മെഡിസെപ്പിന് മൊബൈൽ ആപ്; ഇതുവരെ നൽകിയത് 592 കോടിയുടെ ചികിത്സാസഹായം

Mail This Article
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരും പെൻഷൻകാരും ആശ്രിതരും ഉൾപ്പെടെ 30 ലക്ഷത്തോളം ഗുണഭോക്താക്കൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ‘മെഡിസെപ്’ മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം തിങ്കളാഴ്ച. വൈകിട്ട് 6ന് തിരുവനന്തപുരം ഐഎംജിയിലെ ‘പദ്മം’ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി പദ്ധതിയുടെ വിശദാംശങ്ങൾ ഗുണഭോക്താക്കളുടെ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് മൊബൈൽ ആപ്ലിക്കേഷൻ കൊണ്ടുവരുന്നത്.
ഇതിനുമുൻപ് മെഡിസെപ് വെബ് പോർട്ടൽ ആരംഭിക്കുകയും ഹാൻഡ് ബുക്ക് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് മൊബൈൽ ആപ്. ധനമന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പദ്ധതിയുമായി സഹകരിച്ച സംസ്ഥാനത്തെ ആശുപത്രികളിൽ മികച്ച സേവന ദാതാക്കളായ സർക്കാർ/സ്വകാര്യ/ സഹകരണ/സ്വയംഭരണ മേഖലയിലെ ആശുപത്രികൾക്കും പദ്ധതി നടപ്പിലാക്കുന്ന ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കും പദ്ധതിയുടെ ജില്ലാതല പരാതിപരിഹാര സംവിധാനത്തിന്റെ ഭാഗമായി മികച്ചസേവനം കാഴ്ചവച്ച ഉദ്യോഗസ്ഥർക്കുമുള്ള അഭിനന്ദനപത്രം വിതരണം ചെയ്യും.
ഗതാഗതമന്ത്രി ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, തിരുവനന്തപുരം എംപി ശശി തരൂർ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ സിഎംഡി എന്നിവരും പങ്കെടുക്കും. പദ്ധതി ആരംഭിച്ച് പത്തുമാസ കാലയളവിനുള്ളിൽ ഏകദേശം 592 കോടിയോളം രൂപയുടെ ചികിത്സാ പരിരക്ഷ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുവാൻ കഴിഞ്ഞെന്നു സർക്കാർ അവകാശപ്പെട്ടു. ആകെ 2,20,860 ക്ലെയിമുകളിലായി 591,42,70,739 രൂപയുടെ പരിരക്ഷയാണ് അംഗീകരിച്ചത്. ഇതിൽ സർക്കാർ മേഖലയിലെ ക്ലെയിമുകൾ 18,153 എണ്ണവും അംഗീകരിച്ച തുക 39,52,04,198 രൂപയുമാണ്. സ്വകാര്യമേഖലയിൽ 202,707 ക്ലെയിമുകളിലായി 551,90,66,541 രൂപ അംഗീകരിച്ചു. ഗുരുതര രോഗങ്ങൾക്കുള്ള പാക്കേജ് വിഭാഗത്തിൽ 1853 ക്ലെയിമുകളിലായി 38,18,06,928 രൂപയാണ് അംഗീകരിച്ചത്.
English Summary: Mobile App of Medisep Insurance Scheme