ADVERTISEMENT

ലോകജനസംഖ്യയിൽ പകുതിയിലേറെയും (56.2%) വസിക്കുന്നത് നഗരങ്ങളിൽ. 2030 ൽ ഇത് 70 ശതമാനമാകുമെന്നാണ് വിലയിരുത്തൽ. മഹാനഗരങ്ങളിലേക്ക് ചേക്കേറുക എന്നത് ആധുനിക കാലത്ത് മനുഷ്യരിൽ ഭൂരിഭാഗവും പിന്തുടരുന്ന ശീലവും. ഒരു കോടിയിൽ അധികം പേർ തിങ്ങിപ്പാർക്കുന്ന നഗരങ്ങളെയാണ് മഹാനഗരങ്ങളെന്നു വിശേഷിപ്പിക്കുന്നത്. ജനസംഖ്യാടിസ്ഥാനത്തിലെ ലോകത്തെ മഹാനഗരങ്ങളിലെ ആദ്യ പത്തിൽ ഇന്ത്യൻ തലസ്ഥാനമായ ഡൽഹി രണ്ടാമതുണ്ട്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഒൻപതാമതും. നിലവിൽ മഹാനഗരങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന 31 നഗരങ്ങളാണ് ഉള്ളത്. 2030ൽ ഇവയുടെ എണ്ണം 41 ആയി വർധിക്കുമെന്നാണ് പ്രവചനം.

ജനസംഖ്യാടിസ്ഥാനത്തിൽ നോക്കുമ്പോൾ ജപ്പാനിലെ ടോക്കിയോ ആണ് ലോകത്തെ ഏറ്റവും വലിയ നഗരം. 3.71 കോടി ജനങ്ങളാണ് ഈ നഗരത്തിൽ താമസിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഡൽഹിയിൽ 3.29 കോടി ജനം വസിക്കുന്നു. മൂന്നാം സ്ഥാനം ചൈനയിലെ ഷാങ്ഹായ്ക്കും നാലാം സ്ഥാനം ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയ്ക്കുമാണ്. ബ്രസീലിലെ സാവോ പോളോ ഈ പട്ടികയിൽ അഞ്ചാമതുണ്ട്. 2.12 കോടി ജനവുമായി മുംബൈ ഒൻപതാം സ്ഥാനത്താണ്.

ഏറ്റവും കൂടുതൽ ജനമുള്ള ലോകത്തെ 5 നഗരങ്ങളിലെയും മുംബൈയിലെയും ജനസംഖ്യാ വർധന ഇങ്ങനെ

ലോകത്തെ അഞ്ചു വൻനഗരങ്ങൾ

ടോക്കിയോ നഗരത്തിലെ ഹരാജുകു മേഖലയിലെ താകെഷിത തെരുവിന്റെ ദൃശ്യം (2022 ഒക്ടോബർ 10ലെ ചിത്രം). (Photo by Richard A. Brooks / AFP)
ടോക്കിയോ നഗരത്തിലെ ഹരാജുകു മേഖലയിലെ താകെഷിത തെരുവിന്റെ ദൃശ്യം (2022 ഒക്ടോബർ 10ലെ ചിത്രം). (Photo by Richard A. Brooks / AFP)

1. ടോക്കിയോ

ഏഷ്യയിലെ ഏറ്റവും വമ്പൻ നഗരങ്ങളിൽ ഒന്നുകൂടിയാണ് ടോക്കിയോ. ജപ്പാനിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ നഗരം. ടോക്കിയോയുടെ ആദ്യത്തെ പേര് എഡോ എന്നതായിരുന്നു. 1720കളിലാണ് രൂപംകൊണ്ടത്. ചെറിയ നഗരമായി രൂപംകൊണ്ട ടോക്കിയോ 10 ലക്ഷം ജനത്തെ ഉൾക്കൊള്ളുന്ന ഏഷ്യയിലെ ആദ്യ നഗരം കൂടിയാണ്. 1868ലാണ് ടോക്കിയോ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്. പിന്നീടിങ്ങോട്ട് ജനസംഖ്യയുടെ കാര്യത്തിലും വളർച്ചയുടെ കാര്യത്തിലും അതിവേഗം ബഹുദൂരം മുന്നോട്ടുപോയി. 1900ൽ നഗരത്തിലെ ജനസംഖ്യ 20 ലക്ഷത്തിലെത്തി. 1940 ആയപ്പോഴേക്കും 70 ലക്ഷവും. സ്ഥലപരിമിതി മറികടക്കാൻ 1998 മുതൽ ടോക്കിയോയിലെ റെസിഡൻഷ്യൻ കെട്ടിടങ്ങൾക്കെല്ലാം കുറഞ്ഞത് ആറു നിലകളെങ്കിലും ഉള്ളത് പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. അടുത്തകാലത്തായി ടോക്കിയോയിലെ ജനസംഖ്യയിൽ കുറവുണ്ടാകുന്നുണ്ട്. ജനബാഹുല്യം കുറയ്ക്കാനും മറ്റുപ്രദേശങ്ങളിലേക്ക് ജനത്തെ ആകർഷിക്കാനുമായി ടോക്കിയോയുടെ പുറത്തേക്ക് മാറ്റുന്ന കമ്പനികൾക്ക് നികുതി ഇളവുകൾ ജപ്പാൻ നൽകുന്നതാണ് ഇതിനു കാരണമായി പറയുന്നത്. നിലവിൽ 3,71,94,000 ആണ് ജനസംഖ്യ.

2. ഡൽഹി

ഇന്ത്യയുടെ തലസ്ഥാനത്തേക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി കൂടുതൽപ്പേർ എത്തിയതാണ് ഗ്രാമപ്രദേശങ്ങളെയും ഒഴിഞ്ഞുകിടന്ന സ്ഥലങ്ങളെയും വരെ നഗരവത്കരിച്ചത്. 1991 – 2011 വരെയുള്ള കാലഘട്ടത്തിൽ ഡൽഹി നഗരത്തിന്റെ വലിപ്പം ഇരട്ടിയായി. നഗരവത്കരണം രൂക്ഷമായതോടെ ഗ്രാമങ്ങളിൽ ജീവിക്കുന്നവരുടെ എണ്ണം കുറ‍ഞ്ഞു. ഗ്രാമങ്ങളുടെ വലിപ്പവും. 2028ൽ ഡൽഹിയുടെ ജനസംഖ്യ ടോക്കിയോയെ മറികടക്കുമെന്നാണ് സൂചന. നിലവിൽ 3,29,41,000 ആണ് ജനസംഖ്യ. 

ഷാങ്ഹായ് നഗരത്തിൽനിന്നുള്ള കാഴ്ച (2011 ജൂലൈ 30ന് എടുത്ത ചിത്രം). (Photo by MARK RALSTON / AFP)
ഷാങ്ഹായ് നഗരത്തിൽനിന്നുള്ള കാഴ്ച (2011 ജൂലൈ 30ന് എടുത്ത ചിത്രം). (Photo by MARK RALSTON / AFP)

3. ഷാങ്ഹായ്

ചൈനയുടെ വാണിജ്യ പവര്‍ഹൗസ് എന്നാണ് ലോകത്തെ ഏറ്റവും വലിയ തുറമുഖനഗരങ്ങളിൽ ഒന്നു കൂടിയായ ഷാങ്ഹായ് അറിയപ്പെടുന്നത്. തുറമുഖത്തിന്റെ സാമീപ്യം കൊണ്ട് ആഭ്യന്തര, രാജ്യാന്തര വ്യാപാരത്തിൽ മികവുണ്ടാക്കാൻ ഷാങ്ഹായ്ക്ക് കഴിഞ്ഞു. 19ാം നൂറ്റാണ്ടിലാണ് ഷാങ്ഹായ് പ്രമുഖനഗരങ്ങളുടെ പട്ടികയിലേക്ക് ഉയർന്നത്. നിലവിൽ 2,92,11,000 ആണ് ജനസംഖ്യ.

ധാക്കയിലെ ചേരിപ്രദേശങ്ങളിലൊന്നിന്റെ കാഴ്ച (2009 ഡിസംബർ 9ലെ ചിത്രം). (Photo by MUNIR UZ ZAMAN / AFP)
ധാക്കയിലെ ചേരിപ്രദേശങ്ങളിലൊന്നിന്റെ കാഴ്ച (2009 ഡിസംബർ 9ലെ ചിത്രം). (Photo by MUNIR UZ ZAMAN / AFP)

4. ധാക്ക

ബംഗ്ലദേശിന്റെ തലസ്ഥാനമായ ധാക്കയിൽ 2017ൽ 44,500 പേരായിരുന്നു ഒരു ചതുരശ്ര കിലോമീറ്ററിൽ താമസിച്ചിരുന്നത്. ഏറ്റവും ജനസാന്ദ്രതയേറിയ നഗരങ്ങളിൽ ഒന്നായിരുന്നു ഇത്. പട്ടികയിൽ ഏഴാം സ്ഥാനത്തായിരുന്ന ധാക്ക നേരെ നാലാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. വ്യാപാരവും തുണിവ്യവസായത്തിന്റെ വളർച്ചയും കാരണം ബംഗ്ലദേശിന്റെ വ്യവസായ, വാണിജ്യ ഹബ് ആയാണ് ഈ നഗരം അറിയപ്പെടുന്നത്. നിലവിൽ 2,32,10,000 ആണ് ജനസംഖ്യ. 

ലോക ജനസംഖ്യ 700 കോടിയായ ദിവസം സാവോ പോളോയിൽ ജനിച്ച കുഞ്ഞ് മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിൽ (2011 ഒക്ടോബർ 31ലെ ചിത്രം). (Photo by YASUYOSHI CHIBA / AFP)
ലോക ജനസംഖ്യ 700 കോടിയായ ദിവസം സാവോ പോളോയിൽ ജനിച്ച കുഞ്ഞ് മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിൽ (2011 ഒക്ടോബർ 31ലെ ചിത്രം). (Photo by YASUYOSHI CHIBA / AFP)

5. സാവോ പോളോ

ബ്രസീലിലെ 110 നഗരപ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ ജനം വസിക്കുന്ന നഗരമാണ് സാവോ പോളോ. ഭൂമിയുടെ ദക്ഷിണാർധ ഭാഗത്തിലെ ഏറ്റവും വലിയ നഗരമായ സാവോ പോളോയ്ക്ക് വാണിജ്യ, വ്യവസായ കേന്ദ്രമെന്ന ഖ്യാതിയുമുണ്ട്. നിലവിൽ 2,26,20,000 ആണ് ജനസംഖ്യ.

ജനസംഖ്യാടിസ്ഥാനത്തിൽ ലോകത്തെ 20 വലിയ നഗരങ്ങൾ ഏതൊക്കെ?

English Summary: World's largest cities by population - Data story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com