ADVERTISEMENT

തിരുവനന്തപുരം∙ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു തീവച്ചതുമായി ബന്ധപ്പെട്ട കേസിൽ ബിജെപി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ വി.ജി.ഗിരികുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നിൽ സിപിഎം നേതൃത്വത്തിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി. 2018 ഒക്ടോബറിൽ നടന്ന സംഭവത്തിന്, നാലര വർഷം രണ്ട് അസിസ്റ്റന്റ് കമ്മിഷണർമാരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിട്ടും തുമ്പ് ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്നു ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടി. ബിജെപി നേതാക്കൾക്കെതിരെ കള്ളക്കേസ് ചുമത്തി യഥാർഥ പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നും ബിജെപി ആരോപിച്ചു. 

‘‘കേസിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തെളിവുകളും പ്രാഥമിക ഘട്ടത്തിൽത്തന്നെ നശിപ്പിച്ചിരുന്നു. ബിജെപി നേതാക്കൾക്കെതിരെ കള്ളക്കേസ് ചുമത്തി യഥാർഥ പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണ്. ഗിരികുമാറിനെ കേസുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവു പോലും ക്രൈംബ്രാഞ്ച് സംഘത്തിനു ലഭിച്ചിട്ടില്ല. സിപിഎമ്മിന്റെ ആജ്ഞാനുവർത്തികളായാണ് ക്രൈംബ്രാഞ്ച് പ്രവർത്തിച്ചത്. ലഭ്യമായ തെളിവുകൾ പോലും പരിശോധനയ്ക്കു വിധേയമാക്കാതെ യഥാർഥ പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്’’ – ബിജെപി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

‘‘തിരുവനന്തപുരം നഗരസഭയിലെ സിപിഎമ്മിന്റെ അഴിമതികൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചയാളാണ് ഗിരികുമാർ. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ പട്ടികജാതി ഫണ്ട് തട്ടിപ്പ് ഉൾപ്പെടെ പുറത്തുകൊണ്ടുവന്നത് ഗിരികുമാറാണ്. ഈ രാഷ്ട്രീയ വൈരാഗ്യമാണ് അറസ്റ്റിനു പിന്നിൽ. സന്ദീപാനന്ദഗിരിയും സിപിഎം നേതൃത്വവുമാണ് ആശ്രമം കത്തിക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചത്. സത്യസന്ധമായ അന്വേഷണം നടന്നാൽ ഇതു പുറത്തുവരും. ബിജെപി നേതാക്കൾക്കെതിരെ കള്ളക്കേസ് ചുമത്തി ബിജെപിയെ ദുർബലപ്പെടുത്താമെന്നത് ഇടതു സർക്കാരിന്റെ വ്യാമോഹമാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ പാർട്ടി സംഘടിപ്പിക്കും.’ – ബിജെപി അറിയിച്ചു.

English Summary: Arrest of BJP councillor in arson at Swami Sandeepananda Giri ashram in 2018 is CPM plan, says BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com