ADVERTISEMENT

ടെഹ്‌റാന്‍∙ മതപരമായ വസ്ത്രധാരണരീതി ലംഘിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഹിജാബ് ധരിക്കാത്തവരെ കണ്ടെത്താന്‍ പൊതു സ്ഥലങ്ങളില്‍ ക്യാമറക്കണ്ണുകള്‍ സജ്ജമാക്കി ഇറാന്‍. നിയമം ലംഘിക്കുന്ന സ്ത്രീകളെ കണ്ടെത്തി ശിക്ഷിക്കാനാണ് സ്മാര്‍ട് ക്യാമറകള്‍ ഉപയോഗിക്കുന്നതെന്ന് ഇറാന്‍ പൊലീസ് പറഞ്ഞു. അടുത്ത ശനിയാഴ്ച മുതല്‍ ഇതു നടപ്പാക്കും. 

ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകള്‍ക്ക് ചിത്രം സഹിതം ആദ്യം മുന്നറിയിപ്പ് നോട്ടിസ് നല്‍കും. കുറ്റം ചെയ്താലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും അവരെ അറിയിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ പിടികൂടി കോടതിയില്‍ ഹാജരാക്കി വിചാരണ നടത്തുമെന്നും ഇറാന്‍ പൊലീസ് വ്യക്തമാക്കുന്നു. 

മഹ്‌സ അമിനി എന്ന ഇരുപത്തിരണ്ടുകാരി മതപൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ചതിനു പിന്നാലെ ഇറാനില്‍ സ്ത്രീകള്‍ വ്യാപകമായ പ്രതിഷേധമാണ് നടത്തിയത്. പലരും ഹിജാബ് വലിച്ചെറിഞ്ഞാണു പ്രതിഷേധിച്ചത്. നിയമം ലംഘിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ഇറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

Read Also: കാക്കി പാന്റ്, ടീഷർട്ട്, കറുത്തതൊപ്പി; ബന്ദിപുരിൽ സഫാരി നടത്തി മോദി - വിഡിയോ

ഹിജാബ് ധരിക്കാതെ ആരെങ്കിലും കാറില്‍ സഞ്ചരിച്ചാല്‍ കാറിന്റെ ഉടമസ്ഥര്‍ക്കാവും നോട്ടിസ് അയയ്ക്കുക. കുറ്റം ആവര്‍ത്തിച്ചാല്‍ കാര്‍ പിടിച്ചെടുക്കുമെന്ന് ഇറാന്‍ പൊലീസ് മേധാവി അഹമ്മദ് റാസ റദാന്‍ പറഞ്ഞു. രാജ്യത്തിന്റെ നിയമം ലംഘിക്കുന്ന ഒരു നടപടിയും വച്ചുപൊറുപ്പിക്കില്ലെന്ന് പൊലീസ് വകുപ്പ് അറിയിച്ചു. ഹിജാബ് ധരിക്കാതെ എത്തിയ രണ്ട് സ്ത്രീകള്‍ക്കു നേരെ ഒരാള്‍ തൈര് ഒഴിക്കുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

English Summary: Iran Installs Cameras In Public Places To Identify Women Not Wearing Hijab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com