ADVERTISEMENT

പ്രയാഗ്‌രാജ്∙ സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ടാനേതാവുമായിരുന്ന അതീഖ് അഹ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും വെടിവച്ചു കൊന്ന കേസിലെ പ്രതികള്‍ക്കു പ്രേരണയായത് ജയിലില്‍ കഴിയുന്ന ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയ് എന്ന് റിപ്പോര്‍ട്ട്. ലവ്‌ലേഷ് തിവാരി, മോഹിത് എന്ന സണ്ണി സിങ്, അരുണ്‍ മൗര്യ എന്നിവരാണ് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയെത്തി പൊലീസിന്റെ സാന്നിധ്യത്തില്‍ അതീഖിനെയും അഷ്‌റഫിനെയും വെടിവച്ചു കൊന്നത്. 

ലോറന്‍സ് ബിഷ്‌ണോയിയുടെ വിഡിയോകള്‍ കണ്ട സണ്ണി സിങ് ആണ് കൃത്യം പൂര്‍ണമായി ആസൂത്രണം ചെയ്തതെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമാകുന്നത്. ബിഷ്‌ണോയിയുടെ വര്‍ഗീയ പരാമര്‍ശങ്ങളുള്ള പ്രസംഗങ്ങള്‍ സണ്ണിയെ വല്ലാതെ സ്വാധീനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മേയ് 29ന് ബിഷ്‌ണോയ് ഗ്യാങ്ങിലെ അംഗങ്ങള്‍ പ്രശസ്ത പഞ്ചാബി ഗായകന്‍ സിദ്ദു മൂസാവാലയെ വെടിവച്ചുകൊന്നതു പോലെ ഏറെ കുപ്രസിദ്ധമായ ഒരു കൊലപാതകം നടത്തണമെന്ന് സണ്ണി പദ്ധതിയിട്ടു. മൂന്നു പ്രതികളിലും ഏറ്റവും അപകടകാരിയായ സണ്ണി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. തിവാരിയെയും മൗര്യയെയും ഒപ്പം കൂട്ടി ഇരട്ടക്കൊല നടത്തിയത് സണ്ണിയാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. 

14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഉത്തര്‍പ്രദേശ് പൊലീസ് ഉടന്‍ അപേക്ഷ നല്‍കും. വെടിവയ്പില്‍ പരുക്കേറ്റ ലവ്‍ലേഷ് പ്രയാഗ്‌രാജിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരാണ് വെടിവയ്ക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള മൂവര്‍ക്കും പരസ്പരം അറിയാമായിരുന്നെന്നും പ്രശസ്തിക്കു വേണ്ടി കൊല നടത്തിയെന്നുമാണ് പൊലീസ് ഭാഷ്യം. 

നാടന്‍ തോക്കിനൊപ്പം ഇവര്‍ ഉപയോഗിച്ച ആയുധങ്ങള്‍ അത്യാധുനികമായിരുന്നതിനാല്‍ കൊലയ്ക്കു പിന്നില്‍ മറ്റാരെങ്കിലുമുണ്ടെന്നും പൊലീസ് അധികൃതര്‍ സൂചിപ്പിക്കുന്നു. തുര്‍ക്കിയില്‍ നിര്‍മിച്ച 2 റിവോള്‍വറുകള്‍ കണ്ടെടുത്തിരുന്നു. കസ്റ്റഡിയിലുള്ള പ്രതികളെ പ്രയാഗ്‌രാജ് ജയിലില്‍നിന്ന് പ്രതാപ്ഗഡ് ജയിലിലേക്കു മാറ്റി. അതീഖിന്റെ ഒരു മകന്‍ അലി, ഉമേഷ്പാല്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് പ്രയാഗ്‌രാജ് ജയിലിലുണ്ട്. ഇയാളുടെ ആരോഗ്യനില മോശമായെന്ന വാര്‍ത്തകള്‍ ജയില്‍ അധികൃതര്‍ നിഷേധിച്ചു.

അതേസമയം ഇരട്ടക്കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക സംഘം രൂപീകരിച്ചു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ സതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ പ്രത്യേകാന്വേഷണ സംഘത്തില്‍ അസി. കമ്മിഷണര്‍ സത്യേന്ദ്ര പ്രസാദ് തിവാരി, ഇന്‍സ്‌പെക്ടര്‍ ഓം പ്രകാശ് എന്നിവര്‍ അംഗങ്ങളാണ്. അന്വേഷണ മേല്‍നോട്ടത്തിന് പ്രയാഗ്‌രാജ് എഡിജിപിയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്. നേരത്തേ റിട്ട. ഹൈക്കോടതി ജഡ്ജി അരവിന്ദ്കുമാര്‍ ത്രിപാഠിയുടെ നേതൃത്വത്തില്‍ മൂന്നംഗ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കമ്മിഷന്‍ 2 മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും.

English Summary: In Gangster Murder, 1 Shooter Convinced Other Two, Say Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com