്ടിയാന ചരിഞ്ഞെന്ന് അറിഞ്ഞതോടെ നിരവധി ആളുകള്‍ ഈ പ്രദേശത്തേക്ക് എത്തി‌. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുട്ടിയാനയെ ദഹിപ്പിച്ചു. ആനയെ ദഹിപ്പിച്ചെങ്കിലും തള്ളയാനയും കൂട്ടവും പരിസരത്തുതന്നെയുണ്ട്. ഇതുവഴി യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന് വനപാലകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

English Summary: Death of elephant calf caught in video taken by police in patroling duty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com