‘യുക്രെയ്നെ പിന്തുണയ്ക്കലാണ് വിശ്വഗുരുവിന്റെ ശരിയായ നിലപാട്; ഇന്ത്യയിൽ വന്നതിൽ സന്തോഷം’
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയിലെത്തിയ യുക്രെയ്ൻ ഉപ വിദേശകാര്യമന്ത്രി എമിൻ ധപറോവ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയെ സന്ദർശിച്ചു. യാതൊരു പ്രകോപനമില്ലാതെയുള്ള റഷ്യൻ ആക്രമണത്തെ ചെറുക്കാനുള്ള യുക്രെയ്നിന്റെ ശ്രമങ്ങളെക്കുറിച്ച് മന്ത്രിയോടു വിശദീകരിച്ചതായി ധപറോവ ട്വീറ്റ് ചെയ്തു. വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ആഴത്തിലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തെന്നും അവർ വ്യക്തമാക്കി.
യുദ്ധം തുടങ്ങിയ ശേഷം യുക്രെയ്നിൽനിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ ഉന്നതതല സന്ദർശനമാണിത്. റഷ്യയും ചൈനയും തമ്മിൽ കൂടുതൽ അടുക്കുന്ന സമയത്ത് യുക്രെയ്ൻ മന്ത്രിയുടെ ഇന്ത്യാ സന്ദർശനം നിർണായകമാണ്. “അനേകം ഋഷിമാർക്കും സന്യാസിമാർക്കും ഗുരുക്കന്മാർക്കും ജന്മം നൽകിയ ഇന്ത്യ സന്ദർശിക്കുന്നതിൽ സന്തോഷമുണ്ട്. ആഗോള അധ്യാപകനും മധ്യസ്ഥനും വിശ്വഗുരുവും ആകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. യുക്രെയ്‌നെ പിന്തുണയ്ക്കുക എന്നതാണ് യഥാർഥ വിശ്വഗുരുവിന്റെ ശരിയായ നിലപാട്.’’– ഇന്ത്യയിൽ വന്നിറങ്ങിയപ്പോൾ ധപറോവ ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ച എത്തിയ എമിൻ ധപറോവ, ഇന്ത്യയിലുള്ള യൂറോപ്യൻ യൂണിയന്റെ പ്രതിനിധികളുമായും യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ മിഷൻ മേധാവികളുമായും കൂടിക്കാഴ്ച നടത്തുകയും യുക്രെയ്നെ പിന്തുണച്ചതിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ആഗോള ദക്ഷിണ രാജ്യങ്ങളുടെ പിന്തുണ യുക്രെയ്നു സുപ്രധാനമാണെന്ന് അവർ ട്വീറ്റ് ചെയ്തു. അടുത്ത മാസം ഡൽഹിയിൽ നടക്കാനിരിക്കുന്ന ഫ്യൂച്ചർ പെർഫെക്റ്റ് ഫെസ്റ്റിവൽ സംഘടിപ്പിച്ചതിന് ഇന്ത്യയിലെ യൂറോപ്യൻ യൂണിയന്റെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് കൾച്ചറിനോട് അവർ നന്ദി അറിയിച്ചു.
യുക്രെയ്‌നെതിരായ റഷ്യൻ ആക്രമണം രാജ്യാന്തര നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ പ്രതിനിധി ട്വീറ്റിൽ പറഞ്ഞു. റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെ തുടക്കം മുതൽ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ യുക്രെയ്നെ പിന്തുണയ്ക്കുകയും റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനാധിപത്യം, സംഭാഷണം, വൈവിധ്യം എന്നീ നയങ്ങൾ യുക്രെയ്‌നു വളരെ പ്രധാനമാണെന്ന് തിങ്കളാഴ്ച വിദേശകാര്യ മന്ത്രാലയ ഓഫിസിൽ നടത്തിയ പ്രസ്താവനയിൽ എമിൻ ധപറോവ പറഞ്ഞു. ‘‘ഊർജ സ്രോതസ്സുകൾ, സൈനിക കരാറുകൾ, രാഷ്ട്രീയ ഇടപെടലുകൾ എന്നിവ വൈവിധ്യവത്കരിക്കുന്നതിൽ ഇന്ത്യ പ്രായോഗിക നയം സ്വീകരിക്കണമെന്നു ഞാൻ കരുതുന്നു.
നമ്മൾ അസാധാരണ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എന്റെ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പറയുന്നതുപോലെ, അസാധാരണ സമയങ്ങളിൽ അസാധാരണ തീരുമാനങ്ങൾ ആവശ്യമാണ്. ജനാധിപത്യം, സംഭാഷണം, വൈവിധ്യം എന്നീ ത്രിമാന നയങ്ങൾ പ്രധാനമന്ത്രി മോദിക്കുണ്ട്. ഇതു യുദ്ധത്തിന്റെ യുഗമല്ല. തന്ത്രപ്രധാനമായ നടപടികൾ പ്രധാനപ്പെട്ടതാണ്,’’– എമിൻ ധപറോവ പറഞ്ഞു.
English Summary: Ukraine’s Deputy Foreign Minister Emine Dzhaparova meets MoS Meenakashi Lekhi