ചെന്നൈ ∙ തിരഞ്ഞെടുപ്പ് സ്ക്രീനിൽ പുത്തൻപടത്തിന്റെ റിലീസിന് ഒരുങ്ങുകയാണോ നടൻ വിജയ്? അതേയെന്ന തരത്തിലാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി, നടൻ വിജയ്‌യുടെ രാഷ്ട്രീയപ്രവേശന സാധ്യത വിലയിരുത്താൻ വോട്ടർമാർക്കിടയിൽ സർവേ തുടങ്ങിയെന്നാണു റിപ്പോർട്ട്.
വിജയ് ഫാൻ അസോസിയേഷനും സാമൂഹിക സേവന സംഘടനയായ ‘വിജയ് മക്കൾ ഇയക്ക’വുമാണു സർവേ നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബൂത്ത് തലത്തിലാണ് സർവേ. അതത് സ്ഥലത്തെ രാഷ്ട്രീയ സാഹചര്യം, നേരിടുന്ന പ്രശ്നങ്ങൾ, പ്രധാനപ്പെട്ട വ്യക്തികളും അവരുടെ തൊഴിലും, ബൂത്തിലെ വാർഡുകളുടെ എണ്ണം, കഴിഞ്ഞ 5 വർഷം തിരഞ്ഞെടുപ്പിൽ ജയിച്ചവരുടെ വിവരങ്ങൾ എന്നിവയാണ് ശേഖരിക്കുന്നത്.
തമിഴ്നാട്ടിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് വിജയ്‌യുടെ പേരിലുള്ള സർവേ എന്നതു ശ്രദ്ധേയമാണ്. കൂടുതൽ ആളുകളെ ചേർത്ത് ആരാധക സംഘടനയെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാനുള്ള സാധ്യത തേടുകയാണ് വിജയ് മക്കൾ ഇയക്കം. ഇതിനായി സംഘടന ജനറൽ സെക്രട്ടറി ബുസ് ആനന്ദിന്റെ നേതൃത്വത്തിൽ ഏപ്രിൽ 15 മുതല്‍ ജില്ലാ യോഗങ്ങൾ ആരംഭിച്ചിട്ടുണ്ട്.
സന്നദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ടെങ്കിലും മറ്റ് ആഘോഷങ്ങളൊന്നും ഉണ്ടാകാറില്ല. എന്നാൽ ഇത്തവണ, അംബേദ്കർ ജയന്തി ആഘോഷിക്കുകയും റമസാൻ മാസത്തിൽ ഇഫ്താർ വിരുന്ന് നടത്തുകയും ചെയ്തു. സർവേഫലം പരിശോധിച്ച് വ്യക്തമായ ധാരണയോടെ മാത്രമേ വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ളൂയെന്ന് രാഷ്ട്രീയ നിരീക്ഷകനായ സുമന്ത് സി.രമൻ തമിഴ് മാധ്യമങ്ങളോടു പറഞ്ഞു.
English Summary: Survey creates buzz on Vijay’s political plunge