ADVERTISEMENT

ഹൈദരാബാദ് ∙ പൊലീസുകാരെ മർദിച്ചെന്ന് ആരോപിച്ച് വൈഎസ്ആർ തെലങ്കാന പാർട്ടി നേതാവ് വൈ.എസ്.ശർമിളയെ അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയാണു ശർമിള. തെലങ്കാന പിഎസ്‍സിയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) ഓഫിസിൽ പോയി കാണുന്നതിന് വീട്ടിൽനിന്ന് ഇറങ്ങിയപ്പോൾ പൊലീസ് തടഞ്ഞതോടെയാണു പ്രശ്നങ്ങൾ തുടങ്ങിയത്.

എസ്ഐടി ഓഫിസിലേക്കുള്ള യാത്ര വനിതാ പൊലീസ് ഉൾപ്പെടെയുള്ളവർ തടഞ്ഞതു ശർമിളയ്ക്ക് ഇഷ്ടപ്പെട്ടില്ല. കാറിനു മുന്നിൽ പൊലീസുകാർ നിരന്നുനിന്നാണ് തടഞ്ഞത്. കുറച്ചുദൂരം പൊലീസുകാരെ തള്ളിമാറ്റി പതിയെ ഓടിച്ചു പോയെങ്കിലും മുന്നോട്ടെടുക്കാൻ സാധിക്കാതിരുന്നതോടെ കാർ നിർത്തി ശർമിള പുറത്തിറങ്ങി. കാറിൽ കയറുന്നതു തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ശർമിള അടിക്കുകയും തള്ളിമാറ്റുകയും ചെയ്തു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന്റെ വിഡിയോ വാർത്താഏജൻസി എഎൻഐ പുറത്തുവിട്ടു.

ആരെയും കൂസാതെ മുന്നോട്ടു നടക്കുമ്പോൾ തന്റെ കൈ പിടിച്ചു തടയാൻ ശ്രമിച്ച വനിതാ പൊലീസിനെ ഇവർ അടിക്കുന്ന വിഡിയോയും പുറത്തുവന്നു. സംഘർഷാവസ്ഥ കൈകാര്യം ചെയ്യാൻ കൂടുതൽ പൊലീസ് എത്തിയതോടെ ശർമിള റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് ശർമിളയെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിൽ കൊണ്ടുപോയി. ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ തെലങ്കാനയിൽ വ്യാപക പ്രതിഷേധമാണു നടക്കുന്നത്. സംഭവത്തിൽ 11 പേരെ അറസ്റ്റ് ചെയ്തു. തെലങ്കാനയിൽ രാഷ്ട്രീയാടിത്തറ വിപുലപ്പെടുത്താനുള്ള ലക്ഷ്യത്തിൽ കെ.ചന്ദ്രശേഖർ റാവു സർക്കാരിനെതിരെ നിരന്തര സമരത്തിലാണു ശർമിള.

English Summary: Video: Telangana Politician YS Sharmila Slaps Cops At Paper Leak Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com