ADVERTISEMENT

തിരുവനന്തപുരം∙ രാജ്യം നേരിടുന്ന ഗുരുതരമായ വിഷയങ്ങൾ ഉയർത്തി പ്രധാനമന്ത്രിയോടു നൂറ് ചോദ്യങ്ങൾ ചോദിച്ച ഡിവൈഎഫ്ഐയെ അവഹേളിക്കാനാണ്, വഷളൻ പ്രസ്താവനകൾ ഇറക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. ഡിവൈഎഫ്ഐ നടത്തുന്ന ഹൃദയപൂർവം ഭക്ഷണ വിതരണ പരിപാടിയെ തീറ്റ മത്സരം എന്നു വിളിച്ച് പരിഹസിച്ച സുരേന്ദ്രന്റെ വാക്കുകൾ, സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് സനോജ് പറഞ്ഞു.

സ്വന്തം മകനെ കുഴൽപ്പണം കടത്താൻ ഉപയോഗിക്കുകയും പിൻവാതിൽ വഴി കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അനധികൃത നിയമനങ്ങൾ സമ്പാദിച്ചു നൽകുകയും ചെയ്ത സുരേന്ദ്രൻ ഡിവൈഎഫ്ഐയെ സമരം ചെയ്യാൻ ഉപദേശിക്കേണ്ടെന്നും സനോജ് വ്യക്തമാക്കി.

സനോജ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ്

രാജ്യം നേരിടുന്ന ഗുരുതരമായ വിഷയങ്ങൾ ഉയർത്തി പ്രധാനമന്ത്രിയോട് നൂറു ചോദ്യങ്ങൾ ചോദിച്ച ഡിവൈഎഫ്ഐയെ അവഹേളിക്കാനാണ് വഷളൻ പ്രസ്ഥാവനകൾ ഇറക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ശ്രമിക്കുന്നത്. കേരളത്തിലെ ആശുപത്രികളിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടക്കുന്ന ഹൃദയപൂർവം ഭക്ഷണ വിതരണ പരിപാടിയെ തീറ്റ മത്സരം എന്നാണ് സുരേന്ദ്രൻ വിശേഷിപ്പിച്ചത്. ജാതിമത രാഷ്ട്രീയ ഭേദമെന്യേ ലക്ഷക്കണക്കിന് സാധാരണക്കാരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് ആശ്വാസമാണ്. കെ.സുരേന്ദ്രന്റെ അവഹേളനം ഈ സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്.

രാജ്യത്ത് ബിജെപി ജനങ്ങളുടെ ഭക്ഷണം മുടക്കി ആഗോള പട്ടിണി സൂചികയിൽ നൂറ്റിയേഴാം സ്ഥാനത്ത് എത്തിച്ചു. എന്നാൽ ഡിവൈഎഫ്ഐ ജനങ്ങൾക്കു ഭക്ഷണം വിതരണം ചെയ്യുന്നു. സ്വന്തം മകനെ കുഴൽപ്പണം കടത്താൻ ഉപയോഗിക്കുകയും പിൻവാതിൽ വഴി കേന്ദ്ര ഗവൺമെന്റ് സ്ഥാപനത്തിൽ അനധികൃത നിയമനം സമ്പാദിക്കുകയും ചെയ്ത സുരേന്ദ്രൻ, ഡിവൈഎഫ്ഐയെ സമരം ചെയ്യാൻ ഉപദേശിക്കേണ്ട.

കേരളത്തിൽ പ്രധാനമന്ത്രി എത്തുമ്പോൾ ഇന്ത്യയിലെ രൂക്ഷമായ തൊഴിലില്ലായ്മയ്ക്കെതിരെയും റെയിൽവേയിലെ ഒഴിവുകൾ നികത്താത്തതിനെതിരെയും തിരുവനന്തപുരം വിമാനത്താവളം വിൽപന നടത്തിയതിനെതിരെയും ബിഎസ്എൻഎൽ തകർത്തതിനെതിരെയും കരാർവത്ക്കരണത്തിനെതിരെയും ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സമരം ചെയ്യാൻ യുവമോർച്ചയെ ഉപദേശിക്കുകയാണ് കെ.സുരേന്ദ്രൻ ചെയ്യേണ്ടത്.

English Summary: VK Sanoj slams K Surendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com