ADVERTISEMENT

കൊൽക്കത്ത∙ കാണാനില്ലെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയതിനു പിന്നാലെ, തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയി ഡൽഹിയിൽ എത്തിയതായി സ്ഥിരീകരണം. ഇന്നലെ വൈകിട്ടോടെ മുകുൾ റോയിയെ ഡൽഹി വിമാനത്താവളത്തിൽ കണ്ടതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. മുകുൾ റോയി വിമാനത്താവളത്തിൽനിന്ന് പുറത്തേക്കു വരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഒരു സഹായിയുടെ കൈപിടിച്ചാണ് മുകുൾ റോയി എത്തിയത്.

എന്തിനാണ് ഡൽഹി സന്ദർശനം എന്ന് റിപ്പോർട്ടർ ചോദിച്ചെങ്കിലും, ‘വരാൻ പാടില്ലേ’ എന്നായിരുന്നു മുകുൾ റോയിയുടെ മറുചോദ്യം. ഇവിടെ ചില ജോലികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിലേക്കുപോയ തന്റെ പിതാവിനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് മകൻ സുഭർഗ്ഷു റോയി പരാതി നൽകിയിരുന്നു. വിമാനത്താവള പൊലീസിനാണ് പരാതി നൽകിയത്. എന്നാൽ പരാതി ലഭിച്ചെന്ന വാർത്ത പൊലീസ് നിഷേധിച്ചിരുന്നു. ഇതിനിടെയാണ് അദ്ദേഹം വിമാനത്താവളത്തിൽ എത്തിയത്.

ജിഇ 898 വിമാനത്തിലാണ് മുകുൾ റോയ് ഡൽഹിക്കു പോയത്. രാത്രി 9.55ന് വിമാനം ഡൽഹിയിൽ എത്തുകയും ചെയ്തു. എന്നാൽ പിതാവിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടുന്നില്ലെന്നാണ് തൃണമൂൽ നേതാവ് കൂടിയായ സുഭർഗ്ഷുവിന്റെ പരാതി. തിങ്കളാഴ്ച പിതാവും മകനും തമ്മിൽ വഴക്കുണ്ടായെന്നാണ് ബന്ധുക്കളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭാര്യയുടെ മരണശേഷം ശാരീരിക ബുദ്ധിമുട്ടുകളുണ്ടായ മുകള്‍ റോയിയെ ഫെബ്രുവരിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മുൻ റെയിൽവേ മന്ത്രിയായിരുന്ന മുകുൾ റോയി കഴിഞ്ഞ ഒന്നര വർഷമായി സജീവ രാഷ്ട്രീയത്തിലില്ല. തൃണമൂലിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിക്ക് പാർട്ടിയിൽ ലഭിക്കുന്ന അമിത പ്രാധാന്യത്തിൽ പ്രതിഷേധിച്ച് ബിജെപിയിൽ ചേർന്നു. 2017ൽ ബിജെപി വിട്ട മുകുൾ റോയി 2021ൽ തൃണമൂലിൽ തിരിച്ചെത്തി.

English Summary: Where is Mukul Roy? Son says TMC leader is 'untraceable'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com