ADVERTISEMENT

കൊൽക്കത്ത∙ മുതിര്‍ന്ന തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മുകുൾ റോയ് വീണ്ടും ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. താൻ ഇപ്പോഴും ബിജെപി നിയമസഭാംഗമാണെന്നും പാർട്ടിയിലേക്ക് മടങ്ങാൻ താൽപ്പര്യമുള്ളതിനാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘‘ഞാനൊരു ബിജെപി നിയമസഭാംഗമാണ്. എനിക്ക് ബിജെപിക്കൊപ്പം നിൽക്കണം. അമിത് ഷായെ കാണാനും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുമായി സംസാരിക്കാനും ആഗ്രഹമുണ്ട്’’–  ഒരു ബംഗാളി വാർത്താ ചാനലിനോട് അദ്ദേഹം പറഞ്ഞു. താൻ ഒരിക്കലും തൃണമൂൽ കോൺഗ്രസുമായി പൊരുത്തപ്പെടില്ലെന്ന് 100 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്‌ച വൈകിട്ട് മുകുൾ റോയിയെ ‘കാണാനില്ലെന്ന’ പരാതിയുമായി കുടുംബാംഗങ്ങൾ രംഗത്തെത്തിയതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ചൊവ്വാഴ്ച രാത്രി ഡൽഹിയിലെത്തിയ അദ്ദേഹം ഡൽഹി യാത്രയ്ക്ക് ‘പ്രത്യേക അജണ്ടയില്ലെ’ന്നു വ്യക്തമാക്കിയിരുന്നു. ‘‘ഞാൻ ഡൽഹിയിൽ എത്തി. പ്രത്യേക അജണ്ട ഒന്നുമില്ല. ഞാൻ എംപിയായിരുന്നു. എനിക്ക് ഡൽഹിയിൽ വരാൻ പറ്റില്ലേ?. നേരത്തെ ഞാൻ സ്ഥിരമായി ഡൽഹിയിൽ വരുമായിരുന്നു’’– അദ്ദേഹം പറഞ്ഞു. 

തുടർന്ന് ബംഗാളി വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബിജെപിയിൽ നിൽക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയത്. മകൻ ശുഭരാംഘ്‌സുവിനെ കുറിച്ചുള്ള ചോദ്യത്തിന്, മകൻ ബിജെപിയിൽ ചേരണമെന്നും അതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാവുകൂടിയായ മുകുൾ റോയ് 2017ൽ ബിജെപിയിലേക്ക് മാറിയിരുന്നു. 2020ൽ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായി. 2021ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി വിജയിച്ചു. എന്നാൽ, എംഎൽഎ സ്ഥാനം രാജിവയ്ക്കാതെ തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി.

English Summary: Senior Trinamool Leader Mukul Roy Expresses Desire To Join BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com